തിരുവനന്തപുരം: സിപിഎം-സിപിഐ രാഷ്ട്രീയ പോരിന് ഇനി പുതു മുഖം. സിപിഎമ്മിൽ നിന്നു വരുന്നവർക്കു ഇനി നേരിട്ടു തന്നെ സിപിഐ അംഗത്വം കിട്ടുമെന്ന അവസ്ഥ ഇടതു രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവയ്ക്കും. കോൺഗ്രസിനെ ചൊല്ലി രണ്ടു പേരും തമ്മിൽ ഭിന്നത രൂക്ഷമായി തുടരുന്നതിനിടെയാണ് സിപിഐയുടെ പുതിയ തീരുമാനം. ദേശീയ തലത്തിൽ കോൺഗ്രസിനെ ഒഴിവാക്കി മുമ്പോട്ട് പോകാനുള്ള സിപിഎം നീക്കത്തിന് എതിരാണ് സിപിഐ രാഷ്ട്രീയ മനസ്സ്. ഇതിനൊപ്പമാണ് സിപിഎമ്മുകാരെ സിപിഐയിലേക്ക് അടുപ്പിക്കാൻ അംഗത്വ പാക്കേജ്.

സിപിഐയിലേക്ക് മറ്റു പാർട്ടികളിൽ നിന്നു വരുന്നവർക്ക് ഈ ഇളവു ബാധകമല്ല. നിലവിൽ സിപിഐയിൽ നേരിട്ടു പൂർണ അംഗമാകാൻ സാധിക്കില്ല. 6 മാസം കാൻഡിഡേറ്റ് അംഗം (അംഗത്വ സ്ഥാനാർത്ഥി) ആയി പാർട്ടിയോടുള്ള കൂറു തെളിയിച്ച ശേഷമേ പൂർണ അംഗത്വത്തിലേക്കു പരിഗണിക്കൂ. ഇക്കാലയളവിലെ പ്രവർത്തനം വിലയിരുത്തി ബന്ധപ്പെട്ട ഘടകം ശുപാർശ ചെയ്യണം. സിപിഎമ്മിൽ അംഗത്വം ഉണ്ടായിരുന്നവർക്ക് ഇതു ബാധകമാക്കേണ്ടെന്നു കഴിഞ്ഞ ദിവസം ചേർന്ന നിർവാഹക സമിതി തീരുമാനിച്ചു. ഇതോടെ സിപിഎമ്മിൽ നിന്ന് ആരെത്തിയാലും ഉടൻ തന്നെ പാർട്ടി അംഗത്വവും സ്ഥാനവും ലഭിക്കും.

കാൻഡിഡേറ്റ് അംഗത്വത്തിലേക്ക് വരാൻ പല സിപിഎം നേതാക്കൾക്കും താൽപ്പര്യക്കുറവുണ്ട്. സിപിഎമ്മുമായി പിണങ്ങിയ ശേഷം പിന്നീട് സ്ഥാനങ്ങളൊന്നും കിട്ടിയില്ലെങ്കിലോ എന്ന ഭയം ആണ് ഇതിന് കാരണം. ഇതു മനസ്സിലാക്കിയാണ് സിപിഎമ്മുകാർക്ക് ഉടൻ അംഗത്വവും ഉത്തവരാദിത്തവും നൽകുന്നത്. ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ അടക്കം സിപിഐയിലേക്ക് എത്തുമെന്നാണ് സൂചന. രാജേന്ദ്രൻ സിപിഎം നേതൃത്വവുമായി പൂർണ്ണമായും അകന്നു കഴിഞ്ഞു. രാജേന്ദ്രന് പദവി നൽകി സിപിഐയിലെടുക്കാനാണ് ഈ മാറ്റമെന്നാണ് സൂചന. ഇത് സിപിഎം എങ്ങനെ എടുക്കുമെന്നതാണ് നിർണ്ണായകം.

സിപിഎമ്മിൽ നിന്നു വരുന്നവരെ ഇരുകയ്യും നീട്ടി സ്വീകരിക്കാനുള്ള സിപിഐ തീരുമാനം ഇടതുപക്ഷത്തെ അനൈക്യം കൂട്ടുമോ എന്ന ചർച്ചയും സജീവമാണ്. കണ്ണൂരിൽ സിപിഐയിൽ നിന്നു സിപിഎമ്മിലേക്കു ചിലർ വന്നത് ഇരു പാർട്ടികളും തമ്മിൽ സംഘർഷത്തിനു കാരണമായിരുന്നു. സഖ്യകക്ഷിയായ സിപിഐ തങ്ങളുടെ അംഗങ്ങളെ പിടിക്കുന്നതിനെതിരെ സിപിഎമ്മിന്റെ മധ്യനിര നേതാക്കൾ പ്രതികരിച്ചെങ്കിലും സംസ്ഥാന നേതൃത്വം പരസ്യ വിമർശനത്തിനു തുനിഞ്ഞിട്ടില്ല.

സിപിഎമ്മിൽ നിന്നെത്തുന്നവർക്കു വലിയ വരവേൽപ് നൽകേണ്ട ആവശ്യമില്ലെന്നും സിപിഐ നേതൃത്വം തീരുമാനിച്ചു. സ്ഥാനമാനങ്ങൾ ലക്ഷ്യമിട്ടു വരുന്നവരെ അംഗീകരിക്കില്ല. സിപിഎമ്മിൽ പ്രവർത്തിച്ച പദവി ചൂണ്ടിക്കാട്ടി അതോ അതിനു മുകളിലോ വേണമെന്ന വിലപേശലിനു മുതിരുന്നവരെയും ആവശ്യമില്ല-നിർവാഹക സമിതി വ്യക്തമാക്കി. എന്നാൽ ഇതിനെല്ലാം ഇളവുകളും നൽകാനാകും. 6 മാസത്തെ കാൻഡിഡേറ്റ് അംഗത്വം വേണ്ടെന്നു വയ്ക്കുന്നതോടെ ഇപ്പോൾ സിപിഐ അംഗത്വത്തിലേക്കു വരുന്ന സിപിഎമ്മുകാർക്കു ഫെബ്രുവരിയിൽ ആരംഭിക്കുന്ന സിപിഐ സമ്മേളനങ്ങളിൽ പങ്കെടുക്കാൻ കഴിയും. സമ്മേളനങ്ങളിലൂടെ വിവിധ ഘടകങ്ങളിലെ അംഗത്വം ഉറപ്പാക്കാനും സാധിക്കും.

സിപിഎമ്മിൽ നിന്നു വൻതോതിൽ പാർട്ടിയിലേക്ക് ഒഴുക്കുണ്ടെന്നാണു സിപിഐ നേതാക്കൾ അവകാശപ്പെടുന്നത്. കാസർകോട്, കോഴിക്കോട്, തൃശൂർ, വയനാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഈ പ്രവണത കൂടുതലാണ്. കോൺഗ്രസിലോ ബിജെപിയിലോ പ്രവർത്തിച്ചവർക്കും സിപിഐയിലേക്കു വരാൻ വിലക്കില്ല. എന്നാൽ ഇവർ 6 മാസം കാൻഡിഡേറ്റ് അംഗമായി പ്രവർത്തിക്കണം.