- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സിപിഎമ്മിൽ പൊളിറ്റിക്കൽ ക്രിമിനലുകൾ': ജി സുധാകരന്റെ ആരോപണം തള്ളി എ എം ആരിഫ്; അത്തരത്തിൽ ഉണ്ടെങ്കിൽ നടപടിക്കുള്ള ശക്തി പാർട്ടിക്കുണ്ടെന്ന് ആലപ്പുഴ എംപി; ചേരിപ്പോര് പരസ്യമാക്കേണ്ടെന്ന നിലപാടുമായി സംസ്ഥാന നേതൃത്വം; സ്ത്രീത്വത്തെ അപമാനിച്ചെന്ന 'പരാതി'യിൽ പ്രതികരണം വിലക്കി; കെട്ടടങ്ങാതെ വിവാദം
ആലപ്പുഴ: സിപിഎമ്മിൽ ക്രിമിനൽ പൊളിറ്റിക്കൽ മൂവ്മെന്റുണ്ടെന്ന് മന്ത്രി ജി സുധാകരൻ ഉയർത്തിയ ആരോപണത്തിൽ ചേരിപ്പോര് രൂക്ഷം. രാഷ്ട്രീയ ക്രിമിനലിസം സിപിഎമ്മിൽ ഉള്ളതായി അറിയില്ലെന്നും അത്തരത്തിൽ ഉണ്ടെങ്കിൽ നടപടിക്കുള്ള ശക്തി പാർട്ടിക്കുണ്ടെന്നും വ്യക്തമാക്കി എ എം ആരിഫ് എം പി രംഗത്തെത്തി. രാഷ്ട്രീയ ക്രിമിനലുകൾ സിപിഎമ്മിൽ ഉണ്ടെന്ന് സുധാകരൻ പറഞ്ഞിട്ടില്ല. രാഷ്ട്രീയ ക്രിമിനലുകൾ എല്ലാ പാർട്ടിയിലും ഉണ്ടെന്നാണ് പറഞ്ഞതെന്നും ആരിഫ് തിരുത്തി.
പേഴ്സണൽ സ്റ്റാഫിനേയും ഭാര്യയേയും അപമാനിച്ചെന്ന പരാതിയിലാണ് പാർട്ടിയിൽ പൊളിറ്റിക്കൽ ക്രിനമിനലുകൾ ഉണ്ടെന്ന സുധാകരന്റെ പരാമർശം. തനിക്കെതിരായ പരാതി വസ്തുതാ വിരുദ്ധമാണെന്നും തനിക്കെതിരെ ക്രിമിനൽ പൊളിറ്റിക്കൽ മൂവ്മെന്റാണ് നടക്കുന്നത്. ഇത്തരക്കാർ ആലപ്പുഴ ജില്ലയിൽ പിടിമുറുക്കാൻ ശ്രമിക്കുന്നുകയാണെന്നും ജി സുധാകരൻ ആരോപിച്ചിരുന്നു. തനിക്കെതിരെ പല പാർട്ടികളിൽപ്പെട്ട സംഘം പ്രവർത്തിക്കുന്നുണ്ടെന്നും പേഴ്സണൽ സ്റ്റാഫിനെയും ഭാര്യയെയും അവർ ഉപയോഗിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ഇതിന് പിന്നാലെ ജി സുധാകരൻ സ്ത്രീത്വത്തെ അപമാനിച്ചെന്നും ജാതി പറഞ്ഞത് അധിക്ഷേപിച്ചെന്നും ആരോപിച്ച് മന്ത്രിയുടെ മുൻ പേഴ്സണൽ സ്റ്റാഫംഗത്തിന്റെ ഭാര്യ കഴിഞ്ഞ ദിവസം അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത് ആലപ്പുഴയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മന്ത്രി സ്ത്രീത്വത്തെ അപമാനിക്കുന്നവിധം പ്രസ്താവന നടത്തിയെന്നാണ് യുവതി പരാതിയിൽ ആരോപിച്ചത്. കഴിഞ്ഞ ജനുവരി 8 നു പരാതിക്കാരിയെ വിവാഹം ചെയ്തതിനു പിന്നാലെ മന്ത്രി പേഴ്സണൽ സ്റ്റാഫിനെ ഒഴിവാക്കിയെന്നായിരുന്നു പരാതി ആരോപിച്ചത്.
മന്ത്രിക്ക് എതിരായ പരാതി രാഷ്ട്രീയ വിവാദത്തിനും ആലപ്പുഴ സിപിഎമ്മിനുള്ളിൽ ചേരിപ്പോരിനും വഴി വെച്ചിരുന്നു. പൊളിറ്റിക്കൽ ക്രിമിനലുകൾ തനിക്കെതിരെ വ്യാജവാർത്തകൾ പരത്തുന്നുവെന്ന് മന്ത്രി വാർത്താ സമ്മേളനത്തിലൂടെ പരസ്യമായി ആരോപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു അപ്രതീക്ഷിതമായി പരാതി കോളിളക്കമുണ്ടാക്കിയത്.
പാർട്ടിയിൽ കടന്നുകൂടിയിട്ടുള്ള ക്രിമിലനുകളെ തിരുത്തുമെന്ന് സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ പ്രതികരിച്ചിരുന്നു. ക്രിമിനൽ സ്വഭാവം കാണിക്കുന്ന ആളുകളെ തിരുത്തിത്തന്നെയാണ് പാർട്ടി മുന്നോട്ടുപോകുന്നതെന്നും ആർ നാസർ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ജി സുധാകരൻ തന്റെ നിലപാട് ആവർത്തിച്ചു. പേഴ്സണൽ സ്റ്റാഫംഗമായിരുന്നയാൾക്കെതിരെ ഒരു നടപടിയും എടുക്കുണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. തനിക്കെതിരെ അവരെ ഉപയോഗിച്ചു എന്നാണ് പറഞ്ഞത്. തനിക്കെതിരെയുള്ള പരാതികൾക്ക് പിന്നിൽ ജില്ലയുടെ പല ഭാഗത്ത് നിന്നുള്ള ഗ്യാങ്ങുകളാണ്. ഇതിൽ എല്ലാ പാർട്ടിക്കാരുമുണ്ടെന്നും അത്തരത്തിൽ ആരെങ്കിലും പാർട്ടിയിലുണ്ടെങ്കിൽ അത്തരക്കാരെ വെച്ചുപൊറുപ്പിക്കില്ലെന്ന് ജില്ലാ സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.
പാർട്ടിക്കുള്ളിൽ വിഭാഗീയ നീക്കങ്ങൾ നടക്കുന്നുണ്ടെന്നും എന്നാൽ ഇതിനോട് പരസ്യമായി പ്രതികരിക്കേണ്ടതില്ലെന്നുമുള്ള നിലപാടിലാണ് സിപിഎം സംസ്ഥാന നേതൃത്വം. പരസ്യപ്രതികരണങ്ങൾ വിലക്കിയിട്ടുണ്ട്.
അതിനിടെ മന്ത്രിക്കെതിരായ പരാതിയിൽ പൊലീസിന്റെ നടപടികൾ ഏതാണ്ട് മരവിച്ച നിലയിലാണെന്നും റിപ്പോർട്ടുകളുണ്ട്. സ്റ്റേഷൻ പരിധിയിൽ വ്യക്തതയില്ലെന്ന സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടിയെടുക്കാൻ വൈകുന്നതെന്നാണ് വിവരം. പരാതിയെത്തുടർന്ന് പാർട്ടി തലത്തിൽ അനുനയ നീക്കങ്ങൾ നടത്തിയെങ്കിലും വിഭാഗീയ നീക്കങ്ങളെ മറികടക്കാനായിരുന്നില്ല.
മറുനാടന് മലയാളി ബ്യൂറോ