- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രവർത്തനം വ്യാപിപ്പിക്കാൻ താഴെത്തട്ടിൽ ഇനി 'സെമി പ്രൊഫഷണലുകൾ'; സ്ഥിരംജോലിക്കാർ ഭാരവാഹികളാവില്ല; ബ്രാഞ്ച്, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായി ഏതുസമയത്തും ഇടപെടാൻ കഴിയുന്നവരെത്തും; കീഴ്ഘടകങ്ങൾക്കു നിർദ്ദേശം നൽകി സിപിഎം
തിരുവനന്തപുരം: തുടർഭരണം ഉറപ്പിച്ചതോടെ പാർട്ടിയുടെ പ്രവർത്തനം കൂടുതൽ വിപുലീകരിക്കാൻ താഴെത്തട്ടിൽ മാറ്റങ്ങൾക്ക് ഒരുങ്ങി സിപിഎം. പ്രാദേശിക തലത്തിൽ പ്രവർത്തിക്കാൻ കൂടുതൽ സമയം ലഭിക്കുന്ന കഴിവുള്ള പ്രവർത്തകരെ കണ്ടെത്തി സെമി പ്രൊഫഷണൽ തലത്തിലേക്ക് നേതൃത്വം മാറ്റിയെടുക്കാനാണ് പാർട്ടി ഒരുങ്ങുന്നത്. പാർട്ടി കീഴ്ഘടകങ്ങളുടെ പിടിപ്പുകേട് മൂലം സഹകരണബാങ്ക് ക്രമക്കേടുകൾ അടക്കം വിവാദങ്ങൾ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ പശ്ചാത്തലത്തിലാണ് മാറ്റങ്ങൾക്ക് ഒരുങ്ങുന്നത്.
ബ്രാഞ്ച്, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായി ഇനി മുതൽ സ്ഥിരം ജോലിക്കാരായ നേതാക്കളെ പരിഗണിക്കേണ്ടതില്ലെന്നും യുവാക്കൾ, വിദ്യാഭ്യാസമുള്ളവർ, കാര്യക്ഷമതയുള്ളവർ എന്നിവർക്ക് മുൻതൂക്കം നൽകാനുമാണ് കീഴ്ഘടകങ്ങൾക്കു നിർദ്ദേശം നൽകിയിരിക്കുന്നത്. 15-നു തുടങ്ങുന്ന സമ്മേളനങ്ങളിൽ ഇക്കാര്യം കാര്യക്ഷമമായി നടപ്പാക്കാനാണു നിർദ്ദേശം നൽകിയിരിക്കുന്നത്.
ബ്രാഞ്ച് സെക്രട്ടറിസ്ഥാനത്ത് അതതു പ്രദേശത്തുനിന്നു പ്രവർത്തിക്കുന്നവർ മതി. രാവിലെ ജോലിക്കുപോയി വൈകീട്ടെത്തി പ്രവർത്തനം നടത്തുന്നവർ ഭാരവാഹിത്വത്തിൽ വേണ്ടെന്നാണു നിലപാട്. മുഴുവൻസമയ പ്രവർത്തകരാകണമെന്നില്ലെങ്കിലും ഏതുസമയത്തും ഇടപെടാൻ കഴിയുന്നവരാകണമെന്നും നിർദ്ദേശിക്കുന്നു. പാർട്ടിയുടെ കേഡർ സ്വഭാവം കൂടുതൽ ശക്തിപ്പെടുത്താനാണ് പുതിയ മാറ്റങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
ജോലിയില്ലാത്തവരെന്നല്ല, പ്രാദേശികപ്രശ്‌നങ്ങളിൽ കൂടുതലായി ഇടപെടാനും നയിക്കാനും കഴിയുന്നവരെ പരിഗണിക്കുകയാണു ലക്ഷ്യമെന്ന് ഒരു മുതിർന്ന നേതാവു പറഞ്ഞു. സ്ത്രീകളെയും ന്യൂനപക്ഷ-പിന്നാക്ക വിഭാഗക്കാരെയും കാര്യശേഷിയനുസരിച്ച് കമ്മിറ്റികളിൽ പരിഗണിക്കും.
പാർട്ടിനിയന്ത്രണത്തിലുള്ള സഹകരണസ്ഥാപനങ്ങളിലും മറ്റും ജോലിചെയ്യുന്ന ഒട്ടേറെപ്പേർ നിലവിൽ ബ്രാഞ്ച്-ലോക്കൽ നേതൃസ്ഥാനത്തുണ്ട്. അത്തരക്കാർക്ക് പ്രവർത്തനങ്ങൾ കൃത്യമായി ഏകോപിപ്പിക്കാൻ കഴിയുന്നില്ലെന്നാണു വിലയിരുത്തൽ.
അടുത്തിടെ നടന്ന സഹകരണബാങ്ക് ക്രമക്കേടുകളിലുൾപ്പെട്ട ജീവനക്കാർ പാർട്ടിഭാരവാഹികളായിരുന്നുവെന്നതും പാർട്ടിയെ കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു. അക്കാര്യവും തീരുമാനത്തിനു പിന്നിലുണ്ടെന്നാണ് കണക്കാക്കുന്നത്.
90 വീടുകൾക്ക് ഒരു ബ്രാഞ്ച് എന്നതരത്തിലാണ് പ്രവർത്തനം. ഏറിയാൽ നൂറുവീടുകൾ വരെയാകാമെന്ന നിർദേശവും നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ ക്രമീകരണങ്ങളായതായാണു വിവരം.
ചർച്ചകളും അഭിപ്രായപ്രകടന സ്വാതന്ത്ര്യവുമുണ്ടാകുമെങ്കിലും സമ്മേളനങ്ങളിൽ അച്ചടക്കം കർശനമായി പാലിക്കും. സമ്മേളനങ്ങൾ അലങ്കോലപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരേ ശക്തമായ നടപടിയെടുക്കാനുള്ള നിർദേശവുമുണ്ട്. ചർച്ചകൾ തർക്കങ്ങളായി മാറരുതെന്നും വിഭാഗീയത അനുവദിക്കില്ലെന്നും പാർട്ടിസമ്മേളനങ്ങൾക്കായി നൽകിയ മാർഗരേഖയിൽ പറയുന്നു.




