- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളിക്കല്ലേ കേട്ടോ... അക്കളി നല്ലതിനല്ല... അങ്ങ് പൊരേൽ ഏത്തൂല ഇമ്മാതിരി കളി കളിച്ചാല്‍'; യൂണിഫോം അഴിച്ചാൽ ചവിട്ടികൂട്ടും; ഒഞ്ചിയത്ത് പൊലീസിനെ ഭീഷണിപ്പെടുത്തിയിട്ടും സിപിഎം നേതാവിനെതിരെ കേസില്ല; ഭീഷണി പുതുവത്സര ദിനത്തിൽ ആളുകളെ സംഘടിപ്പിച്ച പാർട്ടി അംഗത്തെ കസ്റ്റഡിയിലെടുത്തപ്പോൾ; പിണറായി പൊലീസിന്റെ എല്ലൂരുന്ന സഖാക്കളുടെ കഥ
കോഴിക്കോട്: കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിൽ സിപിഎം ഭരിക്കുമ്പോൾ പാർട്ടി സഖാക്കളുടെ ഭരണമാണെന്ന ആക്ഷേപം എല്ലാക്കാലത്തും ശക്തമായിരുന്നു. എന്നാൽ, ഇത്തവണ മുൻകാലങ്ങളുടേതിന് വ്യത്യസ്തമായി പൊലീസിനെ ആഭ്യന്തര മന്ത്രി അഴിച്ചു വിട്ടിരിക്കയാണ് എന്ന ആക്ഷേപവും ശ്ക്തമായിരുന്നു. ഇതിനിടെ പൊലീസിനെ പരസ്യമായി ഭീഷണിപ്പെടുത്തുന്ന സിപിഎം സഖാക്കളുടെ കഥയും പുറത്തുവന്നു.
പൊലീസിനെതിരെ പരസ്യമായി ഭീഷണി മുഴക്കിയയത്, വടകര ഒഞ്ചിയത്തെ സിപിഎം നേതാവാണ്. പുതുവത്സര പരിപാടിയുമായി ബന്ധപ്പെട്ട് രണ്ട് പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെയാണ് വടകര അഴിയൂരിൽ പൊലീസിനെതിരെ സിപിഎം നേതാവ് പരസ്യമായി ഭീഷണി മുഴക്കിയത്.പുതുവത്സര പരിപാടിയുമായി ബന്ധപ്പെട്ട് പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത വിഷയത്തിൽ ചോമ്പാല പൊലീസ് സ്റ്റേഷനിലെ സിപിഒ വിശ്വനാഥനെതിരെ സിപിഎം ഏരിയ കമ്മിറ്റി അംഗം ഇ.എം ദയാനന്ദനാണ് ഭീഷണി മുഴക്കിയത്.
പാർട്ടി പ്രവർത്തകരെ കസ്റ്ററിയിൽ എടുത്തതുമായി ബന്ധപ്പെട്ട് ദയാനന്ദൻ പൊലീസ് സ്റ്റേഷനിൽ എത്തുകയും പൊലീസുകാരുമായി തർക്കത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിനിടെയാണ് ദയാനന്ദന്റെ ഭീഷണി ഉണ്ടായത്. പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.'ഒറ്റയ്ക്ക് പ്രവർത്തകർക്ക് നേരെ കൈ ചൂണ്ടിയാൽ ആ കൈ ചുരുട്ടി കൂട്ടും. വെറുതെയല്ല, മെയ്യഭ്യാസം പഠിച്ച ആളാണ്...കളിക്കല്ലേ കേട്ടോ... അക്കളി നല്ലതിനല്ല... അങ്ങ് പൊരേൽ ഏത്തൂല ഇമ്മാതിരി കളി കളിച്ചാല്‍'- ഇത്തരത്തിലായിരുന്നു പാർട്ടി നേതാവിന്റെ ഭീഷണി.
പാർട്ടിയുടെ നേത്യത്വത്തിൽ നടന്ന പുതുവത്സരാഘോഷത്തിൽ നിരവധി പേർ പങ്കെടുത്തിരുന്നു. എന്നാൽ സംഘം ചേർന്ന് പരിപാടി സംഘടിപ്പിക്കുവാൻ പാടില്ലെന്നായിരുന്നു പൊലീസ് നിർദ്ദേശിച്ചു. ഇത് ചോദ്യം ചെയ്തത്തിന്റെ പേരിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.പക്ഷെ, കസ്റ്റഡിയിലെടുത്തവരെ പാർട്ടി പ്രവർത്തകർ ബലപ്രയോഗിച്ച് മോചിപ്പിച്ചതായി പൊലീസ് ആരോപിക്കുന്നു. ഇതേതുടർന്ന് തൊട്ടടുത്ത ദിവസം ഹേമന്ത് എന്ന പാർട്ടി പ്രവർത്തകന്റെ വീട്ടിലെത്തി ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം, താൻ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് ദയാനന്ദൻ പറയുന്നത്. പുതുവത്സരവുമായി ബന്ധപ്പെട്ട് പൊലീസുകാർ മാന്യമായിട്ടാണ് പെരുമാറിയതെങ്കിലും സിപിഒ വിശ്വനാഥൻ മോശമായിട്ടാണ് പെരുമാറിയതെന്ന് സിപിഎം ആരോപിക്കുന്നു. വിഷയം ചൂണ്ടിക്കാണിച്ച് പാർട്ടി വടകര റൂറൽ എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. അതേസമയം ഭീഷണിപ്പെടുത്തിയ സിപിഎം നേതാവിനെതിരെ കേസെടുക്കേണ്ട കാര്യമില്ലെന്ന നിലപാടിലാണ് പൊലീസ് എന്നന്നതാണ് വിചിത്രമായ കാര്യം.
മറുനാടന്‍ ഡെസ്ക്