- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജില്ലാ കമ്മറ്റിയുടെ പാനലിനെതിരേ മത്സരിക്കാൻ അഞ്ചു പേർ; സിപിഎം കവിയൂർ ലോക്കൽ സമ്മേളനം നിർത്തി വച്ചു; പത്തനംതിട്ട ജില്ലയിൽ വിഭാഗീയത മൂലം നിർത്തി വയ്ക്കുന്ന ആദ്യ ലോക്കൽ സമ്മേളനം
തിരുവല്ല: രൂക്ഷമായ വിഭാഗീയതയെ തുടർന്ന് അഞ്ച് ;്രപതിനിധികൾ മത്സരത്തിന് തുനിഞ്ഞതോടെ സിപിഎം കവിയൂർ ലോക്കൽ സമ്മേളനം നിർത്തി വച്ചു. പത്തനംതിട്ട ജില്ലയിൽ വിഭാഗീയതയെ തുടർന്ന് നിർത്തി വയ്ക്കുന്ന ആദ്യ ലോക്കൽ സമ്മേളനമാണ് ഇത്. പാർട്ടി മുന്നോട്ടു വച്ച പാനലിനെതിരെ സമ്മേളന പ്രതിനിധികൾ ഒറ്റക്കെട്ടായി അഞ്ചു പേരുകൾ നിർദ്ദേശിച്ചതാണ് തർക്കത്തിന് ഇടയാക്കിയത്. മത്സരത്തിന് തുനിഞ്ഞവർ ആരും പിന്മാറാൻ തയാറാകാതെ വന്നതിനെ തുടർന്നാണ് സമ്മേളനം നിർത്തി വയ്‌ക്കേണ്ടി വന്നത്.
സംസ്ഥാന കമ്മിറ്റി അംഗം കെ. അനന്തഗോപന്റെ സാന്നിധ്യത്തിലാണ് ഇന്നലെ ലോക്കൽ സമ്മേളനം ആരംഭിച്ചത്. ഇരുവിഭാഗങ്ങൾ തമ്മിൽ അതിരൂക്ഷമായ വിഭാഗീയത നിലനിൽക്കുന്ന സാഹചര്യത്തിലാണ് പാർട്ടി സംസ്ഥാന, ജില്ലാ കമ്മിറ്റി അംഗങ്ങൾ നേരിട്ട് സമ്മേളനത്തിൽ പങ്കെടുത്തത്. സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിന്റെ പേരിലാണ് തർക്കം ഉടലെടുത്തത്. തർക്കം പരിഹരിക്കാതെ തന്നെ സമ്മേളനം മുന്നോട്ടു പോയി.
ഇതിനിടെയാണ് കമ്മിറ്റിയിലേക്കുള്ള പാനൽ പാർട്ടി ജില്ലാ കമ്മിറ്റി അംഗം അവതരിപ്പിച്ചത്. പതിനഞ്ചംഗ പാനലിൽ പാർട്ടിയിലെ ഒരു വിഭാഗം പരസ്യമായി എതിർക്കുന്ന രണ്ട് നേതാക്കളും ഉണ്ടായിരുന്നു. ഇവരെ പാനലിൽ വീണ്ടും ഉൾപ്പെടുത്തിയതിന് എതിരെയാണ് അഞ്ചു പേർ മത്സര രംഗത്ത് എത്തിയത്. സമ്മേളന പ്രതിനിധികളിൽ ഭൂരിഭാഗവും ഇവരെ പിന്തുണച്ചു. ഇതോടെ കാര്യങ്ങൾ കൂടുതൽ ഗുരുതരമായി. സംസ്ഥാന നേതാക്കളും, ജില്ലാ നേതാക്കളും അടങ്ങിയ സംഘം ഒത്തു തീർപ്പ് ശ്രമം നടത്തിയെങ്കിലും മത്സരിക്കാൻ തയ്യാറായവർ പിന്മാറിയില്ല. ഇതേ തുടർന്നാണ് സമ്മേളനം തന്നെ നിർത്തി വയ്ക്കുന്ന സ്ഥിതിയുണ്ടായത്.
നിരവധി അഴിമതി ആരോപണങ്ങൾ മൂലം സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കം ചെയ്ത കെ.സോമനെ വീണ്ടും ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തുവാനുള്ള ശ്രമം പ്രതിഷേധത്തിന് ഇടയാക്കി. വർഷങ്ങളായി സിപിഎം പ്രതിനിധികൾ ജയിക്കുന്ന മുണ്ടിയപ്പള്ളിയിൽ ഇക്കുറി പരാജയത്തിന് കാരണമായത് ഏരിയ കമ്മിറ്റി മെമ്പർ ജോർജ് വർഗീസ് ആണെന്നും ഇവരെ രണ്ടു പേരെയും സംസ്ഥാന സമിതിയംഗം കെ.അനന്തഗോപൻ പിന്തുണയ്ക്കുന്നു എന്നതുമാണ് തർക്കങ്ങൾക്ക് കാരണമായതെന്നാണ് അറിവാകുന്ന വിവരങ്ങൾ. 15അംഗ ലോക്കൽ കമ്മിറ്റിയിലേക്ക് മുൻ ഡിവൈഎഫ്ഐ പഞ്ചായത്ത് സെക്രട്ടറിയും സർവീസ് സംഘടന ജില്ലാ നേതാവുമായിരുന്ന കെ.കെ.രമേശൻ, ബ്രാഞ്ച് സെക്രട്ടറിമാരായ പ്രവീൺ കളത്തിൽ, സനോബ് രാജ്, ഗ്രാമപഞ്ചായത്ത് അംഗം അച്ചു.സി.എൻ., പ്രദീഷ് എന്നിവർ ഔദ്യോഗിക വിഭാഗത്തിനെതിരെ മത്സര രംഗത്ത് ഉറച്ചു നില്ക്കുകയും ചെയ്തതോടെ സമ്മേളന നടപടികൾ നിർത്തി വെയ്ക്കേണ്ടതായി വന്നു
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്