- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിവൈഎസ് പിമാരായ സദാനന്ദനും പ്രിൻസ് എബ്രഹാമിനും സി ഐ കെപി സുരേഷ്ബാബുവിനും എതിരെ നടപടി വേണം; ഫസൽ വധക്കേസിൽ നിലപാട് കടുപ്പിച്ചു സിബിഐ; കേസിന്വേഷണത്തിൽ ട്വിസ്റ്റുണ്ടാക്കാൻ നോക്കിയ പൊലിസ് ഉദ്യോഗസ്ഥന്മാർക്കെതിരെ നടപടി വേണം; സിപിഎമ്മിനൊപ്പം വെട്ടിലായി സർക്കാരും
തലശേരി: എൻ.ഡി. എഫ് പ്രവർത്തകൻ ഫസൽ വധക്കേസിൽ നിലപാട് കടുപ്പിച്ചു സി.ബി. ഐ രംഗത്തെത്തിയതോടെ സി.പി. എം രാഷ്ട്രീയ പ്രതിരോധത്തിലായി. തങ്ങൾ നടത്തിയ കേസന്വേഷണം അട്ടിമറിക്കാനാണ് സംസ്ഥാന പൊലിസ് ശ്രമിച്ചതെന്ന ഗുരുതരമായ ആരോപണം സി.ബി. ഐ കൊച്ചി പ്രത്യേക കോടതിയിൽ സമർപ്പിച്ചതോടെ സംസ്ഥാനസർക്കാരും ഫസൽവധക്കേസിൽ മറുപടി പറയേണ്ട അവസ്ഥയിലായിരിക്കുകയാണ്.
സംസ്ഥാന പൊലിസിലെ ഡി.വൈ. എസ്പിമാരായ പി.പി സദാനന്ദൻ, പ്രിൻസ് എബ്രഹാം, സി. ഐ കെ.പി സുരേഷ്ബാബു എന്നിവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിലെ ആവശ്യം. പൊലിസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെടുന്ന റിപ്പോർട്ട് സംസ്ഥാന സർക്കാരിനു കൈമാറിയിട്ടുണ്ടെന്നും സി.ബി. ഐ റിപ്പോർട്ടിൽ പറയുന്നു.
ഫസൽ വധക്കേസിനു പിന്നിൽ ആർ. എസ്. എസാണ് മറ്റൊരു വധക്കേസിലെ പ്രതിയായ സുബീഷിന്റെ മൊഴിയിലൂടെ സ്ഥാപിക്കാൻ ശ്രമിച്ചത്. ഫസലിന്റെ സഹോദരൻ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നു നടത്തിയ തുടരന്വേഷണത്തിൽ സി.പി. എം നേതാക്കളുൾപ്പെടെയുള്ളവർ തന്നെയാണ് പ്രതികളെന്നു സി.ബി. ഐ ആവർത്തിക്കുകയായിരുന്നു.
ഫസൽ വധക്കേസിൽ ആർ. എസ്. എസാണ് കൊലപാതകത്തിനു പിന്നിലെന്ന വാദം സി.ബി. ഐ തള്ളുകയും കാരായി രാജനും കാരായി ചന്ദ്രശേഖരനും അടക്കമുള്ളവർ തന്നെയാണ് പ്രതികളെന്നു ആവർത്തിച്ചു വ്യക്തമാക്കുകയാണ് സി.ബി. ഐ. വാളാങ്കിച്ചാൽ മോഹനൻ വധക്കേസിൽ സുബീഷിനെ കസ്റ്റഡിയിലെടുത്ത് അന്യായമായി തടങ്കലിൽവെച്ചു ഈ മൊഴി രേഖപ്പെടുത്തിയെന്നാണ് സി.ബി. ഐ കണ്ടെത്തൽ.
ഇതിൽ പൊലിസ് രേഖപ്പെടുത്തിയ മൊഴിയും ഫസൽ വധക്കേസിലെ സാഹചര്യങ്ങളും പൊരുത്തപ്പെടുന്നില്ലെന്നും സി.ബി. ഐ വ്യക്തമാക്കിയിട്ടുണ്ട്. ഫസൽ വധക്കേസിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന പ്രചരണം സി.പി. എം അതിശക്തമായി നടത്തിവരവേയാണ് സി.ബി. ഐയിൽ നിന്നും വീണ്ടും തിരിച്ചടിയുണ്ടായിരിക്കുന്നത്.
രണ്ടാഴ്ച്ച മുൻപാണ് സി.പി. എം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ജാമ്യവ്യവസഥയിൽ ഇളവു ലഭിച്ചതിനെ തുടർന്ന് തലശേരിയിലെത്തിയത്. ഇരു നേതാക്കൾക്കും വൻവരവേൽപ്പാണ് സി.പി. എം തലശേരിയിൽ ഒരുക്കിയിരുന്നത്. ഫസൽ വധക്കേസിനു ശേഷം കഴിഞ്ഞ എട്ടുവർഷമായി നാട്ടിൽ നിന്നും മാറിനിൽക്കേണ്ടിവന്ന ഇരു നേതാക്കളും സി.പി. എമ്മിൽ സജീവമാകുന്ന വേളയിലാണ് പ്രതിപട്ടികയിൽ മാറ്റം വരുത്താനാവില്ലെന്ന സി.ബി. ഐ നിലപാട് തിരിച്ചടിയായിരിക്കുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്