- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർട്ടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും 'ക്വട്ടേഷൻ ബന്ധം'; സന്നദ്ധ സംഘടനകൾക്ക് ലഭിച്ച സഹായങ്ങൾ പരിശോധിക്കാൻ സിപിഎം; സംശയിക്കുന്നവരുടെ കൂട്ടത്തിൽ ബാങ്ക് അപ്രൈസർമാരും; മുഖച്ഛായ രക്ഷിക്കാൻ നേതൃത്വം ഒരുങ്ങുമ്പോൾ കണ്ണൂരിലെ പാർട്ടി ക്വട്ടേഷനുകൾക്ക് കടിഞ്ഞാൺ വീഴുമോ?
കണ്ണൂർ: സ്വർണക്കടത്ത് ക്വട്ടേഷൻ സംഘങ്ങളുമായുള്ള പ്രവർത്തകരുടെ ഇടപെടലുകളിൽ നടപടി തുടങ്ങിയ സിപിഎം, പാർട്ടിയുമായി ബന്ധപ്പെട്ട ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ക്വട്ടേഷൻ സഹായം ഉപയോഗിക്കപ്പെട്ടിട്ടുണ്ടോ എന്നതും അന്വേഷിക്കുന്നു. പാർട്ടിയുടെ സന്നദ്ധ സംഘടനകൾക്ക് ഇവരിൽനിന്നു സഹായം കിട്ടിയിട്ടുണ്ടോ എന്നതാണ് പരിശോധിക്കുന്നത്.
ക്വട്ടേഷൻ സംഘവുമായി അടുപ്പമുള്ള കൂടുതൽ പേരുടെ വിവരങ്ങൾ പാർട്ടിയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നാണു സൂചന. സംശയിക്കുന്നവരുടെ കൂട്ടത്തിൽ ബാങ്ക് അപ്രൈസർമാരും ഉൾപ്പെട്ടിട്ടുള്ളതായി വിവരമുണ്ട്. പാർട്ടി തള്ളിപ്പറഞ്ഞ ആകാശ് തില്ലങ്കേരി, അർജുൻ ആയങ്കി തുടങ്ങിയവരുടെ വലയത്തിൽ പാർട്ടിബന്ധമുള്ള മറ്റാരെങ്കിലുമുണ്ടോ എന്നതാണ് അന്വേഷിക്കുന്നത്.
ക്വട്ടേഷൻ സംഘങ്ങൾ, ബ്ലേഡ് ഇടപാടുകാർ, ഭൂമാഫിയ സംഘങ്ങൾ തുടങ്ങിയവരുമായി ചങ്ങാത്തം പാടില്ലെന്ന് പാലക്കാട് പ്ലീനത്തിൽ സിപിഎം നിലപാടെടുത്തിരുന്നു. ഇതിനു വിരുദ്ധമായി പ്രവർത്തിച്ചവർക്കെതിരെ പിന്നീട് നടപടിയെടുത്തെങ്കിലും വിവരം പാർട്ടിക്ക് അകത്തു മാത്രം ഒതുങ്ങി. പുതിയ സംഘങ്ങൾക്കു പാർട്ടിയെ മറയാക്കാൻ ഇത് അവസരമായി.
സിപിഎം ക്വട്ടേഷൻ - മാഫിയ സംഘങ്ങൾക്കെതിരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥകൾ നടത്തിയിരുന്നു. ആരോപണ വിധേയരെ തള്ളിപ്പറഞ്ഞും പ്രാഥമിക അംഗത്വം റദ്ദു ചെയ്തും വിവാദം ശമിപ്പിക്കാനാണ് പാർട്ടി നേതൃത്വത്തിന്റെ നീക്കം.
കരിപ്പൂർ സ്വർണക്കടത്തു വിഷയത്തിൽ മുഖം രക്ഷിക്കാനുള്ള പെടാപാടിലാണ് സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം. കുഴൽപ്പണം, കഞ്ചാവ്, സ്വർണക്കടത്ത്, ക്വട്ടേഷൻ, തീവ്രവാദം തുടങ്ങിയവ വഴി പണം കണ്ടെത്തുന്ന സംഘങ്ങളിൽ ചിലർക്ക് പാർട്ടിയുമായി അടുത്ത ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. സിപിഎം സംസ്ഥാന - ജില്ലാ കമ്മിറ്റി യോഗങ്ങളിൽ ഇതു സംബന്ധിച്ച ചർച്ചകൾ നടന്നിരുന്നു. വിഷയത്തിൽ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കുലറുകൾ എല്ലാ ജില്ലാ കമ്മിറ്റികൾക്കും കീഴ്ഘടകങ്ങൾക്കും നൽകുകയും ചെയ്തിരുന്നതാണ്.
കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഉയർന്നു കേൾക്കുന്ന പേരുകൾ പലതും സിപിഎമ്മിന് തലവേദനയാകുന്നുണ്ട്. കൊടി സുനി, അർജുൻ ആയങ്കി, ആകാശ് തില്ലങ്കേരി എന്നീ പേരുകൾ പാർട്ടിക്കുമേൽ കരിനിഴൽ വീഴ്‌ത്തിക്കഴിഞ്ഞു. ആരോപണ വിധേയരെ തള്ളിപ്പറഞ്ഞും പ്രാഥമിക അംഗത്വം റദ്ദു ചെയ്തും വിവാദം ശമിപ്പിക്കാൻ പാർട്ടി നേതൃത്വം ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്.
കള്ളപ്പണ കേസിൽ സംസ്ഥാനത്തിന് പുറത്ത്, ജയിലിൽ കഴിയുന്ന മുതിർന്ന സിപിഎം നേതാവിന്റെ മകനെതിരെയും, സ്വർണക്കടത്ത് ആരോപണം ശക്തമാണ്. കണ്ണൂരിലെ ക്വട്ടേഷൻ സംഘങ്ങളുടെ പിൻബലത്തിലാണ് ഇയാൾ, ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കിയതെന്ന് നേരത്തേതന്നെ സംശയങ്ങളുണ്ടായിരുന്നു.
കണ്ണൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘങ്ങളുമായുള്ള വളരെ അടുത്ത ബന്ധവും സംശയത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്നു. കണ്ണൂരിലെ സിപിഎം നേതാക്കളിൽ പലർക്കും സ്വർണക്കടത്തു സംഘാംഗങ്ങളുമായി ബന്ധമുണ്ടെന്ന വിവരങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിരുന്നു. നേതാക്കളുടെ വഴിവിട്ട ബന്ധം ചർച്ചയായ വേളയിലാണ്, ചിലരെ പുറത്താക്കി മുഖം രക്ഷിക്കാൻ പാർട്ടി ശ്രമിച്ചത്.
മുൻപും, സിപിഎം നേതാക്കളുടേയും പ്രവർത്തകരുടേയും വഴിവിട്ട ബന്ധങ്ങൾ ചർച്ചയായിരുന്നു. ഇതോടെയാണ് ക്വട്ടേഷൻ - മാഫിയ സംഘങ്ങൾക്കെതിരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥകൾ നടത്തിയത്. അണികളെ ബോധ്യപ്പെടുത്താനായുള്ള ചടങ്ങുകൾ മാത്രമായ പ്രതിഷേധം, പിന്നീട് സ്വാഭാവികമായി നിലയ്ക്കുകയും ചെയ്തു. ഇപ്പോൾ അർജുൻ ആയങ്കിയുടെയും ആകാശ് തില്ലങ്കേരിയുടേയും വിവാദമുണ്ടായപ്പോൾ, മുമ്പ് നടത്തിയ പ്രതിഷേധവും പാർട്ടി പരിപാടികളും കാൽനട ജാഥകളും ചൂണ്ടിക്കാണിച്ചാണ് ആരോപണങ്ങളിൽ നിന്നും സിപിഎം മുഖം രക്ഷിക്കുന്നത്.
അതിനിടെ, സ്വർണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ കള്ളക്കടത്ത് സംഘങ്ങളുടെ പട്ടിക മുഖം നോക്കാതെ തയ്യാറാക്കാൻ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം മേധാവി സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച വന്നതായുള്ള വിമർശനങ്ങൾ ഉയർന്നതിനിടെയാണ്, സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം മേധാവി ടി.കെ വിനോദ് കുമാർ കർശന നടപടിയിലേക്ക് നീങ്ങുന്നത് എന്നറിയുന്നു.
മറുനാടന് മലയാളി ബ്യൂറോ