പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് പിന്തുണ നൽകാൻ ഇടത് ജനപ്രതിനിധിയുമായി മുദ്ര പത്രത്തിൽ കരാറൊപ്പിട്ട് ബിജെപി. റാന്നി ഗ്രാമപഞ്ചായത്തിലാണ് പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ചാർളിയും ബിജെപി റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് ഷൈൻ ജി കുറുപ്പും തമ്മിലാണ് മുദ്ര പത്രത്തിൽ കരാർ ഒപ്പിട്ടിരിക്കുന്നത്. കേരളാ കോൺഗ്രസിന്റെ ഒഴികെ എൽ.ഡി.എഫ് പരിപാടികളിൽ പങ്കെടുക്കില്ലെന്നാണ് ശോഭാ ചാർലി കരാറിൽ ഉറപ്പ് നൽകുന്നത്. ഇക്കാര്യം സമ്മതിച്ചു കൊണ്ടുള്ള ബിജെപി നിയോജക മണ്ഡലം പ്രസിഡൻറിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്.

പഞ്ചായത്ത് പ്രസിഡൻറാകാൻ കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിലെ ശോഭാ ചാർലി ബിജെപിയുമായി രഹസ്യധാരണ ഉണ്ടാക്കിയതിന്റെ രേഖകളാണ് പുറത്തുവന്നത്. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം അംഗം ശോഭാ ചാർലിയെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ബിജെപി പിന്തുണച്ചത് വലിയ വിവാദമായിരുന്നു. ഇതേത്തുടർന്ന് ഇരുപാർട്ടികളുടെയും രാഷ്ട്രീയ ബന്ധം പുറത്തു വരാതിരിക്കാൻ ശോഭാ ചാർലിയും ബിജെപി നേതാവുമായുണ്ടാക്കിയതാണ് കരാർ.

എൽ.ഡി.എഫിൽ നിന്ന് പുറത്തുവന്നതു കൊണ്ടാണ് ശോഭാ ചാർലിയെ പിന്തുണച്ചതെന്നാണ് ബിജെപി നിയോജകമണ്ഡലം പ്രസിഡൻറ് ഷൈൻ ജി കുറുപ്പ് വിശദീകരണ വീഡിയോയിൽ പറയുന്നത്. അധ്യക്ഷ തെരെഞ്ഞെടുപ്പ് നടന്ന 30 നാണ് കരാർ ഒപ്പ് വെച്ചിരിക്കുന്നത്. അതേസമയം പ്രസിഡൻറ് തെരെഞ്ഞെടുപ്പിന് ശേഷമാണ് ശോഭാ ചാർലിയെ എൽ.ഡി.എഫ് പുറത്താക്കുന്നത്. എൽ.ഡി.എഫിൽ നിന്ന് പുറത്തുവന്നതുകൊണ്ടാണ് ശോഭയെ പിന്തുണച്ചതെന്ന ബിജെപി നേതാവിന്റെ വാദം തെറ്റാണെന്ന് ഇത് വ്യക്തമാക്കുന്നു. സിപിഎമ്മും ബിജെപിയും നേരത്തെ തന്നെ വോട്ടുകച്ചവടത്തെ കുറിച്ച് ധാരണയിൽ എത്തിയിരുന്നതായാണ് ഈ രേഖകൾ തെളിയിക്കുന്നത്. അധ്യക്ഷ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ അറിവോടെ ബിജെപി വാർഡ് അംഗങ്ങളാണ് ശോഭാ ചാർലിയുടെ പേര് നിർദ്ദേശിച്ചതും പിന്താങ്ങിയതും.

റാന്നി പഞ്ചായത്തിൽ തങ്ങളുടെ സ്ഥാനാർത്ഥിക്ക് സിപിഎം. അംഗങ്ങൾ വോട്ട് ചെയ്തെന്നാണ് ബിജെപി.യുടെ വാദം. എൽ.ഡി.എഫ്. പ്രതിനിധിയായ ശോഭ ചാർളിയുടെ പേര് തിരഞ്ഞെടുപ്പിൽ നിർദ്ദേശിച്ചതും ഇവരെ പിന്താങ്ങിയതും ബിജെപി. അംഗങ്ങളായിരുന്നു. ആറിനെതിരേ ഏഴ് വോട്ടുകൾക്കാണ് ശോഭ ചാർളി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

ബിജെപി. പിന്തുണയോടെ പ്രസിഡന്റായതിന് പിന്നാലെ രാജിവെക്കണമെന്ന് ശോഭ ചാർളിയോട് സിപിഎം. നേതൃത്വം ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, രാജിവെയ്ക്കില്ലെന്നായിരുന്നു ഇവരുടെ നിലപാട്. ഇതിനുപിന്നാലെ ശോഭ ചാർളിയെ എൽ.ഡി.എഫിൽനിന്ന് പുറത്താക്കുകയും ചെയ്തു. അതേസമയം, ശോഭ ചാർളിയും ബിജെപിയും തമ്മിലുള്ള ധാരണയെക്കുറിച്ച് പാർട്ടിക്ക് അറിയില്ലെന്നാണ് കേരള കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം. റാന്നിയിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും അഞ്ച് വീതം സീറ്റുകളും ബിജെപിക്ക് രണ്ട് സീറ്റുകളുമാണുള്ളത്. ഒരു സ്വതന്ത്രനും വിജയിച്ചിരുന്നു.