കണ്ണൂർ: പാർട്ടി സമ്മേളനങ്ങൾക്കിടെയിലും അച്ചടക്കനടപടിയുമായി സി.പി. എം മുൻപോട്ട്. പാർട്ടി സമ്മേളനങ്ങൾ പ്രഖ്യാപിച്ചാൽ അവസാനിക്കുന്നതുവരെ അച്ചടക്കനടപടി പാടില്ലെന്ന സി.പി എമ്മിലുണ്ടായിരുന്ന കീഴ്‌വഴക്കം ലംഘിച്ചാണ് ഇപ്പോൾ അച്ചടക്കനടപടികൾ അരങ്ങേറുന്നത്. സി.പി. എം പാർട്ടി സമ്മേളനങ്ങളുടെ തീയ്യതി പ്രഖ്യാപിക്കുകയും കഴിഞ്ഞ പത്തുമുതൽ ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങുകയും ചെയ്ത സാഹചര്യത്തിലും ഇപ്പോൾ നടക്കുന്ന അച്ചടക്ക നടപടി പാർട്ടിക്കുള്ളിലെ അസാധാരണ സാഹചര്യമായാണ് വിലയിരുത്തപ്പെടുന്നത്.

പാർട്ടി ശക്തികേന്ദ്രങ്ങളായ കണ്ണൂരും ആലപ്പുഴയിലും ഉൾപ്പെടെയാണ് സമ്മേളനങ്ങൾക്ക് സമാന്തരമായി അച്ചടക്ക നടപടിയും സ്വീകരിക്കുന്നത്. തരം താഴ്‌ത്തൽ മുതൽ പുറത്താക്കൽ വരെയാണ് പാർട്ടി നടപടിയുണ്ടാകുന്നത്. നേതൃത്വത്തിന്റെ കണ്ണിലെ കരടായ ചിലരെ നേതൃസ്ഥാനങ്ങളിൽ നിന്നും സമ്മേളനങ്ങളോടെ മാറ്റി നിർത്താനുമുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.

കമ്യൂണിസ്റ്റു പാർട്ടികളിൽ അച്ചടക്ക നടപടി പുത്തരിയല്ലെങ്കിലും സമ്മേളനകാലയളവിൽ പാർട്ടി നടപടികൾ ഇതുവരെ എടുത്തിട്ടില്ല. സമ്മേളനകാലയളവിൽ ഇത്തരം കാര്യങ്ങൾ മാറ്റിവെച്ചു സംഘടനാചർച്ചയിലേക്കും ഉൾപാർട്ടി പ്രശ്നങ്ങൾ പരിഹരിക്കുന്നതിലേക്കുമാണ് പാർട്ടി നേതൃത്വം മുഴുകാറുള്ളത്. പാർട്ടി സ്ഥാപനക നേതാക്കൾ ഉൾപ്പെടെയുള്ളവർക്ക് വിവിധ കാലഘട്ടങ്ങളിൽ അച്ചടക്ക നടപടി സ്വീകരിച്ച പാർട്ടിയാണ് സി.പി. എമ്മെങ്കിലും സമ്മേളനകാലത്ത്് ഇത്തരം നടപടികൾ നിർത്തിവയ്ക്കാറാണ് പതിവ്.

എന്നാൽ 23-ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായി നടക്കുന്ന സമ്മേളനങ്ങളിൽ ഇതിൽ നിന്നും വ്യത്യസ്തമായാണ് കാര്യങ്ങളുടെ പോക്കെന്നാണ് വിലയിരുത്തൽ. സമ്മേളന തീയ്യതി പ്രഖ്യാപിച്ചതിനു ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയന് അനഭിമതനായ പി. ജയരാജൻ ഉപദേശക സമിതി ചെയർമാനായ ഐ. ആർ.പി.സി സി.പി. എം പുനഃ സംഘടിപ്പിച്ചത്. ജയരാജൻ നേതൃതലത്തിലേക്കു കൊണ്ടുവന്നവരെ ഒഴിവാക്കി പുതിയ ഭാരവാഹികളെ ഐ.ആർ.പി.സിയുടെ നേതൃതലത്തിലേക്കു കൊണ്ടുവരികയും ചെയ്തു.

പി.ജയരാജന് സീറ്റുനിഷേധിച്ചതിൽ പരസ്യമായി പ്രതിഷേധിച്ച അമ്പാടി മുക്ക് സഖാവായ എൻ. ധീരജ് കുമാർ ഉൾപ്പെടെയുള്ളവരാണ് ഇങ്ങനെ ഒഴിവാക്കപ്പെട്ടത്. ഇതോടെ പാർട്ടിയിലും പൊതുരംഗത്തും കൂടുതൽ ഒറ്റപ്പെട്ടിരിക്കുകയാണ് പി.ജയരാജൻ. കണ്ണൂരിൽ ബ്രാഞ്ച് സെക്രട്ടറിയായ ഒരു സഹകരണ ജീവനക്കാരനെ സ്വഭാവദൂഷ്യത്തിന്റെ പേരിൽ ഒഴിവാക്കിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവവികാസം. ഏറ്റവും ഒടുവിൽ ആലപ്പുഴയിൽ മുന്മന്ത്രി ജി.സുധാകരന്റെ അടുത്ത അനുയായിയെന്നറിയപ്പെടുന്ന നേതാവിനെ സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ പാർട്ടിയിൽ നിന്നും ഒഴിവാക്കിയതാണ് ചർച്ചയായത്.

പാർട്ടിയിലും ഭരണത്തിലും ചീഫ് മാർഷലായി മുഖ്യമന്ത്രിയും പി.ബി അംഗവുമായി പിണറായി വിജയൻ മാറിയെങ്കിലും പിണറായിയെ അനുകൂലിക്കുന്നവരിൽ തന്നെ അടിത്തട്ടിൽ വിവിധ ചേരികൾ രൂപപ്പെട്ടുവെന്നാണ് സൂചന. എന്നാൽ സാധാരണ ബ്രാഞ്ച് സമ്മേളനങ്ങളിൽ പാർട്ടി നേതൃത്വത്തിനെതിരെയും സംഘടനാ സംവിധാനത്തിലെ പോരായ്മയെ കുറിച്ചും കടുത്ത വിമർശനങ്ങളുയരാറുണ്ടെങ്കിലും ഇക്കുറി തണുപ്പൻ മട്ടിൽ സമയബന്ധിതമായി സമ്മേളനങ്ങൾ തീർക്കുന്ന ശൈലിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

പാർട്ടി ഭരിക്കുന്ന കരുവന്നൂർ സഹകരണ ബാങ്കിലെ അഴിമതി പലയിടങ്ങളിലും ചൂടേറിയ ചർച്ചയ്ക്കിടയാക്കിയിട്ടുണ്ട്. പാർട്ടി ഭരിക്കുന്ന സഹകരണ സംഘങ്ങളെ നിയന്ത്രിക്കുന്നതിന് മാർഗരേഖ കൊണ്ടുവരണമെന്നു പലയിടങ്ങളിലും ആവശ്യമുയർന്നിട്ടുണ്ട്. ഇതു പോലെ പാർട്ടി നേതാക്കളുടെ കുടുംബങ്ങൾ കമ്യൂണിസ്റ്റ് ജീവിത ശൈലി മറന്നു പോകുന്നത് പാർട്ടിയെ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താനിടയാക്കുന്നുവെന്ന വിമർശനവും വിവിധ കോണുകളിൽ നിന്നും ഉയർന്നിട്ടുണ്ട്.

പാർട്ടിയിലേക്ക് പുതുതായി കടന്നുവരുന്ന നവസഖാക്കൾ സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നതും ഇവർ സ്വർണക്കടത്തു കേസുപോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതും തടയാൻ നേതൃത്വത്തിന് കഴിയാത്ത നേതൃത്വത്തിന് ജാഗ്രതകുറവുണ്ടായെന്നുള്ള വിമർശനം കണ്ണൂർ ജില്ലയിൽ നടന്ന ചില ബ്രാഞ്ചു സമ്മേളനങ്ങളിൽ നിന്നും ഉയർന്നിട്ടുണ്ട്.