- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഐക്കാരുടെ തലമണ്ട എറിഞ്ഞു പൊട്ടിച്ചു; പിന്നാലെ വീടും ആക്രമിച്ചു; എന്നിട്ടും ജാമ്യമില്ലാ കേസ് വന്നത് സിപിഐക്കാർക്ക് എതിരേ; അടൂർ പൊലീസിന്റെ സിപിഎം പ്രേമത്തിൽ ഗതികിട്ടാതെ സിപിഐക്കാരുടെ പരക്കം പാച്ചിൽ; ഒടുവിൽ ഡിവൈഎസ്‌പിയെ ഉപരോധിച്ച് നേതാക്കൾ
അടൂർ: സെക്രട്ടറി അടക്കം സിപിഎമ്മിന്റെ ജില്ലാ നേതാക്കളുടെ വരുതിക്കൊത്ത് പ്രവർത്തിക്കുന്ന അടൂർ പൊലീസിന് കീഴിൽ തങ്ങൾക്ക് നീതി കിട്ടില്ലെന്ന് വന്നതോടെ എൽഡിഎഫ് ഘടക കക്ഷികളിൽ രണ്ടാമനായ സിപിഐയുടെ സംസ്ഥാന-ജില്ലാ നേതാക്കൾ ഡിവൈഎസ്‌പിയെ ഉപരോധിച്ചു.
കൊടുമൺ അങ്ങാടിക്കൽ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിന്റെ പേരിൽ സിപിഎമ്മുകാരുടെ ആക്രമണം നേരിടേണ്ടി വന്ന സിപിഐ പ്രവർത്തകരെ തെരഞ്ഞു പിടിച്ച് ജാമ്യമില്ലാ വകുപ്പിട്ട് കേസിൽ കുടുക്കുകയും സിപിഐ നേതാക്കളെയും അവരുടെ വീടും ആക്രമിക്കുകയും പാർട്ടി കൊടിമരങ്ങൾ തകർക്കുകയും ചെയ്ത സിപിഎം-ഡിവൈഎഫ്ഐ അക്രമി സംഘത്തിന് എതിരേ ചെറുവിരൽ പോലും അനക്കുകയും ചെയ്യാത്ത പൊലീസ് നിലപാടിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും മുൻ എംഎൽഎയുമായ കെആർ ചന്ദ്രമോഹൻ,ജില്ലാ സെക്രട്ടറി എപി ജയൻ എന്നിവരുടെ നേതൃത്വത്തിലാണ് ശനിയാഴ്ച രാവിലെ ഡിവൈ.എസ്‌പി ഓഫിസ് ഉപരോധിച്ചത്.
അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്കിൽ സിപിഎം നടത്തുന്ന ക്രമക്കേടുകൾക്കെതിരേ സിപിഐ മത്സരരംഗത്തുണ്ടായിരുന്നു. കോൺഗ്രസ് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നപ്പോൾ സിപിഐ ആയി സിപിഎമ്മിന് പ്രധാന എതിരാളികൾ. ജില്ലയിലെ എല്ലാ സഹകരണ ബാങ്കുകളിലുമെന്നതു പോലെ അങ്ങാടിക്കലിലും കള്ളവോട്ടിന് സിപിഎം നടത്തിയ ശ്രമം സിപിഐ തടയാൻ ശ്രമിച്ചു.
അടൂർ,മണ്ണടി ലോബിയുടെ നേതൃത്വത്തിൽ സിപിഎം കള്ളവോട്ട് ചെയ്യുന്നതിനായി പ്രത്യേക പരിശീലനം സിദ്ധിച്ചവരെ ഇറക്കിയിരുന്നു. ഇതിനെതിരേ സിപിഐ പ്രതികരിച്ചതോടെ തെരഞ്ഞെടുപ്പ് നടന്ന അങ്ങാടിക്കൽ തെക്ക് എസ്എൻവി ഹയർ സെക്കൻഡറി സ്‌കൂൾ പരിസരത്ത് സംഘർഷമായി. സോഡാക്കുപ്പി കൊണ്ടുള്ള ഏറിൽ പൊലീസ് ഇൻസ്പെക്ടർ അടക്കം ഒമ്പതു പേർക്കാണ് പരുക്കേറ്റത്. തെരഞ്ഞെടുപ്പിൽ മൃഗീയ ഭൂരിപക്ഷത്തിൽ സിപിഎം ജയിച്ചതിന് പിന്നാലെ സിപിഐക്കാരുടെ വീടുകളിൽ വ്യാപകമായി അക്രമം അഴിച്ചു വിട്ടു.
ജനാലച്ചില്ലുകൾ തകർത്ത് പൊടിച്ച് കിണറ്റിൽ കലക്കുക വരെ ചെയ്തു. അഴിഞ്ഞാടിയ ഗുണ്ടകൾക്കെതിരേ പരാതി കിട്ടിയിട്ടും പൊലീസ് നടപടി എടുത്തില്ല. അതേ സമയം സിപിഐക്കാർക്കെതിരേ കേസ് വരികയും ചെയ്തു. പക്ഷപാതിത്വപരമായ ഈ നടപടിക്കെതിരേ ആയിരുന്നു സിപിഐ പ്രതിഷേധം. ഇതിനിടയിൽ കൂട്ടം കൂടിയ പ്രവർത്തകരോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടത് പ്രവർത്തകരും പൊലീസും തമ്മിൽ വാക്കുതർക്കമുണ്ടാക്കി. ഡിവൈഎസ്‌പി ആർ.ബിനുവുമായി നേതാക്കൾ ചർച്ച നടത്തി. അങ്ങാടിക്കൽ സംഭവത്തിൽ ഉചിതമായ നടപടികൾ എടുക്കാം എന്ന് ഉറപ്പു നൽകിയതായി സിപിഐ ജില്ലാ സെക്രട്ടറി എ.പി ജയൻ പ്രവർത്തകരെ അറിയിച്ചു. ഇതോടെയാണ് ഡിവൈ.എസ്‌പി ഓഫീസ് പരിസരത്തു നിന്നും പ്രവർത്തകർ പിരിഞ്ഞു പോയത്.
സിപിഐ സംസ്ഥാന കൗൺസിൽ അംഗം മുണ്ടപ്പള്ളി തോമസ്,ഓയിൽ ഫാം ചെയർമാൻ എംവി വിദ്യാധരൻ, അടൂർ നഗരസഭ ചെയർമാൻ ഡി.സജി, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അരുൺ കെ.എസ് മണ്ണടി,സിപിഐ അടൂർ മണ്ഡലം സെക്രട്ടറി ഏഴംകുളം നൗഷാദ്, എ.ഐ.വൈ.എഫ് ദേശീയ കൗൺസിൽ അംഗം അഡ്വ.ആർ.ജയൻ,എ.ഐ.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ബിബിൻ എബ്രഹാം, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി എസ്.അഖിൽ,എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് അശ്വിൻ മണ്ണടി, എം.മനു,ബൈജു മുണ്ടപ്പള്ളി, സന്തോഷ് പാപ്പച്ചൻ എന്നിവർ പങ്കെടുത്തു
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്