- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉത്തരവാദിത്തം നിറവേറ്റാൻ കഴിയാത്തതിന് ‘ദൈവിക ഇടപെടൽ' എന്നുപറയുന്ന രീതി അംഗീകരിക്കാനാവില്ല; രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാർ തന്നെയെന്ന് സിപിഎം; സംസ്ഥാനങ്ങളോടുള്ള നിയമപരമായ ബാധ്യതകൾ കേന്ദ്ര സർക്കാർ നിറവേറ്റണമെന്നും ആവശ്യം
ന്യൂഡൽഹി: രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാർ തന്നെയെന്ന് ആവർത്തിച്ച് ആരോപിച്ച് സിപിഎം. ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിട്ട ശേഷം ഇപ്പോൾ കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്തം നിറവേറ്റാൻ കഴിയാത്തതിന് ‘ദൈവിക ഇടപെടൽ' എന്നുപറയുന്ന രീതി അംഗീകരിക്കാനാവില്ലെന്നും കേന്ദ്രത്തിന്റെ ഈ നിലപാട് അന്യായവും തെറ്റിദ്ധാരണ പരത്തുന്നതും ആണെന്നും സിപിഎം പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു. സംസ്ഥാനങ്ങളോടുള്ള നിയമപരമായ ബാധ്യതകൾ കേന്ദ്ര സർക്കാർ നിറവേറ്റണമെന്നും സിപിഎം ആവശ്യപ്പെട്ടു.
നടപ്പ് സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന സർക്കാരുകളുടെ കുടിശ്ശിക അടയ്ക്കാൻ കേന്ദ്ര സർക്കാരിന് കഴിയില്ലെന്ന കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം ക്രൂരമാണെന്നാണ് സിപിഎം ആരോപിക്കുന്നു. സംസ്ഥാനങ്ങളുടെ ജി.എസ്.ടി വരുമാനക്കുറവ് ഏകദേശം 2.35 ലക്ഷം കോടി രൂപയാണ്. ഈ വിടവ് നികത്താൻ റിസർവ് ബാങ്കിൽ നിന്ന് കടം വാങ്ങാൻ സംസ്ഥാനങ്ങളോട് പറയുന്നത് അസഹ്യമാണ്.ജി.എസ്.ടി കുടിശ്ശിക അടയ്ക്കുന്നതിനുള്ള ചുമതല നിറവേറ്റുന്നതിന് കേന്ദ്രസർക്കാർ നിയമപരമായി ബാധ്യസ്ഥരാണ്. ആവശ്യമെങ്കിൽ, കേന്ദ്രസർക്കാർ കടം വാങ്ങുകയും സംസ്ഥാനങ്ങൾക്ക് അവരുടെ കുടിശ്ശിക നൽകുകയും വേണം, കടം വാങ്ങാൻ സംസ്ഥാന സർക്കാരുകളെ നിർബന്ധിക്കാൻ കഴിയില്ല, പ്രസ്താവനയിൽ പറയുന്നു.
കൊറോണക്കാലത്ത് സമ്പദ് വ്യവസ്ഥ ദൈവത്തിന്റെ പരീക്ഷണത്തെ നേരിടുകയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 4-ാം ജിഎസ്ടി കൗൺസിൽ മീറ്റിങ്ങിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അവർ. നടപ്പ് സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ച തിരിച്ചടി നേരിടുമെന്നും അവർ പറഞ്ഞു. കോവിഡ് മൂലം ഉണ്ടായിരിക്കുന്ന നഷ്ടം നികത്താൻ നികുതി വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി.
"ഈ വർഷം നാം പ്രത്യേക സാഹചര്യത്തെയാണ് നേരിടുന്നത്. സമ്പദ് വ്യവസ്ഥയ്ക്ക് തകർച്ചയുണ്ടാക്കുന്ന ദൈവത്തിന്റെ പരീക്ഷണത്തെയാണ് നാം നേരിടുന്നത്." കോവിഡ് ജിഎസ്ടി വരുമാനത്തിൽ കടുത്ത ഇടിവാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും അവർ വ്യക്തമാക്കി. നടപ്പ് സാമ്പത്തിക വർഷം സംസ്ഥാനങ്ങൾക്ക് ജിഎസ്ടി നഷ്ടപരിഹാര ഇനത്തിൽ 3 ലക്ഷം കോടി രൂപ നൽകേണ്ടതുണ്ട്. ഇതിൽ 65,000 കോടി സെസ് ഇനത്തിൽ സംസ്ഥാനങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ഇനി 2.35 ലക്ഷം കോടി രൂപയാണ് സംസ്ഥാനങ്ങൾക്ക് നൽകേണ്ടത്. നിലവിൽ 97000 കോടി രൂപയുടെ ജിഎസ്ടി നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി.