- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയത ചോദ്യം ചെയ്തു; സിപിഎം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ കാർ അടിച്ചു തകർത്തു; യുവാവിനെ മർദിച്ചു; തടസം പിടിക്കാൻ ചെന്ന സ്ത്രീകൾക്കും മർദനം
തിരുവല്ല: റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയതയെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം കാർ അടിച്ചു തകർത്ത ശേഷം യുവാവിനെ അതിക്രൂരമായി മർദ്ദിച്ചുവെന്ന് പരാതി. മർദനം തടയാനെത്തിയ സ്ത്രീകളെയും വെറുതേ വിട്ടില്ല. കുറ്റൂർ പടിഞ്ഞാറ്റോതറ പാലത്തിങ്കൽ വീട്ടിൽ ബ്ലസനാ(26)ണ് പരുക്കേറ്റത്.
സിപിഎം കുറ്റൂർ ഈസ്റ്റ് എൽസി സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് മുൻ മെമ്പറുമായ അനൂപ് ഏബ്രഹാം, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി നിതീഷ്, പ്രവർത്തകനായ മോനിഷ് എന്നിവരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്.
കുന്നത്തുമൺ ജങ്ഷന് സമീപം ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം. സഹോദരിയെ ബസ് കയറ്റി വിട്ട ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബ്ലസൻ സഞ്ചരിച്ചിരുന്ന കാറ് അക്രമി സംഘം തടഞ്ഞു നിർത്തി. തുടർന്ന് കാറിന്റെ മുൻ വശത്തെ ചില്ല് കല്ലുപയോഗിച്ച് അടിച്ചു തകർത്തു. ഇത് ചോദ്യം ചെയ്ത് കാറിൽ നിന്നും ഇറങ്ങിയ ബ്ലസനെ മൂവരും ചേർന്ന് മർദിക്കുകയായിരുന്നു.
റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി ജനകീയ സമിതി സ്ഥാപിച്ച ബോർഡും സംഘം അടിച്ചു തകർത്തു. മർദ്ദനത്തിൽ സാരമായി പരിക്കേറ്റ ബ്ലസൻ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പടിഞ്ഞാറ്റോതറ-കുന്നത്തു മൺ റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി ബ്ലസൻ അടക്കമുള്ള പ്രദേശവാസികൾ ചേർന്ന് കഴിഞ്ഞ ദിവസം പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. റോഡ് കോൺക്രീറ്റിങ്ങിന് മുന്നോടിയായി റോഡ് ഉയർത്തുന്നതിന് ക്വാറി മക്കിന് പകരം കമ്പിയും മറ്റും നിറഞ്ഞ കെട്ടിട വേസ്റ്റ് ഉപയോഗിച്ചതാണ് പ്രദേശവാസികളുടെ പ്രതിഷേധത്തിന് കാരണമായത്.
ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് ഗ്രാമ പഞ്ചായത്ത് മരാമത്ത് വിഭാഗം ഉദ്യോഗസ്ഥരെത്തി പണികൾ നിർത്തി വെപ്പിക്കുകയും കരാറുകാരന് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ഇതിന്മേലുള്ള വിരോധമാകാം ആക്രമണത്തിന് ഇടയാക്കിയതെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവം സംബന്ധിച്ച് ബ്ലസനും ജനകീയ സമിതിയും നൽകിയ പരാതിയിൽ തിരുവല്ല പൊലീസ് മൂവർക്കും എതിരെ കേസെടുത്തു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്