- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുറ്റ്യാടി എംഎൽഎയ്ക്ക് പുറകെ സിപിഎമ്മിൽ ഇനിയും തലകൾ ഉരുളും; ജില്ലാ അവലോകന യോഗങ്ങൾ അവസാനഘട്ടത്തിലേയ്ക്ക്; വികെ മധുവിനെതിരെ നടപടി ഉണ്ടായേക്കും; സ്വരാജിന്റെയും മേഴ്സിക്കുട്ടിയമ്മയുടെയും തോൽവിയും ഗൗരവകരം; പാലം വലിച്ചവർക്കെതിരെ വടി എടുക്കാൻ സിപിഎം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയെങ്കിലും ജയം ഉറപ്പിച്ചിരുന്ന ചില മണ്ഡലങ്ങളിലെ പരാജയങ്ങൾക്ക് കാരണമായത് പാർട്ടിക്കുള്ളിലെതന്നെ പ്രശ്നങ്ങളാണെന്ന തിരിച്ചറിവിൽ സിപിഎം. പ്രാദേശികമായി പാർട്ടിയും സ്ഥാനാർത്ഥികളും നേരിട്ട പ്രശ്നങ്ങൾ വിശകലനം ചെയ്ത് അതിനു പരിഹാരം കാണാനുള്ള നടപടികളിലേക്ക് സിപിഎം നീങ്ങുന്നു. ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങളിൽ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അവലോകനം നടക്കുകയാണ്. ഇതിന്റെ പുരോഗതി ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. 13 ജില്ലകളിലെ അവലോകനയോഗങ്ങൾ പൂർത്തിയായി. തൃശൂർ ജില്ലാ കമ്മിറ്റി യോഗം ഇന്ന് നടക്കുകയാണ്.
തുടർവിജയത്തിന്റെ തിളക്കം കുറച്ച കുണ്ടറയിലെയും തൃപ്പൂണിത്തുറയിലെയും പരാജയങ്ങൾ ഒഴിവാക്കാമായിരുന്നുവെന്ന വിലയിരുത്തലിലാണ് സിപിഎം. അപ്രതീക്ഷിതമായ ഈ പരാജയങ്ങളെ കുറിച്ച് പാർട്ടി പരിശോധിക്കുന്നു. അരുവിക്കര, അമ്പലപ്പുഴ അടക്കമുള്ള മണ്ഡലങ്ങൾ പിടിച്ചെടുക്കുകയും നിലനിർത്തുകയും ചെയ്തത് ചില നേതാക്കളുടെ പാരകളെ അതിജീവിച്ചാണെന്ന വസ്തുതയും പാർട്ടി ഗൗരവകരമായി എടുക്കുന്നു. ഈ മണ്ഡലങ്ങളിൽ സംഭവിച്ചത് മറ്റ് മണ്ഡലങ്ങളിൽ ആവർത്തിക്കാതിരിക്കാനുള്ള നടപടികളിലേയ്ക്കാണ് പാർട്ടി നീങ്ങുന്നത്. അതിന്റെ പ്രതിഫലനങ്ങളാണ് ജില്ലാ അവലോകനയോഗങ്ങളിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ.
കുറ്റ്യാടി മണ്ഡലത്തിൽ നിന്നു വിജയിച്ച പാർട്ടി ജില്ലാ സെക്രട്ടേറിയറ്റംഗം കൂടിയായ കെ. കുഞ്ഞമ്മദ് കുട്ടിയെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്താനുള്ള ശുപാർശ ഇതിന്റെ ആദ്യപടിയായാണ് പാർട്ടി കാണുന്നത്. കുറ്റ്യാടിയിൽ മുന്നണി ആദ്യം പ്രഖ്യാപിച്ച സ്ഥാനാർത്ഥിയ്ക്കെതിരെ ഉണ്ടായ പ്രതിഷേധങ്ങൾ സിപിഎമ്മിന്റെ ചരിത്രത്തിലാദ്യമാണ്. ഇതിന് പിന്നിൽ സ്ഥാനാർത്ഥിയാകാനാഗ്രഹിച്ച കുഞ്ഞമ്മദ് കുട്ടിയുടെ നിശബ്ദ പിന്തുണ ഉണ്ടായിരുന്നെന്ന് പാർട്ടി കരുതുന്നു. കുറ്റ്യാടിയിലെ സംഭവങ്ങൾ പാർട്ടിക്ക് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. ഇത്തരം സംഭവങ്ങളിൽ മുഖം നോക്കാതെയുള്ള നടപടി ഉണ്ടാകുമെന്ന സന്ദേശം നൽകണമെന്ന് സിപിഎം സംസ്ഥാനനേതൃത്വം കരുതുന്നു. അതിന്റെ ഭാഗമാണ് വിശദീകരണം പോലും ചോദിക്കാതെയുള്ള നടപടി.
കുറ്റ്യാടി സീറ്റ് ആദ്യം കേരളാ കോൺഗ്രസിന് നൽകിയത് പിണറായി വിജയന്റെ നേതൃത്വത്തിൽ കൂടിയ യോഗമാണ്. എന്നാൽ പിന്നീട് പ്രതിഷേധങ്ങളെ തുടർന്ന് സീറ്റ് തിരിച്ചെടുക്കേണ്ടി വന്നത് സംസ്ഥാനനേതൃത്വത്തിന് തന്നെ കനത്ത ആഘാതമായിരുന്നു. അതുകൊണ്ടുതന്നെ ഈ നടപടി മുഖ്യമന്ത്രി പിണറായി വിജയന്റെ കൂടി അറിവോടെയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നടപടിക്രമങ്ങൾ പാലിക്കാതെയുള്ള തരംതാഴ്ത്തലിനെതിരെ അപ്പീൽ നൽകുമെന്ന് കുഞ്ഞമ്മദ് കുട്ടി പറഞ്ഞിട്ടുണ്ടെങ്കിലും അത് അംഗീകരിക്കാനുള്ള സാധ്യത വിരളമാണ്.
അരുവിക്കരയിൽ വിജയമുണ്ടായെങ്കിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന വി.കെ മധുവിന്റെ നിസഹരണം തിരുവനന്തപുരം ജില്ലാ അവലോകന യോഗത്തിൽ ചർച്ചയായിരുന്നു. അരുവിക്കരയിൽ താൻ സ്ഥാനാർത്ഥിയാകുമെന്ന വിശ്വാസത്തിലായിരുന്നു മധു. അതിന് വേണ്ട പ്രവർത്തനങ്ങൾ അഞ്ച് വർഷം മുമ്പെ മധു ആരംഭിച്ചിരുന്നു. ഇതിനിടെയിൽ ജാതി സമവാക്യങ്ങൾ കൂടി കണക്കിലെടുത്ത് കാട്ടാക്കട മണ്ഡലത്തിൽ നിന്നും ജി. സ്റ്റീഫനെ അരുവിക്കരയിൽ മൽസരിപ്പിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധമുണ്ടായിരുന്ന വി.കെ മധുവിന്റെ സഹകരണം തെരഞ്ഞെടുപ്പിൽ ഉണ്ടായില്ല എന്നാണ് ഉയർന്ന വിമർശനം. ഇത് പരിശോധിക്കാൻ അന്വേഷണ കമ്മിഷനെ ജില്ലാകമ്മിറ്റി നിയോഗിച്ചിരിക്കുകയാണ്. അരുവിക്കര മണ്ഡലത്തിന്റെ ചുമതലയിൽ നിന്നും മധുവിനെ ഒഴിവാക്കുകയും ചെയ്തു. മധുവിനെതിരെ നടപടി ഉണ്ടായകുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. ജില്ലാ സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവാക്കുകയോ പരസ്യശാസന നൽകുകയോ ചെയ്തേയ്ക്കാം.
കുണ്ടറയിലും ഇതേ പരിശോധന നടക്കുകയാണ്. ചില ഏര്യാ തല നേതാക്കൾക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. മേഴ്സിക്കുട്ടിയമ്മയെ ഇത്തവണ മാറ്റിനിർത്തണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പാർട്ടി മേഴ്സിക്കുട്ടിയമ്മയെ സ്ഥാനാർത്ഥിയാക്കിയതോടെ ഇവർ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്നും മാറിനിന്നെന്ന് കൊല്ലം ജില്ലാ അവലോകന യോഗത്തിൽ ആരോപണമുയർന്നു. അമ്പലപ്പുഴ മണ്ഡലത്തിൽ വിജയമുണ്ടായെങ്കിലും മുന്മന്ത്രി ജി. സുധാകരൻ നിസ്സഹകരിച്ചെന്ന് ആലപ്പുഴ ജില്ലാകമ്മിറ്റിയിൽ വിമർശനം ഉയർന്നിരുന്നു. തെരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ പൂർണമായും മാറിനിന്ന സുധാകരനെ ജില്ലാകമ്മിറ്റി ഇടപെട്ട് അനുനയിപ്പിക്കുകയായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കമ്മിറ്റിയുമായി പൂർണമായും സഹകരിക്കാൻ സുധാകരൻ തയ്യാറായില്ലെന്ന് ജില്ലാ കമ്മിറ്റിയിൽ പരാതി ഉണ്ടായി. തെരഞ്ഞെടുപ്പിന് ശേഷം സുധാകരനെതിരെ അമ്പലപ്പുഴയിൽ പാർട്ടിക്കാർ തന്നെ പോസ്റ്റർ ഒട്ടിച്ചതിനെതിരെ സുധാകരനും സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകിയിട്ടുണ്ട്. എന്നാൽ സുധാകരനെതിരെ നടപടി ഉണ്ടാകാനുള്ള സാധ്യത കുറവാണ്.
എറണാകുളം ജില്ലയിൽ മൂന്ന് മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രാദേശിക നേതൃത്വത്തിനെതിരേ പരാതി ഉയർന്നിരുന്നു. തൃക്കാക്കരയിലും തൃപ്പൂണിത്തുറയിലും കളമശ്ശേരിയിലുമാണിത്. തൃപ്പൂണിത്തുറയിലെ എം. സ്വരാജിന്റെ പരാജയം വലിയ നാണക്കേടായാണ് പാർട്ടി കാണുന്നത്. കെ. ബാബുവിന് തൃപ്പൂണിത്തുറയിൽ മുമ്പുണ്ടായിരുന്ന സ്വാധീനം നിലവിൽ ഇല്ലെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ എന്നിട്ടും എറണാകുളം ജില്ലയിലെ പാർട്ടിയുടെ ശക്തികേന്ദ്രങ്ങൾ ഉൾപ്പെട്ട മണ്ഡലത്തിൽ സ്വരാജിനെ പോലൊരു യുവനേതാവ് പരാജയപ്പെട്ടതിന് പിന്നിൽ സംഘടനാപരമായ കാരണങ്ങളാണെന്ന് സിപിഎംകേന്ദ്രങ്ങൾ സമ്മതിക്കുന്നു. ഇക്കാര്യങ്ങൾ വിശദമായി പരിശോധിക്കാനാണ് ജില്ലാകമ്മിറ്റിയുടെ തീരുമാനം. തൃക്കാക്കരയിൽ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് പ്രാദേശിക സിപിഎം. നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു. പാർട്ടി വിചാരിച്ചതിനെക്കാൾ വലിയ പരാജയമാണ് ഇവിടെ ഉണ്ടായത്.
തൃക്കാക്കരയിലേയും തൃപ്പൂണിത്തുറയിലേയും പരാജയങ്ങൾ അന്വേഷിക്കുന്നതിന് ഗോപി കോട്ടമുറിക്കൽ, കെ.ജെ. ജേക്കബ് എന്നിവരടങ്ങുന്ന കമ്മിഷനെയും നിയോഗിച്ചിട്ടുണ്ട്. കളമശ്ശേരിയിൽ തുടക്കത്തിൽ ആലങ്ങാട് ഏരിയാ നേതൃത്വവുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്നിരുന്നു. മികച്ച ഭൂരിപക്ഷത്തോടെ കളമശ്ശേരി പിടിക്കാൻ കഴിഞ്ഞതിനാൽ പരാതികൾ പിന്നെ ഉയർന്നില്ല.
ജില്ലാ ഘടകങ്ങളുടെ അവലോകന റിപ്പോർട്ട് ഈ മാസം 6നും 7നും ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അവലോകനം ചെയ്യും. ജില്ലാഘടകങ്ങളുടെ റിപ്പോർട്ടുകൾ ക്രോഡീകരിച്ചുള്ള സംസ്ഥാനതല റിപ്പോർട്ട് 9, 10 തീയതികളിൽ സംസ്ഥാനകമ്മിറ്റി ചർച്ച ചെയ്യും. വനിതാകമ്മിഷനിലേക്ക് പുതിയ അധ്യക്ഷയെ നിശ്ചയിക്കുന്നതുൾപ്പെടെ മറ്റ് വിഷയങ്ങളൊന്നും ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്തില്ല.
മറുനാടന് മലയാളി ബ്യൂറോ