- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുന്നണി ബന്ധം തകരാതിരിക്കാൻ ജില്ലാ നേതാക്കളുടെ ചർച്ച; കൊടുമണിലെ സിപിഎം-സിപിഐ സംഘർഷം ഒത്തുതീർപ്പായി; സിപിഎം നിരുപാധികം കീഴടങ്ങി: നഷ്ടം സിപിഎമ്മുകാരുടെ ചവിട്ടും അടിയും കൊണ്ട പ്രവർത്തകർക്ക് മാത്രം
പത്തനംതിട്ട: അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിന്റെ പേരിലുണ്ടായ സിപിഎം-സിപിഐ സംഘർഷം ഒത്തു തീർപ്പായി. ഇരുപാർട്ടികളുടെയും ജില്ലാ നേതാക്കൾ നടത്തിയ ഉഭയ കക്ഷി ചർച്ചയിലാണ് തീരുമാനം. ജില്ലയിൽ മുന്നണി ബന്ധം തകരാതിരിക്കാൻ വേണ്ടിയായിരുന്നു ചർച്ച. ഒടുക്കം നഷ്ടം അടി കൊണ്ടതും വീട് തകർക്കപ്പെട്ടതുമായ സിപിഐ പ്രവർത്തകർക്ക് മാത്രമായി. തങ്ങൾ മുന്നോട്ടു വച്ച ഡിമാൻഡെല്ലാം സിപിഎം അംഗീകരിച്ചുവെന്നാണ് സിപിഐയുടെ അവകാശവാദം. ഇത് എത്രത്തോളം നടപ്പാകുമെന്ന കാര്യം കണ്ടു തന്നെ അറിയണം.
ഇരുപക്ഷത്ത് നിന്നും സംഘർഷങ്ങളിൽ പ്രതികളായവർക്കെതിരെ സംഘടന നടപടി സ്വീകരിക്കും. കേസുകൾ പുനരന്വേഷിക്കണമെന്ന ആവശ്യവുമായി രണ്ട് പാർട്ടി നേതാക്കളും സംയുക്തമായി പൊലീസിനെ സമീപിക്കും. തർക്കത്തിൽ തുടങ്ങി തെരുവിൽ തമ്മിൽ തല്ലിയത് ഒടുവിൽ പറഞ്ഞു തീർക്കുകയായിരുന്നു ജില്ലാ നേതാക്കൾ. ഒന്നര മണിക്കൂർ നീണ്ടുനിന്ന ഉഭയകക്ഷി ചർച്ചയിലാണ് മഞ്ഞുരുകുന്നത്. സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയൻ, അസിസ്റ്റന്റ് സെക്രട്ടറി ഡി സജി, സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മിറ്റി അംഗം കെ അനന്തഗോപൻ എന്നിവർക്ക് പുറമേ രണ്ട് കക്ഷികളുടെയും അടൂരിലെ പ്രാദേശിക നേതാക്കളും ചർച്ചയിൽ പങ്കെടുത്തു. പാർട്ടി പ്രവർത്തകരെ തല്ലിച്ചതച്ച ഡിവൈഎഫ്‌ഐക്കാർക്കെതിരെ നടപടി വേണമെന്ന ആവശ്യത്തിൽ സിപിഐ ഉറച്ചുനിന്നു. ആവശ്യം അംഗീകരിക്കാം എന്ന് സിപിഎം ജില്ലാ സെക്രട്ടറി ഉറപ്പ് നൽകി.
പൊലീസിന് ഏകപക്ഷീയമായ നിലപാടാണ് എന്നായിരുന്നു സിപിഐയുടെ ആരോപണം. ഈ സാഹചര്യത്തിലാണ് സംഘർഷങ്ങളെ തുടർന്ന് കൊടുമൺ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലും പുനരന്വേഷണം ആവശ്യപ്പെടാൻ തീരുമാനിച്ചത്. മുന്നണി ബന്ധത്തിന് കോട്ടം വരുന്നതൊന്നും ആവർത്തിക്കരുതെന്ന് സിപിഎം ആവശ്യപ്പെട്ടു.
ഈ മാസം 16ന് നടന്ന അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനെ തുടർന്നാണ് സംഘർഷ പരമ്ബര ഉണ്ടായത്. സിപിഎമ്മിന്റെ അഴിമതിക്കും കള്ളവോട്ടിനുമെതിരേ സിപിഐ എതിർപക്ഷത്ത് നിന്ന് മത്സരിക്കുകയായിരുന്നു. കള്ളവോട്ട് തടയാൻ സിപിഐക്കാർ ശ്രമിച്ചപ്പോഴാണ് സംഘർഷം ഉണ്ടായത്. കൊടുമൺ പൊലീസ് ഇൻസ്പെക്ടർ അടക്കം ഒമ്പതു പേർക്ക് പരുക്കേറ്റു.
ഇൻസ്പെക്ടറുടെ തലയിൽ സോഡാക്കുപ്പി കൊണ്ട് എറിഞ്ഞത് ഡിവൈഎഫ്ഐക്കാരനായിരുന്നുവെന്ന് പറയുന്നു. ഡ്യൂട്ടിയിലുള്ള പൊലീസുകാരനെ ആക്രമിച്ചതിന് ജാമ്യമില്ലാ വകുപ്പിട്ട് കേസെടുക്കുകയാണ് വേണ്ടത്. എന്നാൽ സിപിഎം സമ്മർദത്തെ തുടർന്ന് സ്റ്റേഷൻ ജാമ്യം കിട്ടാവുന്ന വകുപ്പാണ് ഇട്ടത്. പൊലീസ് സിപിഐക്കാരെ മാത്രം പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തു. സിപിഎമ്മുകാരുടെ ക്രൂരമർദനമേറ്റ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന സിപിഐക്കാരുടെ മൊഴി എടുക്കാനോ കേസ് രജിസ്റ്റർ ചെയ്യാനോ പൊലീസ് തയാറായിരുന്നില്ല. തുടർന്ന് സിപിഐ സംസ്ഥാന നേതാക്കൾ അടക്കം അടൂർ ഡിവൈഎസ്‌പി ഓഫീസ് ഉപരോധിച്ചു. മർദനമേറ്റ പ്രവർത്തകരുടെ മൊഴി എടുത്തെങ്കിലും സിപിഎം ജില്ലാ കമ്മറ്റി ഓഫീസിൽ നിന്ന് അനുജ്ഞ കിട്ടാതിരുന്നത് കാരണം ഏത് വകുപ്പു ചുമത്തണം എന്ന് പൊലീസ് തീരുമാനിച്ചിരുന്നില്ല. ഇതോടെ അങ്ങാടിക്കൽ ബാങ്ക് തെരഞ്ഞെടുപ്പിൽ ഡിവൈഎഫ്ഐയിലെ മീശ കുരുക്കാത്ത പയ്യന്മാർ സ്വന്തം അപ്പന്റെ പ്രായം വരുന്ന സിപിഐ നേതാക്കളായ സുരേഷ് കുമാർ, ഉദയൻ എന്നിവരെ ചവിട്ടിക്കൂട്ടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. സട കുടഞ്ഞ് എണീറ്റ പൊലീസ് പിന്നെ സിപിഎം അനുജ്ഞയ്ക്ക് കാത്തു നിൽക്കാതെ ജാമ്യമില്ലാ വകുപ്പിട്ട് ഡിവൈഎഫ്ഐക്കാർക്കെതിരേ കേസ് എടുത്തു.
പൊലീസ് ഇൻസ്പെക്ടറുടെ തല തകർത്തത് സിപിഐക്കാരാണെന്നും അവർക്കെതിരേ ജാമ്യമില്ലാ വകുപ്പിട്ട് കേസെടുക്കണമെന്നും സിപിഎം ഭാഗത്ത് നിന്ന് ആവശ്യമുയർന്നു. അങ്ങനെ ചെയ്താൽ ഇൻസ്പെക്ടറെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തു വിടുമെന്ന് സിപിഐയും അറിയിച്ചു. ആക്രമണ ദൃശ്യങ്ങളിലുള്ളത് ഡിവൈഎഫ്ഐക്കാരാണ്. ഇവിടെയുംപണി കിട്ടുമെന്ന് കണ്ടതോടെയാണ് ഒത്തു തീർപ്പ് ചർച്ചയ്ക്ക് സിപിഎം തയാറായത്.
ഇതിന് പുറമേ ചന്ദനപ്പള്ളി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ ഹരികുമാർ പുറത്തു വിട്ട വീഡിയോയും സിപിഎമ്മിന് തിരിച്ചടിയായി. കൊടുമണിലെ പ്രാദേശിക നേതാക്കളായ എഎൻ സലിം, കെകെ അശോക് കുമാർ, മുരളി ചക്കാല എന്നിവർ ചേർന്ന് ചന്ദനപ്പള്ളി സർവീസ് സഹകരണ ബാങ്ക് കൊള്ളയടിക്കുന്നുവെന്നും നിക്ഷേപകർക്ക് 2000 രൂപ പോലും പിൻവലിക്കാൻ കഴിയുന്നില്ലെന്നും തെളിവ് നിരത്തി ഹരികുമാർ ആരോപണം ഉന്നയിച്ചു. ഈ സംഭവവും ദോഷകരമായി ബാധിക്കുമെന്ന് വന്നപ്പോൾ സിപിഎം നിരുപാധികം കീഴടങ്ങുകയായിരുന്നു.