ചേർത്തല: സിപിഎം. സമ്മേളനങ്ങളിൽ വിഭാഗീയപ്രവർത്തനങ്ങൾ ഉണ്ടായാൽ അച്ചടക്ക നടപടി ഉറപ്പ്. ഫലത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ താൽപ്പര്യമാകും നടപ്പാക്കുക. കണ്ണൂരിൽ അടക്കം ബ്രാഞ്ച് കമ്മറ്റികൾ പിടിച്ചെടുക്കാൻ പിജെ ഫാക്ടർ ശ്രമിക്കുമെന്ന റിപ്പോർട്ടിനിടെയാണ് പുതിയ മാർഗ്ഗ രേഖ എത്തുന്നത്. സംഘടനയിൽ ജനാധിപത്യം ഇല്ലാതാക്കുമെന്ന വിമർശനം സജീവമാക്കുന്നതാണ ഇത്. എന്നാൽ വിഭാഗീയതയാണ് വലിയ പ്രശ്‌നമെന്ന് നേതൃത്വവും പറയുന്നു.

ബ്രാഞ്ച് സെക്രട്ടറിയുടെ തിരഞ്ഞെടുപ്പിൽ രഹസ്യബാലറ്റ് വേണ്ടെന്നും മത്സരമുണ്ടായാൽ കൈകൾ ഉയർത്തിയുള്ള രീതിമതിയാകുമെന്നും രേഖയിൽ പറയുന്നു. ഇതിനു കഴിയാതെ വന്നാൽ പരസ്യമായ വോട്ടുരീതിയായിരിക്കും സ്വീകരിക്കുക. തുല്യവോട്ടുകൾ വന്നാൽ നറുക്കിടും. അതായത് ആര് ആർക്ക് വോട്ടു ചെയ്യുന്നുവെന്ന് നേതൃത്വത്തിന് മനസ്സിലാകും. ഇതോടെ ബ്രാഞ്ചുകളിൽ നിലവിലെ നേതൃത്വത്തിനും ജില്ലാ കമ്മറ്റികൾക്കും താൽപ്പര്യമുള്ളവരെ ജയിപ്പിക്കാനാകും. കണ്ണൂരിൽ അടക്കം ഇത് പിണറായി വിജയൻ നയിക്കുന്ന ഔദ്യോഗിക പക്ഷത്തിന് തുണയായി മാറും.

മത്സരവും തിരഞ്ഞെടുപ്പുമാകാം. എന്നാൽ, വിഭാഗീയമാകരുത്. കമ്മിറ്റികളിലേക്കോ തസ്തികയിലേക്കോ തിരഞ്ഞെടുക്കപ്പെടുന്നതിനായി വോട്ടു ക്യാൻവാസ് ചെയ്യുന്നതു നിരോധിച്ചിട്ടുണ്ട്. ബദൽ പാനലുണ്ടാക്കുന്നതും സ്ലിപ്പ് വിതരണം ചെയ്യുന്നതും വിഭാഗീയ പ്രവർത്തനമായി കാണുമെന്നാണ് മാർഗ്ഗ രേഖ. ഫലത്തിൽ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക വിരുദ്ധർ ജയിക്കുന്നിടത്തെല്ലാം ഈ നിർദ്ദേശങ്ങളുടെ ലംഘനം ആരോപിക്കും. നടപടികളും വരും. ഫലത്തിൽ ബ്രാഞ്ചുകൾ ഉൾപ്പെടെ ഔദ്യോഗികക്കാരുടെ പക്ഷത്ത് നിലയുറപ്പിക്കും.

നിലവിലെ കമ്മിറ്റി പുതിയ കമ്മിറ്റിക്കായുള്ള പാനൽ നിർദ്ദേശിക്കുന്ന രീതി തുടരും. ഇതിനെതിരേ ഒരാളുടെ പൂർണസമ്മതത്തോടെ നിർദ്ദേശിക്കാനും സ്വയം നാമനിർദ്ദേശം ചെയ്യാനും അനുമതിയുണ്ട്. എന്നാൽ, ഒരംഗത്തിന്റെ പിന്തുണ വേണം. രഹസ്യബാലറ്റിൽ തിരഞ്ഞെടുപ്പു വേണ്ടിവന്നാൽ മേൽനോട്ടം വഹിക്കുന്ന ആൾ സ്ഥാനാർത്ഥിയാകരുതെന്നാണു നിർദ്ദേശം. ഇതിനായി മേൽകമ്മിറ്റിയിലെ പ്രതിനിധിയെയോ അതതു കമ്മിറ്റിയിലെ മുതിർന്ന അംഗത്തെയോ ആണു ചുമതലപ്പെടുത്തേണ്ടത്.

ആദ്യം ഔദ്യോഗികപാനലും തുടർന്നു നാമനിർദ്ദേശം ചെയ്യുന്നവരുമെന്നമുറയ്ക്കാണു പട്ടിക തയ്യാറാക്കേണ്ടത് എന്നും വിശദീകരിക്കുന്നു. മുൻകാല തിരഞ്ഞെടുപ്പുകൾ പോലെ പാനലവതരിപ്പിച്ചു കഴിഞ്ഞാൽ അരമണിക്കൂർ മുതൽ ഒരുമണിക്കൂർവരെ ചായകുടിക്കാൻ ഇടവേളനൽകുന്ന സമ്പ്രദായം ഒഴിവാക്കും. ഇത് എതിർ പാനൽ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലാണ്. ചായ ഇടവേളകൾ വിഭാഗീയ നീക്കങ്ങൾക്കുപയോഗിക്കുമെന്നാണു വിലയിരുത്തൽ. എന്നാൽ, പ്രതിനിധികൾക്കു മത്സരിക്കുന്നവരെ പഠിക്കാൻ 15 മിനിറ്റുവരെ അനുവദിക്കും.

വോട്ടെണ്ണാൻ നിയോഗിക്കപ്പെടുന്ന സംഘത്തിൽ സ്ഥാനാർത്ഥികളുണ്ടാവരുത്. തർക്കങ്ങൾ മേൽനോട്ടം വഹിക്കുന്ന ആൾ അവിടെവെച്ചുതന്നെ തീർപ്പാക്കണം. ആ തീരുമാനം അന്തിമമായിരിക്കും. പിന്നീടുള്ള പരാതികൾ മേൽകമ്മിറ്റിക്കു സമർപ്പിക്കാം.