- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സർക്കാരിന് എതിരായ ആരോപണങ്ങളെ നേരിടാൻ സജ്ജമാകണം; എംഎൽഎമാർക്ക് നിർദ്ദേശവുമായി സിപിഎം; തദ്ദേശ തെരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടാകണം പ്രവർത്തനമെന്നും കോടിയേരി
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് എതിരായ ആരോപണങ്ങളെ നേരിടാൻ ജനകീയരായ ജനപ്രതിനിധികളുടെ ഇടപെടലിലൂടെ കഴിയുമെന്ന നിർദ്ദേശവുമായി സിപിഎം നേതൃത്വം. ഇക്കാര്യത്തിൽ പാർട്ടി എംഎൽഎമാർ പ്രത്യേകം ശ്രദ്ധിക്കണമെന്നും സിപിഎം സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേർന്ന സിപിഎം എംഎൽഎമാരുടെ യോഗത്തിലാണ് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇത്തരമൊരു നിർദ്ദേശം എംഎൽഎമാർക്ക് നൽകിയത്. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായാണ് പാർട്ടി എംഎൽഎമാരുടെയോഗം വിളിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈനിലായിരുന്നു യോഗം. കോടിയേരി ബാലകൃഷ്ണനു പുറമേ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി രാജീവും യോഗത്തിൽ പങ്കെടുത്തു.
സംസ്ഥാന സർക്കാരിനെതിരായ ആരോപണങ്ങളെ പ്രതിരോധിക്കാൻ ലൈഫ് പദ്ധതിയിലെ വിവാദങ്ങൾക്ക് ഇതിലെ നേട്ടങ്ങൾ എണ്ണി പറഞ്ഞ് എംഎൽഎമാർ മറുപടി നൽകണം. ഇതിലൂടെ ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റണമെന്നും സിപിഎം നിർദ്ദേശിച്ചു. നേട്ടങ്ങളിൽ മാത്രമല്ല, പ്രതിസന്ധികളിൽ സർക്കാരിനെ പ്രതിരോധിക്കാനുള്ള ബാധ്യതയും എംഎൽഎമാർക്കുണ്ട്. ലൈഫ് പദ്ധതി പോലുള്ള വിവാദങ്ങളിൽ വിമർശനം ഉയരുമ്പോൾ മൗനം പാലിക്കരുത്. ലൈഫ് പദ്ധതി എന്തെന്നും അതിലൂടെ സർക്കാർ നൽകിയ വലിയ സഹായങ്ങളും എണ്ണിപ്പറഞ്ഞ് ജനങ്ങളെ ബോധ്യപ്പെടുത്തണം. തദ്ദേശ തെരഞ്ഞെടുപ്പിലും പാർട്ടിയുടെ വിജയത്തിന് എംഎൽഎമാർക്ക് വലിയ പങ്കു വഹിക്കാനുണ്ട് എന്നും യോഗത്തിൽ നേതൃത്വം ചൂണ്ടിക്കാട്ടി.
തദ്ദേശ തെരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടാകണം ഇനിയുള്ള പ്രവർത്തനം. സമൂഹമാധ്യമങ്ങളിൽ എംഎൽഎമാർ കൂടുതൽ സജീവമാകണമെന്നും സർക്കാരിന്റെ വികസന നേട്ടങ്ങൾ പ്രചരിപ്പിക്കണമെന്നും പാർട്ടി നിർദ്ദേശം നൽകിയിട്ടുണ്ട്. സർക്കാരിനെതിരേ പ്രതിപക്ഷം തുടർച്ചയായി ആരോപണങ്ങൾ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് സമൂഹമാധ്യമങ്ങളിലൂടെ ഇതിനെ പ്രതിരോധിക്കാൻ എംഎൽഎമാർക്ക് സിപിഎം നിർദ്ദേശം നൽകിയത്. റോഡുകളുടെ നവീകരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ എംഎൽഎമാർ മുൻകൈയെടുക്കണമെന്നും നിർദ്ദേശമുണ്ട്.
മറുനാടന് ഡെസ്ക്