- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രിമാരുടെ എണ്ണം കുറയ്ക്കാമോ എന്ന് സിപിഐയോട് സിപിഎം; വിട്ടുവീഴ്ച്ച വേണ്ടെന്ന് സിപിഐയ്ക്കുള്ളിൽ പൊതുവികാരം; ചീഫ് വിപ്പ് സ്ഥാനം വിട്ടുനൽകും; ഏകാംഗകക്ഷികൾ നിരാശപ്പെടേണ്ടി വരും.
തിരുവനന്തപുരം: സിപിഐയ്ക്ക് കിട്ടേണ്ട മന്ത്രിമാരുടെ എണ്ണം കുറയ്ക്കാൻ കഴിയുമോയെന്ന് കഴിഞ്ഞ ദിവസം നടന്ന ഉഭയകക്ഷി ചർച്ചയിൽ സിപിഎം നേതൃത്വം ആരാഞ്ഞതായി സൂചന. നിലവിൽ നാലു മന്ത്രിമാരാണ് സിപിഐയ്ക്ക് ഉള്ളത്. അത് മൂന്നായി കുറയ്ക്കണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം. എന്നാൽ, നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും എന്ന സ്ഥിതി മാറേണ്ടതില്ലെന്ന നിലപാടിലാണ് സിപിഐ നേതൃത്വം. സ്വന്തം മന്ത്രിമാരുടെ എണ്ണം 13ൽ നിന്ന് 12 ആക്കാനാണ് സിപിഎം ആലോചിക്കുന്നത്. സിപിഎമ്മിന് മന്ത്രിസഭയിൽ ആദ്യം 12 പേരായിരുന്നപ്പോഴും സിപിഐക്ക് നാല് മന്ത്രിസ്ഥാനം ഉണ്ടെന്ന് സിപിഐ ചൂണ്ടിക്കാട്ടി.
അതെസമയം ഒറ്റ അംഗം മാത്രമുള്ള പാർട്ടികൾക്ക് മന്ത്രിസ്ഥാനം കിട്ടാനുള്ള സാധ്യത മങ്ങി. കെപി മോഹനനെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി എൽജെഡി രംഗത്തെത്തിയിട്ടുണ്ട്. എൽജെഡിക്ക് മന്ത്രിസ്ഥാനം നൽകിയാൽ മറ്റി ഏകാംഗ കക്ഷികളും മന്ത്രിസ്ഥാനത്തിന് അവകാശം ഉന്നയിക്കുമെന്നതാണ് സിപിഎമ്മിന്റെ മുന്നിലുള്ള തലവേദന. ഏകാംഗ പാർട്ടികൾക്ക് മന്ത്രിസ്ഥാനം നൽകിയാൽ തങ്ങൾക്ക് രണ്ട് മന്ത്രിമാർ വേണമെന്ന് കേരളാകോൺഗ്രസ് ജോസ് വിഭാഗം ആവശ്യമുന്നയിച്ചിട്ടുണ്ട്. അതും സിപിഎമ്മിനെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.
ഇത്തവണ ജോസ് വിഭാഗത്തിനും മന്ത്രിസ്ഥാനം നൽകണമെന്നതാണ് ആശങ്കകൾക്ക് കാരണം. ജോസ് കെ മാണിയുടെ പാർട്ടിക്ക് രണ്ട് കാബിനറ്റ് സ്ഥാനങ്ങൾ ലഭിക്കുമെന്നും ഉറപ്പാണ്. ഒരു മന്ത്രിസ്ഥാനവും പിന്നെ ചീഫ് വിപ്പ് പദവിയും. കേരളാ കോൺഗ്രസിന് വേണ്ടി ചീഫ് വിപ്പ് പദം വിട്ടുകൊടുക്കാൻ സിപിഐ സമ്മതം മൂളിയിട്ടുണ്ട്. അതിനപ്പുറം അവർക്കുവേണ്ടി തങ്ങൾ വിട്ടുവീഴ്ച്ച ചെയ്യേണ്ട കാര്യമില്ലെന്നാണ് സിപിഐയ്ക്കുള്ളിലെ പൊതുവികാരം. സിപിഐ മന്ത്രിമാരെ 18ന് ചേരുന്ന പാർട്ടി സംസ്ഥാന എക്സിക്യുട്ടീവ് തീരുമാനിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചു.
അതെസമയം മന്ത്രിസ്ഥാനം കിട്ടിയേക്കില്ലെന്ന സൂചന ചെറുകക്ഷികളിൽ നിരാശ പടർത്തിയിട്ടുണ്ട്. എങ്കിലും ഏകാംഗ കക്ഷികളായ ഐഎൻഎല്ലും ആർഎസ്പി ലെനിനിസ്റ്റും മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് ഇടതുമുന്നണിക്കു കത്തു നൽകിയിട്ടുണ്ട്. ഇതും പരിഗണിക്കാൻ ഇടയില്ല. തിരഞ്ഞെടുപ്പു ഫലം അവലോകനം ചെയ്യാനും മന്ത്രിസ്ഥാനം സംബന്ധിച്ച ചർച്ചയ്ക്കായും ദൾ നേതൃയോഗം 9 നു ചേരും. പാർട്ടി സംസ്ഥാന പ്രസിഡന്റ് കൂടിയായ മാത്യു ടി.തോമസും കെ.കൃഷ്ണൻകുട്ടിയും നിലവിലെ സർക്കാരിൽ ടേം പങ്കിടുകയായിരുന്നു. അതേ ഫോർമുല പ്രകാരം ഇത്തവണത്തെ ആദ്യ ടേം മാത്യു ടി.തോമസിനു നൽകണമെന്ന വാദമുണ്ട്. സംസ്ഥാന നേതൃയോഗത്തിൽ 2 പേരുടെയും പേര് ഉയരാനും ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവെഗൗഡ അന്തിമ തീരുമാനം എടുക്കാനുമാണു സാധ്യത.
സിപിഎം നേതൃത്വവുമായുള്ള ചർച്ചയ്ക്കു ശേഷം നേതൃയോഗം ചേർന്നു പാർട്ടി നോമിനിയെ നിർദ്ദേശിക്കാനാണ് എൻസിപി ഒരുങ്ങുന്നത്. പാർട്ടി പ്രവർത്തക സമിതി അംഗവും മുതിർന്ന നേതാവുമായ എ.കെ. ശശീന്ദ്രന് സ്വാഭാവിക മുൻതൂക്കം ലഭിക്കും. എന്നാൽ, മുന്മന്ത്രിയും സംസ്ഥാന പ്രസിഡന്റും ആയിരുന്ന അന്തരിച്ച തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ.തോമസ് എംഎൽഎയും മന്ത്രിയാകണമെന്ന ആഗ്രഹത്തിലാണ്.
കെബി ഗണേശ് കുമാറിനെ മന്ത്രിയാക്കണമെന്ന ആഗ്രഹം പിണറായിക്കുണ്ട്. പുതിയ വിവാദം അതിനേയും ബാധിക്കും. ഗണേശ് കുമാറിന് മന്ത്രിസ്ഥാനം നൽകിയാലും അത് സിപിഎമ്മിന് അനുവദിക്കുന്ന ക്വാട്ടയിൽ വേണ്ടിവരും. എന്നാൽ തെരഞ്ഞെടുപ്പിൽ മതിയായ കരുത്തു കാട്ടാത്ത എൽജെഡിക്ക് മന്ത്രിപദം കൊടുക്കുന്നതിനോട് സിപിഎം നേതൃത്വത്തിനും താൽപ്പര്യമില്ല.
മറുനാടന് മലയാളി ബ്യൂറോ