തിരുവനന്തപുരം: സിപിഎമ്മിന് കൂടുതൽ താൽപ്പര്യം കേരളാ കോൺഗ്രസിനോട് തന്നെ. മധ്യകേരളത്തിലെ മിന്നും വിജയത്തിന് കാരണമായി സിപിഎം കാണുന്നത് കേരളാ കോൺഗ്രസിനെയാണ്. ജോസ് കെ മാണിയെ മുന്നണിയിൽ എത്തിച്ചത് ഗുണകരമായെന്ന് വീണ്ടും വീണ്ടും ആവർത്തിക്കുകയാണ് സിപിഎം. സിപിഐയുടെ ജനസ്വാധീനത്തെ ചെറുതായി കുത്തിനോവിച്ചും കേരള കോൺഗ്രസിന്റെ (എം) പിന്തുണ എടുത്തു പറഞ്ഞും സിപിഎം വീണ്ടും രംഗത്തു വന്നു.

സംസ്ഥാന കമ്മിറ്റി അംഗീകരിച്ച നിയമസഭാ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലാണ് പഴയ ഘടക കക്ഷിയോടും പുതിയ ചങ്ങാതിയോടും ഉള്ള രണ്ടു സമീപനം വെളിവാകുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പറവൂരിൽ സിപിഐ സ്ഥാനാർത്ഥി പോരായിരുന്നു എന്നും കുറ്റപ്പെടുത്തുന്നു. വിഡി സതീശനേയും അടുത്ത തവണ തോൽപ്പണമെന്ന ലക്ഷ്യമാണ് ഇതിലൂടെ സിപിഎം മുമ്പോട്ട് വയ്ക്കുന്നത്. സിപിഐയ്‌ക്കെതിരെ പരോക്ഷ കുറ്റപ്പെടുത്തലുകൾ ഉണ്ടെന്നാണ് പുറത്തു വരുന്ന സൂചന.

പൊലീസിൽ ആർ എസ് എസ് ക്രിമിനലുകളുണ്ടെന്ന സിപിഐ നേതാവ് ആനി രാജയുടെ നിലപാട് ഏറെ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് അവലോകന റിപ്പോർട്ടിലെ സൂചനകളും പുറത്തു വരുന്നത്. ഇത്തവണ തിരഞ്ഞെടുപ്പിൽ മുന്നണിയുടെ പൊതു വിജയത്തിനു സഹായകരമായ നിലപാടായിരുന്നു സിപിഐയുടെതെന്നു സിപിഎം വ്യക്തമാക്കുന്നു. അതായത് സിപിഐയെ കുറ്റപ്പെടുത്താൻ സിപിഎം മടി കാട്ടുന്നില്ല. ചില മേഖലകൾ ചൂണ്ടിക്കാട്ടിയാണ് വിമർശനം.

'എൽഡിഎഫിനു നല്ല സ്വാധീനമുള്ള മണ്ഡലങ്ങളിലാണ് സിപിഐ മത്സരിക്കുന്നത്.കരുനാഗപ്പള്ളിയിൽ വലിയ വോട്ടിന് സിപിഐ തോൽക്കാൻ ഇടയായി. സിറ്റിങ് സീറ്റായ അടൂരിലും ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു. ചേർത്തലയിൽ സിപിഐക്ക് ഉള്ളിലെ പ്രശ്‌നങ്ങൾ ഭൂരിപക്ഷം കുറയാൻ ഇടയാക്കി. പറവൂർ സീറ്റിൽ ദുർബലനായ സ്ഥാനാർത്ഥി ആയിരുന്നു എന്ന അഭിപ്രായം എറണാകുളം ജില്ലാ റിപ്പോർട്ടിൽ ഉണ്ട് -ഇതാണ് പരാമർശം.

കോട്ടയം, ഇടുക്കി ജില്ലകളിൽ യുഡിഎഫിനെക്കാൾ വോട്ട് എൽഡിഎഫിനു കിട്ടാൻ കേരള കോൺഗ്രസിന്റ മുന്നണി പ്രവേശനം സഹായിച്ചെന്നാണ് അവരെക്കുറിച്ചുള്ള വിലയിരുത്തൽ. പുതിയ വിഭാഗങ്ങൾ എൽഡിഎഫിന് അനുകൂലമായി വോട്ടു ചെയ്യാനും കേരള കോൺഗ്രസിന്റെ (എം) വരവ് സഹായകരമായെന്ന് പാർട്ടി ചൂണ്ടിക്കാട്ടി. അതായത് മധ്യകേരളത്തിലെ വിജയത്തിന്റെ ക്രെഡിറ്റ് കേരളാ കോൺഗ്രസിന് എല്ലാ അർത്ഥത്തിലും നൽകുകയാണ് സിപിഎം.

കോട്ടയത്തും പത്തനംതിട്ടയിലും ഇടുക്കിയിലും വൻ നേട്ടമാണ് സിപിഎം ഉണ്ടാക്കിയത്. ഈ സാഹചര്യത്തിലാണ് കേരളാ കോൺഗ്രസിനെ പുകഴ്‌ത്തുന്നത്. പാർട്ടിയുടെ ആഭ്യന്തര റിപ്പോർട്ടായതു കൊണ്ടു തന്നെ ഇതിൽ സിപിഐ പരസ്യ പ്രതികരണം നടത്താൻ ഇടയില്ല.