- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേരിട്ട് കോടതിയിൽ പോകാൻ പേടി: മറുനാടനെതിരേ പ്രസ് കൗൺസിലിനെ സമീപിക്കാനുറച്ച് സിപിഎം അടൂർ ഏരിയാ സെക്രട്ടറി മനോജ്: തുടർച്ചയായി വരുന്ന വാർത്തകൾ പാർട്ടിക്കും തനിക്കും നാണക്കേടുണ്ടാക്കുവെന്ന്: കൗൺസിലിനെ സമീപിക്കുന്നത് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ: ചൊടിപ്പിച്ചത് ജോയലിന്റെ കൊലപാതകം അടക്കമുള്ള വാർത്തകൾ
തിരുവനന്തപുരം: സിപിഎം അടൂർ ഏരിയാ സെക്രട്ടറി അഡ്വ. എസ്. മനോജ് മറുനാടനെതിരേ പ്രസ് കൗൺസിലിനെ സമീപിക്കുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് വേറിട്ട നീക്കം. കോടതിയെ സമീപിച്ചാൽ പണി കിട്ടുമെന്ന് മനസിലാക്കിയാണ് മറ്റു വഴികൾ തേടുന്നത്.
ക്രിമിനൽ കേസ് പ്രതിയായിരുന്നിട്ടും പിൻവാതിലിലൂടെ പാസ്പോർട്ട് സംഘടിപ്പിച്ച് മനോജ് വിദേശത്ത് പോയത് അടക്കമുള്ള വാർത്തകൾ മറുനാടൻ പുറത്തു കൊണ്ടു വന്നിരുന്നു. മനോജിന് വേണ്ടി വേരിഫിക്കേഷൻ നടത്തി ക്ലീൻചിറ്റ് നൽകിയ ഏനാത്ത് സ്റ്റേഷനിലെ പൊലീസുകാരൻ ബിജുവിനെതിരേ നടപടി വന്നു എന്നതൊഴിച്ചാൽ പാസ്പോർട്ടിന് ഒന്നും സംഭവിച്ചില്ല. ഇപ്പോഴും ഈ പാസ്പോർട്ടുമായി ഇയാൾ വിദേശയാത്രകൾ ചെയ്യുകയാണ്. നിയമവിരുദ്ധമായി മനോജ് പാസ്പോർട്ട് കൈവശം വച്ചിരിക്കുന്നതിനെതിരേ പാസ്പോർട്ട് ഓഫീസും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
പിബി ഹർഷകുമാറിന്റെ ഒഴിവിൽ, പാർട്ടിയിലെ ഗ്രൂപ്പിസത്തിന്റെ ഭാഗമായി സിപിഎം ഏരിയാ സെക്രട്ടറി സ്ഥാനം വീണു കിട്ടിയ ആളാണ് മനോജ്. കോൺഗ്രസ് പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും മനോജിനെ രംഗത്തുകൊണ്ടു വന്നത് മുൻ എംഎൽഎ ഉണ്ണികൃഷ്ണപിള്ളയാണ്. വളർച്ച പെട്ടെന്നായിരുന്നു. ഏരിയാ സെക്രട്ടറിയതിന് ശേഷം മനോജിന്റെ നേതൃത്വത്തിൽ നടന്ന അഴിമതികൾ ഒന്നൊഴിയാതെ മറുനാടൻ വാർത്തയാക്കി.
മനോജിന്റെ സകല രഹസ്യവും അറിയാവുന്ന ഡിവൈഎഫ്ഐ നേതാവ് ജോയലിന്റെ ദുരൂഹ സാഹചര്യത്തിലുള്ള മരണം, ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ ജയസൂര്യ പ്രകാശുമായുള്ള ബന്ധം, പറക്കോട് സർവീസ് സഹകരണ ബാങ്കിലെ അഴിമതികൾ, കടമ്പനാട് പഞ്ചായലത്തിൽ പിൻസീറ്റ് ഡ്രൈവിങ്ങിലൂടെ നടത്തിയ ലക്ഷങ്ങളുടെ അഴിമതികൾ, സ്വന്തം ഭാര്യയെ ലൈഫ് മിഷന്റെ ജില്ലാ കോ-ഓർഡിനേറ്റർ സ്ഥാനത്തുകൊണ്ടുവരാൻ നടത്തിയ നീക്കം, ബന്ധുവായ ബിജെപിക്കാരന് ഹൈക്കോടതിയിൽ പ്ലീഡർ സ്ഥാനം നേടിക്കൊടുത്തത്, ഇതിനായി അയാളെ മണ്ണടിയിൽ കൊണ്ടു വന്ന് ലോക്കൽ കമ്മറ്റി അംഗമാക്കിയത് എന്നിവയടക്കമുള്ള അഴിമതിയും ക്രമക്കേടും സ്വജന പക്ഷപാതവും പുറത്തു കൊണ്ടു വന്നതാണ് ഏരിയാ സെക്രട്ടറിയെ ചൊടിപ്പിച്ചത്.
വാർത്തകൾ നൽകുന്നവരുടെ സോഴ്സ് കണ്ടെത്താൻ വേണ്ടി ഏനാത്ത് എസ്എച്ച്ഓയെ ഉപയോഗിച്ച് സ്വതന്ത്ര മാധ്യമ പ്രവർത്തകന്റെ ഫോൺ രേഖകൾ ചോർത്താൻ ശ്രമിച്ചതും വിവാദമായി. മനോജ് കൊണ്ടു വന്ന എസ്എച്ച്ഓ സുജിത്ത് ഇപ്പോൾ ഊരാക്കുടുക്കിലാണ്. മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തി പരാതി പിൻവലിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. അടൂർ കേന്ദ്രീകരിച്ച് ഒരു സംഘം ഇതിന് പിന്നിലുണ്ട്.
പൊലീസിനെയും പാസ്പോർട്ട് ഓഫീസറെയും കബളിപ്പിച്ച് പാസ്പോർട്ട് നേടിയതിന് മനോജിനെ അറസ്റ്റ് ചെയ്യേണ്ടതായിരുന്നു. എന്നാൽ, അതുണ്ടായില്ല. പകരം ഒരു പൊലീസുകാരനെ ബലിയാടാക്കി ഇയാൾ തലയൂരി. ക്രിമിനൽ കേസുകളിൽ പ്രതിയായ മനോജ് ആ വിവരം മറച്ചു വച്ച് പാസ്പോർട്ട് നേടിയത് ക്രിമിനൽ കുറ്റമാണ്. പിൻവാതിലിലൂടെ പാസ്പോർട്ട് സംഘടിപ്പിച്ച്, വ്യവസായ പ്രമുഖന്റെ ആതിഥ്യം സ്വീകരിച്ച്, പാർട്ടിയുടെ അനുവാദം വാങ്ങാതെ സിംഗപ്പൂരിലേക്ക് മനോജ് സുഖവാസത്തിന് പോയിരുന്നു.
പാർട്ടി അറിയാതെ വിദേശ യാത്ര നടത്തിയ സെക്രട്ടറിക്കെതിരേ നടപടി വേണമെന്ന ആവശ്യവുമായി എതിർപക്ഷവും രംഗത്തു വന്നതോടെയാണ് ഇയാൾക്ക് പാസ്പോർട്ട് എങ്ങനെ കിട്ടിയെന്ന വിവാദം ഉയർന്നത്. നിരവധി ക്രിമിനൽ കേസുകൾ പേരിലുണ്ടായിരിക്കേ ഏരിയാ സെക്രട്ടറിക്ക് പാസ്‌പോർട്ട് നൽകാൻ ശിപാർശ ചെയ്ത ഏനാത്ത് സ്റ്റേഷനിലെ പൊലീസുകാരൻ ബിജുവിനെതിരേ നടപടി എടുത്തിരുന്നു. പക്ഷേ, ഇപ്പോൾ ബിജുവിനെ ഇവിതെ തന്നെ തിരികെ നിയമിച്ചു. പീഡനക്കേസിൽ യുവതി നൽകിയ പരാതി എഴുതി തള്ളാൻ വേണ്ടി പരാതിക്കാരിയെ തെറ്റിദ്ധരിപ്പിച്ച് രേഖകൾ ഒപ്പിട്ടു വാങ്ങിയ കേസിൽ ബിജു വീണ്ടും കുടുക്കിലായിട്ടുണ്ട്. ഇത്തവണയും മനോജിന്റെ നിർദ്ദേശ പ്രകാരമാണ് ബിജുവിന്റെ പ്രവർത്തിയെന്നാണ് പരാതി.
2019 ജൂലൈ ആദ്യവാരമാണ് മനോജ് സിംഗപ്പൂർ യാത്ര നടത്തിയത്. ഏരിയ കമ്മറ്റിയുടെ ചുമതല മറ്റാർക്കും കൈമാറാതെയും ഉപരി കമ്മറ്റി അറിയാതെയുമായിരുന്നു സുഖവാസം. ഇദ്ദേഹം മടങ്ങി എത്തിയതോടെയാണ് വിവരം മറ്റുള്ളവർ അറിഞ്ഞത്. സിപിഎം ലോക്കൽ കമ്മറ്റി അംഗത്തിന്റെ പിതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഡിവൈഎഫ്‌ഐ മേഖലാ ആക്ടിങ് സെക്രട്ടറി ആക്കുകയും വിവാദത്തെ തുടർന്ന് അത് പിൻവലിക്കുകയും ചെയ്തപ്പോഴാണ് സെക്രട്ടറിയുടെ വിദേശയാത്ര വിവാദമായത്. ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് പാസ്‌പോർട്ട് നൽകാൻ പാടില്ലെന്നുള്ള നിയമം അട്ടിമറിച്ചാണ് പൊലീസ് മനോജിന് പാസ്‌പോർട്ട് സംഘടിപ്പിച്ചു കൊടുത്തത്.
പെറ്റിക്കേസുകളിൽ ഉൾപ്പെടുന്നവർക്ക് പാസ്‌പോർട്ട് നൽകുന്നതിന് നിയമതടസമില്ല. എന്നാൽ റോഡ് ഉപരോധം, പൊലീസ് സ്റ്റേഷൻ ഉപരോധം, അടിപിടി, പാർട്ടിക്കാർ തമ്മിലുള്ള സംഘർഷം ഇങ്ങനെ ക്രിമിനൽ കേസുകൾ കോടതിയിലുള്ളവർക്ക് പാസ്‌പോർട്ട് നൽകുന്ന പതിവില്ല. പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ ക്രിമിനൽ കേസുകളുടെ വിവരം കാണിച്ച് സത്യവാങ്മൂലം നൽകണം. മിക്കപ്പോഴും ഇത്തരക്കാരുടെ അപേക്ഷ പൊലീസ് വേരിഫിക്കേഷനിൽ തള്ളുകയാണ് ചെയ്യുന്നത്. പാർട്ടിയുടെ പ്രവർത്തകർ അടക്കം നിരവധിപ്പേർ ഇപ്പോഴും പാസ്‌പോർട്ട് എടുക്കാൻ കഴിയാതെ ഭാവി ഇരുളടഞ്ഞ് നാട്ടിൽ നടക്കുന്നുണ്ട്.
ഇതിനിടെയാണ് സിപിഎം നേതാക്കൾക്ക് വേണ്ടി പൊലീസ് വഴിവിട്ട് പ്രവർത്തിച്ചത്. മുൻ ഏനാത്ത് എസ്എച്ച്ഒ ഭീഷണിപ്പെടുത്തി പൊലീസുകാരനെ കൊണ്ട് ഏരിയാ നേതാവിന് അനുകൂലമായി റിപ്പോർട്ട് എഴുതിപ്പിക്കുകയായിരുന്നുവെന്ന് പറയുന്നു. ഏരിയാ നേതാവിനെ വിദേശയാത്ര കൊണ്ടു പോയ കടയുടമയുടെ പരസ്യം ഫേസ് ബുക്ക് വഴി ഷെയർ ചെയ്തത് ഡിവൈഎഫ്‌ഐ ആക്ടിങ് സെക്രട്ടറിയായി വരികയും പിന്നീട് വിവാദം മൂലം സ്ഥാനമൊഴിയേണ്ടി വരികയും ചെയ്ത ജോയൽ അടൂരാണ്. ഈ ജോയൽ 2020 ജനുവരിയിലുണ്ടായ പൊലീസ് മർദനത്തെ തുടർന്ന് മെയ് മാസം മരിച്ചു.
ജോയലിനെ മനോജിന്റെ നിർദ്ദേശ പ്രകാരം അടൂർ ഇൻസ്പെക്ടർ യു ബിജു ക്രൂരമായി മർദിച്ചുവെന്നും ആ പരുക്കുകളാണ് മരണകാരണമെന്നും ബന്ധുക്കൾ ആരോപിച്ച് ഹൈക്കോടതിയിൽ കേസ് നടക്കുകയായിരുന്നു. മനോജിന്റെ വലംകൈയായിരുന്ന ജയസൂര്യ പ്രകാശ് എന്ന തട്ടിപ്പുകാരിയുടെ ഡ്രൈവറായി ജോയലിനെ അയച്ചിരുന്നു. മനോജ് അടക്കമുള്ള സിപിഎം നേതാക്കളുമായി ജയസൂര്യയ്ക്കുള്ള ബന്ധം നന്നായി അറിയാവുന്നയാളായിരുന്നു ജോയൽ. ഇതാണ് അയാളെ അപായപ്പെടുത്താൻ കാരണമായത് എന്നാണ് ബന്ധുക്കളുടെ പരാതി.
മറുനാടന് മലയാളി ബ്യൂറോ