- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിമാനത്തിൽ ഇ പി ജയരാജൻ ഇടപെട്ട് തടഞ്ഞതുകൊണ്ട് മാത്രമാണ് മുഖ്യമന്ത്രി അക്രമകാരികളിൽ നിന്ന് രക്ഷപ്പെട്ടത്; മുഖ്യമന്ത്രിയുടെ സംരക്ഷണം പാർട്ടി ഏറ്റെടുക്കേണ്ടി വരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്; കോൺഗ്രസിന്റെ ഉന്നത നേതൃത്വം അറിഞ്ഞുള്ള ആക്രമണമെന്ന് മുഖ്യമന്ത്രിയും
തിരുവനന്തപുരം: മുഖ്യമന്ത്രിയെ പോലും ഇല്ലാ കഥകളുണ്ടാക്കി അക്രമിക്കാൻ ശ്രമിക്കുന്ന യുഡിഎഫിന്റെ നടപടികൾക്കെതിരെ ജനാധിപത്യ വിശ്വാസികൾ രംഗത്തിറങ്ങണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. സുരക്ഷാ സംവിധാനമില്ലാത്ത വിമാനത്തിലുൾപ്പടെ ആക്രമണം സംഘടിപ്പിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ഉൾപ്പെടെയുള്ള സംരക്ഷണം പാർട്ടി ഏറ്റെടുക്കേണ്ടിവരുമെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ വെച്ച് നടന്ന അക്രമ ശ്രമത്തിൽ സമാധാനപരമായ ശക്തമായ പ്രതിഷേധം ഉയർത്തണം. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വരുന്ന ഇന്റിഗോ ഫ്ളൈറ്റിൽ യാത്ര ചെയ്യവെയാണ് യൂത്ത് കോൺഗ്രസ്സ് നേതാക്കൾ മുഖ്യമന്ത്രിയെ അക്രമിക്കാൻ തയ്യാറായി മുന്നോട്ട് വന്നത്. വിമാനത്തിലുണ്ടായിരുന്ന എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഈ ഘട്ടത്തിൽ ഇടപെട്ട് തടഞ്ഞതുകൊണ്ട് മാത്രമാണ് മുഖ്യമന്ത്രി അക്രമകാരികളിൽ നിന്ന് രക്ഷപ്പെട്ടത്.
ഒരുഭാഗത്ത് മുഖ്യമന്ത്രിയുടേയും മറ്റും സുരക്ഷയെക്കുറിച്ച് വിമർശനം ഉന്നയിക്കുകയും ഒപ്പം അക്രമകാരികൾക്ക് അഴിഞ്ഞാടാൻ അവസരമൊരുക്കുകയും ചെയ്യുന്ന കുടില തന്ത്രങ്ങൾക്കാണ് യുഡിഎഫും, ബിജെപിയും നേതൃത്വം നൽകുന്നത്. വിമാനത്തിലെ സംഭവങ്ങൾ ഈ കാര്യത്തിന് അടിവരയിടുന്നു. വിമാനത്തിൽ കയറി യാത്രക്കാരെ അക്രമിക്കുക എന്നത് ഭീകരവാദ സംഘടനകൾ സ്വീകരിക്കുന്ന വഴിയാണ്. ആ വഴിയാണ് യൂത്ത് കോൺഗ്രസ്സ് നേതാക്കൾ ഇവിടെ തെരഞ്ഞെടുത്തിട്ടുള്ളത്.
ഒരുഭാഗത്ത് ജനാധിപത്യത്തെ സംബന്ധിച്ച് പ്രസംഗിക്കുകയും, മറുഭാഗത്ത് ബോധപൂർവ്വമായി അക്രമങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്യുന്ന നടപടിയാണ് ഇവിടെയും കോൺഗ്രസ്സ് സ്വീകരിക്കുകയും ചെയ്തിട്ടുള്ളത്. ഇല്ലാ കഥകൾ സംഘപരിവാർ സൃഷ്ടിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ അക്രമങ്ങൾ സംഘടിപ്പിച്ച് ക്രമസമാധാന നില തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്ന നടപടിയാണ് യുഡിഎഫ് സ്വീകരിക്കുന്നതന്നും സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.
അതേസമയം, കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കു വന്ന വിമാനത്തിൽ ഇന്നുണ്ടായത് തികച്ചും അപലപനീയമായ സംഭവമാണെന്ന് മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ വിമാനത്തിനകത്ത് അക്രമാസക്തമായി പെരുമാറിയതിനെ ന്യായീകരിച്ചുകൊണ്ട് കോൺഗ്രസ്സിന്റെ ഉന്നത നേതൃത്വം തന്നെ രംഗത്തുവന്നത് കണ്ടു. സംഭവത്തിനു പിന്നിലെ ആസൂത്രണം തെളിയിക്കുന്ന പ്രതികരണമാണത്.
കുറച്ചു നാളായി യു ഡി എഫ് നേതൃത്വം നടത്തുന്ന അനാവശ്യവും കലാപം ലക്ഷ്യമിട്ടുള്ളതുമായ സമരങ്ങളുടെ തുടർച്ച തന്നെയാണിത്. ജനാധിപത്യത്തോടും ജനങ്ങളോടുമുള്ള വെല്ലുവിളിയായേ ഇതിനെ കാണാനാകൂ. നാട്ടിലാകെ കുഴപ്പം ഉണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. അതിന് ബിജെപിയുടെ സഹായവും കിട്ടുന്നു. സർക്കാരിനെ സ്‌നേഹിക്കുന്നവരെയും ജനങ്ങളെയാകെയും പ്രകോപിപ്പിക്കാനുള്ള നിരന്തര നീക്കമാണുണ്ടാകുന്നത്. ഇത്തരം അക്രമ-അരാജക നീക്കങ്ങളോട് ജനാധിപത്യപരമായി പ്രതിഷേധിക്കുന്നതിനോടൊപ്പം പ്രതിപക്ഷത്തിന്റെ കെണിയിൽ വീഴാതിരിക്കാനുള്ള ജാഗ്രത കാണിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
മറുനാടന് മലയാളി ബ്യൂറോ