- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേന്ദ്ര കമ്മറ്റിയിൽ മരുമകന് വേണ്ടി വാദിക്കാത്തത് കെ റെയിലിൽ യെച്ചൂരിയെ ഒപ്പം നിർത്താൻ; പിബിയിൽ ബംഗാളിന് കരുത്ത് കൂടുമ്പോൾ എസ് ആർ പിയുടെ റോളിൽ വിജയരാഘവൻ ഇനി കേരളത്തിന് വേണ്ടി വാദിക്കും; കണ്ണൂരിൽ പിണറായി ഉപേക്ഷിച്ചത് റിയാസിലെ മോഹം മാത്രം; സിപിഎമ്മിൽ പിണറായി സർവ്വ സൈന്യാധിപനാകുമ്പോൾ
കണ്ണൂർ: കണ്ണൂരിൽ താരമായത് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണ്. കേന്ദ്ര കമ്മറ്റി അംഗം എംസി ജോസഫൈൻ സമ്മേളന വേദിയിൽ കുഴഞ്ഞു വീണ് മരിച്ചു. എന്നിട്ടും പൊതു സമ്മേളനം വേണമെന്നതും പിണറായിയുടെ തീരുമാനമായിരുന്നു. കണ്ണൂരിൽ കരുത്ത് കൂട്ടാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം. അപ്പോഴും ഒരു മോഹം മാത്രം നടന്നില്ല. മന്ത്രിയും മരുമകനുമായ മുഹമ്മദ് റിയാസിനെ കേന്ദ്ര കമ്മറ്റിയിൽ എത്തിക്കാനുള്ള ആഗ്രഹം. ഇതിന് കാരണം ബംഗാളിലെ പാർട്ടിക്ക് ദേശീയ നേതൃത്വത്തിലുള്ള സ്വാധീനം കൊണ്ടു മാത്രമാണ്.
എകെ ബാലനും എളമരം കരിമും തോമസ് ഐസക്കും പിബിയിൽ ഇടം ആഗ്രഹിച്ചവരാണ്. എന്നാൽ മൂന്ന് പേരേയും പിണറായി വെട്ടി. ബംഗാളിനൊപ്പം ചേർന്ന് കേരള താൽപ്പര്യങ്ങളെ തകർക്കാൻ അവർ ശ്രമിക്കുമോ എന്ന ആശങ്കയായിരുന്നു അതിന് കാരണം. ബംഗാൾ ഘടകത്തിന്റെ മനസ്സ് മനസ്സിലാക്കിയാണ് റിയാസിനെ കേന്ദ്ര കമ്മറ്റിയിലേക്ക് നിർദ്ദേശിക്കാത്തും. സീതാറാം യെച്ചൂരിയുടെ മനസ്സ് റിയാസിന് അനുകൂലമല്ലെന്ന് പിണറായി തിരിച്ചറിഞ്ഞിരുന്നു. കെ റെയിൽ അടക്കമുള്ള വിഷയത്തിൽ യെച്ചൂരിയുടെ പിന്തുണ അനിവാര്യമായിരുന്നു. അതുകൊണ്ട് തന്നെ റിയാസിന് വേണ്ടി പിണറായി നിർബന്ധം പിടിച്ചില്ല.
കെ റെയിലിനെ പരസ്യമായി സിപിഎം തള്ളി പറയില്ല. കേരളത്തിൽ മാത്രമാണ് സിപിഎമ്മിന് ഭരണമുള്ളത്. ബംഗാളിലും ത്രിപുരയിലും ഭരണം ഉടൻ കിട്ടുമെന്ന് ആരും കരുതുന്നില്ല. കേരളത്തിലെ സിപിഎം എന്നാൽ പിണറായി വിജയനുമാണ്. അതുകൊണ്ട് തന്നെയാണ് കണ്ണൂരിൽ പിണറായിക്ക് മുൻതൂക്കം കിട്ടുന്നത്. ദേശീയ തലത്തിലെ നയം പോലും നിശ്ചയിക്കുന്ന പാർട്ടിയിലെ സർവ്വ സൈനാധിപനായി പിണറായി മാറി കഴിഞ്ഞു. ദേശീയ ജനറൽ സെക്രട്ടറിയായ യെച്ചൂരിക്കും തൽകാലം പിണറായിയെ അനുസരിക്കേണ്ടി വരും. അതുകൊണ്ടാണ് കെ റെയിലിൽ അടക്കം സിപിഎം കേന്ദ്ര നേതൃത്വം തന്ത്രപരമായ മൗനം തുടരുന്നത്.
കെ റെയിലിനെ ഒരു സംസ്ഥാന വിഷയമായി കേന്ദ്ര നേതൃത്വം കാണും. യെച്ചൂരി അടക്കമുള്ളവർ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിക്കില്ല. ഈ ഉറപ്പാണ് പിണറായി വാങ്ങുന്നത്. കേരളത്തിൽ ഭരണ തുടർച്ച ഹാട്രിക്കിൽ എത്തിക്കുമെന്ന ഉറപ്പാണ് പിണറായി കേന്ദ്ര നേതൃത്വത്തിന് നൽകുന്നത്. കോൺഗ്രസ് അതിദുർബ്ബലമാകുന്നതിനാൽ അതിന് കേരളത്തിലെ സിപിഎമ്മിന് കഴിയുമെന്നാണ് കേന്ദ്ര നേതാക്കളുടേയും വിലയിരുത്തൽ.
ഇടതുപക്ഷരാഷ്ട്രീയത്തിന് വഴികാട്ടിയാകുംവിധം ശക്തമായ സാന്നിധ്യമാകാൻ കേരളഘടകത്തിന് കഴിഞ്ഞുവെന്നതാണ് സിപിഎം. കണ്ണൂർ പാർട്ടികോൺഗ്രസിന്റെ പ്രത്യേകത. ബിജെപി.യാണ് മുഖ്യശത്രുവെന്ന് പ്രഖ്യാപിക്കുമ്പോൾ, കേരളമാതൃകയാണ് അതിനെ പ്രതിരോധിക്കാനുള്ള ബദലെന്ന് പാർട്ടി അംഗീകരിച്ചു. ഇത് പിണറായിക്കുള്ള അംഗീകാരമാണ്. പിണറായിയും കോടിയേരിയും കഴിഞ്ഞ എ വിജയരാഘവനാകും പാർട്ടിയിലെ പ്രധാനിയെന്ന് പ്രഖ്യാപിക്കാനും പിബിയിലേക്കുള്ള പുതിയ അംഗത്തെ നിശ്ചയിക്കുക വഴി കഴിഞ്ഞു. എംഎ ബേബിക്കും അതിന് ശേഷം മാത്രമാകും സ്ഥാനം.
കേരളഘടകം ഒരു അധീശശക്തിയായി നിലകൊള്ളുമ്പോഴും പാർട്ടിനയത്തിലും നിലപാടിലും പൊളിറ്റ് ബ്യൂറോ എടുക്കുന്ന തീരുമാനം നിർണായകംതന്നെയാണ്. കാര്യങ്ങൾ മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ കഴിവുണ്ടായിരുന്ന എസ്. രാമചന്ദ്രൻപിള്ള ഇനി പി.ബി.യിലില്ല. ഈ സാഹചര്യത്തിലാണ് അതിവിശ്വസ്തനായ വിജയരാഘവന് പിണറായി അവസരം നൽകുന്നത്. കേരളത്തിന്റെ ആവശ്യങ്ങൾ അംഗീകരിച്ചെടുക്കേണ്ട ബാധ്യത ഇനി വിജയരാഘവനാകും. പുതിയ പി.ബി. അംഗങ്ങളിൽ അശോക് ധാവ്ല കേരളനിലപാടിനോട് അത്ര അടുപ്പംകാണിക്കുന്ന നേതാവല്ല. മഹാരാഷ്ട്രയിൽ ബുള്ളറ്റ് ട്രെയിൻ വിരുദ്ധസമരത്തിന്റെ നായകൻകൂടിയാണ് ധാവ്ല. യെച്ചൂരിയുടെ വിശ്വസ്തനായാണ് ധാവ്ല അറിയപ്പെടുന്നത്.
ബംഗാളിൽ നിന്നുള്ള രാമചന്ദ്ര ദോം പൊളിറ്റ് ബ്യൂറോയിൽ എത്തിയപ്പോൾ പിബിയിലെ ആദ്യത്തെ ദലിത് മുഖമെന്ന പ്രതിച്ഛായയോടൊപ്പം ബംഗാളിലെ ഉയർന്ന പ്രാതിനിധ്യവും സിപിഎമ്മിന് ഉറപ്പാക്കാനായി. പാർട്ടി അഖിലേന്ത്യാ സെന്ററിന്റെ ഭാഗമായി ദൈനംദിന കാര്യ നടത്തിപ്പിനായി നേരത്തേ ഉണ്ടായിരുന്ന കേന്ദ്ര സെക്രട്ടേറിയറ്റ് ഉടൻ പുനഃസ്ഥാപിക്കും. പുതിയ കേന്ദ്രകമ്മിറ്റിയുടെ ആദ്യ യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. എളമരം കരിം, സി.എസ്. സുജാത, വിജു കൃഷ്ണൻ തുടങ്ങിയവർ കേന്ദ്ര സെക്രട്ടേറിയറ്റിന്റെ ഭാഗമായേക്കും.
നിലവിലെ 17 അംഗ പിബിയിൽ ആറു പേർ ബംഗാളിൽനിന്നും നാലു പേർ കേരളത്തിൽ നിന്നുമായിരുന്നു. ബംഗാളിൽ നിന്നുള്ള ബൃന്ദ കാരാട്ട് പാർട്ടി സെന്ററിന്റെ ഭാഗമായാണ് പ്രവർത്തിക്കുന്നത്. ബിമൻ ബസു, ഹന്നൻ മൊള്ള, സൂര്യകാന്ത് മിശ്ര, മുഹമ്മദ് സലിം, തപൻ സെൻ, നിലോൽപൽ ബസു എന്നിവരാണ് ബംഗാളിൽ നിന്ന് പിബിയിലുണ്ടായിരുന്നത്.
ഇതിൽ ബിമൻ ബസുവും ഹനൻ മൊള്ളയും ഇത്തവണ ഒഴിവായി. ഹന്നൻ മൊള്ള അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറിയെന്ന നിലയിലാണ് പിബിയിലെത്തിയത്. പകരമെത്തിയത് കിസാൻ സഭ അഖിലേന്ത്യാ പ്രസിഡന്റ് അശോക് ധാവ്ളെ. മഹാരാഷ്ട്രക്കാരനാണ് ധാവ്ളെ. രണ്ടു പേർ ബംഗാളിൽനിന്നു മാറിയപ്പോൾ പുതുതായെത്തിയത് രാമചന്ദ്ര ദോം മാത്രം. അങ്ങനെ പിബിയിലെ ബംഗാൾ പ്രാതിനിധ്യം ആറിൽ നിന്ന് അഞ്ചായി.
പാർട്ടി അംഗസംഖ്യ അനുസരിച്ച് രാജ്യത്തെ ഏറ്റവും ശക്തമായ ഘടകം ഇപ്പോൾ കേരളമാണ്. ബംഗാളായിരുന്നു നേരത്തേ. നിലവിൽ ബംഗാളിൽ രണ്ട് ലക്ഷത്തിൽ താഴെ മാത്രമാണ് അംഗങ്ങൾ. കേരളത്തിലാകട്ടെ അഞ്ച് ലക്ഷത്തിന് മുകളിലും. എങ്കിലും ബംഗാൾ വലിയ സംസ്ഥാനമെന്നത് പരിഗണിക്കപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ