- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നേമത്ത് യുഡിഎഫ് വോട്ട് ഇത്തവണ ബിജെപിക്ക് മറിഞ്ഞില്ല; വി ശിവൻകുട്ടിയിലൂടെ മണ്ഡലം തിരിച്ചുപിടിക്കുമെന്ന് സിപിഎം വിലയിരുത്തൽ; തലസ്ഥാന ജില്ലയിൽ 11 സീറ്റ് വരെ ലഭിച്ചേക്കുമെന്ന് പ്രതീക്ഷ
തിരുവനന്തപുരം: കേരളത്തിലെ ഗുജറാത്ത് ബിജെപിക്ക് കൈമോശം വരുമെന്ന സിപിഎമ്മിന്റെ 'കണക്കുകൂട്ടൽ'. ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുമെന്ന സിപിഎം നേതാക്കളുടെ വാക്ക് പാലിക്കപ്പെട്ടുകൊണ്ട് ശക്തമായ ത്രികോണ മത്സരം നടന്ന നേമത്ത് വി ശിവൻകുട്ടി തന്നെ ജയിച്ചു കയറുമെന്നാണ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ.
കെ മുരളീധരനെ നേമത്ത് കോൺഗ്രസ് രംഗത്തിറക്കിയതോടെ യുഡിഎഫ് വോട്ട് ബിജെപിക്ക് പോകാതിരുന്നത് തങ്ങളെ തുണയ്ക്കുമെന്നാണ് എൽഡിഎഫ് അനുമാനം. 2016ൽ 8671 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഒ രാജഗോപാൽ നേമത്ത് നിന്ന് നിയമസഭയിലെത്തിയത്. ബിജെപി 67,813 വോട്ടുകളും സിപിഎം സ്ഥാനാർത്ഥിയായിരുന്ന വി ശിവൻകുട്ടി 59,142 വോട്ടുകളും നേടി. യുഡിഎഫ് സ്ഥാനാർത്ഥിയായി നിന്ന് ജെഡിയുവിന്റെ വി സുരേന്ദ്രൻ പിള്ളയ്ക്ക് 13,860 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
ഒ രാജഗോപാലിന്റെ വ്യക്തിപ്രഭാവം, 2008 മണ്ഡലപുനർനിർണ്ണയം, മണ്ഡലം ജെഡിയുവിന് വിട്ടുകൊടുത്ത കോൺഗ്രസ് തീരുമാനം എന്നിങ്ങനെ വിവിധ കാരണങ്ങളാണ് ബിജെപിയുടെ അട്ടിമറി വിജയത്തിനു സഹായിച്ചതെന്ന് പിന്നീട് നിരീക്ഷിക്കപ്പെട്ടു. ദുർബല സ്ഥാനാർത്ഥിയെ നിർത്തിയതുകൊണ്ടാണ് കഴിഞ്ഞ തവണ യുഡിഎഫ് തോറ്റ് ബിജെപി ജയിച്ചതെന്ന് നേമത്ത് മത്സരിക്കാനെത്തിയപ്പോൾ തന്നെ കെ മുരളീധരൻ പ്രസ്താവിച്ചിരുന്നു.
ഇത്തവണ തദ്ദേശതെരഞ്ഞെടുപ്പിൽ മണ്ഡലത്തിലുണ്ടായ തിരിച്ചടി ബിജെപിക്ക് അത്ര ഗുണകരമല്ലാത്ത സൂചനയാണ് നൽകിയത്. 2016-ലെ 8621 ഭൂരിപക്ഷത്തിൽ നിന്ന് 2204 വോട്ടുകളിലേക്ക് ഉണ്ടായ ഇടിവ് വിജയസാധ്യതയെ ബാധിക്കുമെന്ന് ബിജെപിക്ക് ആശങ്കയുണ്ടായിരുന്നു.
രാജഗോപാലിനെ 2016-ൽ തുണച്ച ഘടകങ്ങൾ ഇത്തവണ കുമ്മനത്തിനൊപ്പം കാണുമോ എന്ന് സംശയമാണ്. രാജഗോപാലിന് നേമത്തുള്ള ജനസമ്മതിയും അദ്ദേഹത്തിന്റെ തുടർച്ചയായുള്ള തോൽവികൾ ജനങ്ങളിലുണ്ടാക്കിയ അനുകമ്പയുമായിരുന്നു 2016-ലെ അദ്ദേഹത്തിന്റെ വിജയത്തിൽ എടുത്തുകാട്ടപ്പെട്ടിരുന്ന പ്രധാനഘടകങ്ങൾ.
കേന്ദ്രമന്ത്രിയായിരുന്നപ്പോൾ ഒ രാജഗോപാൽ പ്രകടിപ്പിച്ച മികവും അദ്ദേഹത്തിന്റെ വിജയത്തിൽ സുപ്രധാന പങ്ക് വഹിച്ചിരുന്നു. എന്നാലതൊന്നും ഇത്തവണ കുമ്മനം 'രാജേട്ടന്' നേമത്ത് നിന്ന് ലഭിക്കാനിടയില്ലെന്നും നിരീക്ഷണങ്ങളുണ്ട്.
തലസ്ഥാന ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിൽ 11 സീറ്റ് വരെ നേടാനായേക്കുമെന്നാണ് സിപിഎം നേതൃത്വത്തിന്റെ പ്രതീക്ഷ. ജില്ലയിൽ ആധിപത്യം തുടരാനാകുമെന്നും എല്ലാ നിയമസഭാ മണ്ഡലങ്ങളിലും മികച്ച രീതിയിൽ പ്രചരണം നടത്തിയെന്നും സിപിഎം വിലയിരുത്തി.
യുഡിഎഫിന്റെ സിറ്റിങ്ങ് സീറ്റുകളായ തിരുവനന്തപുരം, കോവളം, അരുവിക്കര എന്നീ സീറ്റുകളിലാണ് ആത്മവിശ്വാസക്കുറവുള്ളത്. നേമം, കഴക്കൂട്ടം, കാട്ടാക്കട എന്നിവിടങ്ങളിൽ ബിജെപി ശക്തമായ മത്സരം കാഴ്‌ച്ചവെച്ചെന്നും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് നിരീക്ഷിച്ചു.