- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
സിപിഎമ്മിലേക്ക് മാറാത്തതിന് മക്കളെ വെട്ടിക്കൊന്ന് ആ രക്തം ചോറിൽ കുഴച്ച് അമ്മയെ കൊണ്ട് തീറ്റിച്ചു! മൂത്തമകന്റെ രണ്ടുകണ്ണുകളും ചൂഴ്ന്നെടുത്തു; കൊന്നാൽ ബംഗാൾ മോഡലിൽ പഞ്ചസാരയിട്ട് കത്തിക്കണമെന്ന് പിണറായി പറഞ്ഞുവെന്നത് ഒന്നുമല്ല; ബംഗാളിൽ സിപിഎം നടത്തിയ കൊടും ക്രൂരതകൾ ചർച്ചയാവുമ്പോൾ
'കൊല ചെയ്യുന്നതിൽ നമ്മൾ ബംഗാളികളെ കണ്ട് പഠിക്കണം. കൊന്നാൽ പഞ്ചസാരയിട്ട് കത്തിക്കണം' -എന്ന് പിണറായി വിജയൻ മുമ്പ് ഒരിക്കൽ ഒരു യോഗത്തിൽ പറഞ്ഞു എന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിൽ എഴുതിയ ലേഖനത്തിൽ എപി അബ്ദുല്ലക്കുട്ടി ആരോപിച്ചിരുന്നു. 2008ൽ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ പാർട്ടി ജില്ലാ കമ്മിറ്റി ഓഫിസിൽ ചേർന്ന കൂടിയാലോചനാ യോഗത്തിലാണ് പിണറായി ഇക്കാര്യം പറഞ്ഞതെന്നും ലേഖനത്തിലുണ്ട്. അന്ന് അബ്ദുല്ലക്കുട്ടി സിപിഎം വിട്ട് കോൺഗ്രസിലായിരുന്നു. ഇന്ന് കോൺഗ്രസും വിട്ട് ബിജെപിയിലും. അന്നും ഇന്നും അബ്ദുല്ലക്കുട്ടി പറഞ്ഞത് പൂർണ്ണമായും മുഖവിലക്ക് എടുക്കാനാവില്ല. പക്ഷേ ബംഗാളിൽ സിപിഎം നടത്തിയ ക്രൂരതകൾ എടുത്തുനോക്കിയാൽ, പിണറായി പറഞ്ഞുവെന്ന് പറയുന്ന പഞ്ചസാരയിട്ട് കത്തിക്കലൊന്നും ഒന്നും ഒന്നുമല്ല. കണ്ണ്ചൂഴുന്നെടുക്കൽ, മക്കളെ വെട്ടിക്കൊന്ന് ആ രക്തം ചോറിലാക്കി പെറ്റമ്മയൊക്കൊണ്ട് തീറ്റിക്കൽ, ഭക്ഷണവും വെള്ളവും തടഞ്ഞ് പട്ടിണിക്കിട്ട് കൊല്ലൽ, തുടങ്ങിയ ക്രൂരതകളുടെ ലിസ്റ്റ് കണ്ടാൽ സാക്ഷാൽ ജോസഫ് സ്റ്റാലിൻ നാണിച്ചുപോവും!
പശ്ചിമ ബംഗാളിൽ സിപിഎം ഭരണകാലത്ത് (19772009) നടന്ന രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് പഠനം നടത്തിയ ഡി. ബന്ദോപാധ്യായയുടെ റിപ്പോർട്ട് പ്രകാരം 55,408 കൊലകളാണ് ഇടതു ഭരണത്തിൻ കീഴിൽ നടന്നത്. 1997ൽ ബുദ്ധദേവ് ഭട്ടാചാര്യ 1977-1996 വരെയുള്ള രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ചുള്ള ഒരു നിയമസഭാ ചോദ്യത്തിന് മറുപടിയായി ഈ കാലയളവിൽ 28,000 രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നതായി ഉത്തരം കൊടുത്തിട്ടുണ്ടായിരുന്നു. മെയിസ് സ്ട്രീം വാരികയുടെ എഡിറ്റർ നിഖിൽ ചക്രവർത്തിയും ഇതേക്കുറിച്ച് എഴുതിയിരുന്നു.
ഇപ്പോൾ ബംഗാളിൽ നടത്തിയ സിപിഎം അരും കൊലകൾ വീണ്ടും ചർച്ചയാവുകയാണ്. ബംഗാളി മാധ്യമപ്രവർത്തകനായ സൗർജ്യ ഭൗമിക് എഴുതിയ 'ഗാങ്സ്റ്റർ സ്റ്റേറ്റ്' എന്ന പുസ്തകം വിവരിക്കുന്നത്, മൂന്നര പതിറ്റാണ്ടു കാലം പശ്ചിമ ബംഗാൾ അടക്കി ഭരിച്ച സിപിഎം, നിയമസഭയിലേക്ക് ഒരംഗത്തെ പോലും ജയിപ്പിക്കാനാകാത്ത വിധം തകർന്നതിന്റെ കാരണങ്ങളാണു പുസ്തകത്തിൽ വിവരിക്കുന്നത്. പുറത്തുനിന്നു സിപിഎമ്മിനെ നോക്കി വിലയിരുത്തുന്ന ഒരാളല്ല സൗർജ്യ. ബംഗാൾ രാഷ്ട്രീയം പ്രക്ഷുബ്ധമായ, സിപിഎമ്മിന്റെ തകർച്ചയ്ക്കു കാരണമായ രാഷ്ട്രീയ സംഭവങ്ങൾ അരങ്ങേറിയ 2004 മുതൽ 2011വരെ സജീവമായി പാർട്ടിയിൽ പ്രവർത്തിച്ചയാളാണ്. കൊൽക്കത്ത പ്രസിഡൻസി കോളജിലെ എസ്എഫ്ഐ നേതാവായി തുടങ്ങി. ഡിവൈഎഫ്ഐയിലും സിപിഎമ്മിലും സജീവ അംഗമായി. സപിഎം ഭരകാലത്ത് ഒരു സ്റ്റേറ്റിനെ ഒന്നടങ്കം അവർ എങ്ങനെയാണ് ഗുണ്ടാവത്ക്കരിച്ചത് എന്ന് പറയുന്ന പുസ്തകത്തിന് കേരളത്തിലും ഏറെ വായനക്കാർ ഉണ്ട്.
ഇതോടൊപ്പം ഈ പുസ്തകത്തിൽ സൗർജ്യ ഭൗമിക് പറയാതെപോല കൂട്ടുക്കൊലകളും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. സൈൻബാരി കൂട്ടക്കൊലതെട്ട് നന്ദിഗ്രാം വരെയുള്ള കൊലകളുടെയും അക്രമത്തിന്റെയും അഴിമതിയുടെ കഥകൾ നാം വായിക്കുമ്പോൾ, എന്തുകൊണ്ടാണ്്, 2021ലെ തെരഞ്ഞെടുപ്പിൽ ഒരു സീറ്റുപോലുമില്ലാതെ ബംഗാളിൽനിന്ന് മാർക്സിറ്റ് പാർട്ടി തുടച്ചുനീക്കപ്പെട്ടതെന്ന് വ്യക്തമാവും. ഇപ്പോൾ സിപിഎം ചെയ്ത അതേ ടെക്കിനിക്ക് തൃണമൂൽ ആവർത്തിക്കയാണ്. തൃണമൂലിന്റെ ബൈക്ക് ബ്രിഗേഡ് എന്ന ഗുണ്ടാ സംഘത്തിന്റെ ആക്രമണം സഹിക്കവയ്യാതെ, സിപിഎം അണികൾ ഭൂരിഭാഗവും ബിജെപിയിലേക്ക് മാറിക്കഴിഞ്ഞു. വെറും നാല് ശതമാനം വോട്ടാണ് കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ സിപിഎമ്മിന് ലഭിച്ചത്. 150 ഓളം സീറ്റുകളിൽ കെട്ടിവെച്ച കാശുപോയി. ആകെ നാല് സീറ്റുകളിലാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. പാർട്ടി 34വർഷം ഭരിച്ച ഒരു സംസ്ഥാനത്തിന്റെ അവസ്ഥയാണ് ഇതെന്ന് ഓർക്കണം.
കണ്ണ്ചൂഴുന്നെടുക്കും, മക്കളുടെ ചോര തീറ്റിക്കും
ഏരിയ ഡോമിനേഷൻ എന്ന ഒരു പരിപാടിയാണ് തങ്ങളുടെ വളർച്ചക്കായി സിപിഎം എഴുപതുകളിൽ ബംഗാളിൽ പ്രയോഗിച്ചത്. കേരളത്തിൽ പാർട്ടി ഗ്രാമങ്ങൾ ഉണ്ടാക്കുന്നതിന്റെ ഒരു ചെറിയ പതിപ്പ്. അയായത് ഒരു പ്രദേശം തങ്ങളുടെയാണെന്ന് പ്രഖ്യാപിക്കുന്നു. അവിടെ മറ്റ് പാർട്ടികൾ പാടില്ല. ഒന്നുകിൽ നിങ്ങൾക്ക് ആ ഗ്രാമം വിടാം. അല്ലെങ്കിൽ, സിപിഎമ്മിലേക്ക് മാറാം. എന്നാൽ ബർധ്മാനിലെ സൈൻ കുടുംബം അങ്ങനെ മാറാൻ കൂട്ടാക്കിയില്ല. അതിന് അവർ വലിയ വിലകൊടുക്കേണ്ടിയും വന്നു.
1970, മാർച്ച് 17നാണ്, ലോക ചരിത്രത്തിലെ തന്നെ നിഷ്ഠൂരമായ ആ കൊലപാതകം അരങ്ങേറിയത്. സൈൻബാരി കൂട്ടക്കൊല എന്നാണ് അത് അറിയപ്പെടുന്നത്. 1969 ഫെബ്രുവരി 25 മുതൽ, 1970 ജൂലൈ 30വരെ ബംഗ്ലാ കോൺഗ്രസ് നേതാവ് അജോയ് മുഖർജി മുഖ്യമന്ത്രിയായും, സിപിഎം നേതാവ് ജ്യോതിബസു ഉപ മുഖ്യമന്ത്രിയായി ഒരു ഇടക്കാല സർക്കാർ ബംഗാളിൽ ഉണ്ടായിരുന്നു. ഇതോടെ കമ്യൂണിസ്റ്റുകൾക്ക് ഹുങ്കും വർധിച്ചു. ഇപ്പോൾ ഭരണം അവരുടേത് ആണെല്ലോ.
സൈൻബാരി കുടുംബത്തിൽ ഒരു വിശേഷം നടക്കുന്ന ദിവസമായിരുന്നു അന്ന്. സെൻ സഹോദരന്മാരുടെ അനന്തിരവൻ അമൃതിന്റെ പേരിടൽ ദിവസം. നബാ കുമാർ അദ്ദേഹത്തിന്റെ ഭാര്യ രേഖാറാണി, അനുജന്മാരായ മലായ്, പ്രണബ്, അമ്മ മൃഗ്യയയന എന്നിവർ ആയിരുന്നു ആ കുടുംബത്തിലെ അംഗങ്ങൾ.
സിപിഎമ്മിന്റെ ഒരു ജാഥ അതിലൂടെ കടന്നു പോകവേ യാതൊരു പ്രകോപനം ഇല്ലാതെ തന്നെ നൂറോളം പ്രവർത്തകർ സൈൻ കുടുംബത്തിലേക്ക് ഇരച്ചു കയറി. വീടിനു അപ്പാടെ തീയിടാൻ ഒരുങ്ങുന്ന അവരെ വീട്ടുകാർ തടയാൻ ശ്രമിച്ചു. ഉടനെ അവർ കുടുംബനാഥനായ നബാകുമാറിനെ പിടികൂടുന്നു. ഭാര്യ നോക്കി നിൽക്കുമ്പോൾ തന്നെ ഭർത്താവിന്റെ രണ്ടു കണ്ണുകളും കത്തി മുന കൊണ്ട് ചൂഴ്ന്നു എടുത്തു. ഇത് കണ്ടു നിന്ന അനുജൻ മലയ് അവരെ തടയാൻ ശ്രമിച്ചു. ആ യുവാവിനെ തല തകർത്തു തരിപ്പണം ആക്കിയത് അമ്മ മൃഗയയനയുടെ കൺമുന്നിൽ വച്ചാണ്. രണ്ടാമത്തെ അനുജൻ പ്രണബ് വീട്ടിൽ നിന്ന് ജീവൻ രക്ഷിക്കാൻ ഇറങ്ങി ഓടി. പക്ഷേ അവനെ അവർ ഓടിച്ചിട്ട് അയൽവാസികളുടെ മുന്നിലിട്ട് വെട്ടിക്കൊന്നു. അതുകൊണ്ടും തീർന്നില്ല. അമൃത് എന്ന ഒരുമാസം മാത്രം പ്രായമായ ബാലനെ കത്തുന്ന തീയിലേക്ക് കാലിൽ തൂക്കി അവർ വലിച്ചെറിഞ്ഞു. പക്ഷേ ഭാഗ്യം കൊണ്ട് അമൃത് രക്ഷപ്പെട്ടു. നാട്ടുകാർ അവനെ കണ്ടെടുത്തു. വീട്ടിൽ ആ സമയത്ത് ഉണ്ടായിരുന്ന ഒരു ട്യൂഷൻ മാസ്റ്ററുടെയും അവർ വെട്ടിക്കൊന്നു. പക്ഷേ യഥാർഥ ക്രൂരത ഇനിയാണ്. രണ്ടുമക്കളുടെയും രക്തം കലർന്ന മാംസപിണ്ഡം സ്വന്തം അമ്മക്ക് ചോറിൽ കുഴച്ചു കഴിക്കാൻ അവർ വായിൽ തള്ളിക്കൊടുത്തു!
ഇയോടെ ആ അമ്മയുടെ മനസ്സിന്റെ താളം തെറ്റി. ഒരു ഭ്രാന്തിയെപ്പോലെയാണ് അവർ ശിഷ്ടകാലം ജീവിച്ചത്. സംഭവം വൻ വിവാദമായതോടെ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇവരെ സന്ദർശിച്ചിരുന്നു. രേഖാറാണിക്ക് ഒറ്റ രാത്രി കൊണ്ട് കമ്മ്യൂണിസ്റ്റ്കാർ കൊടുത്ത ശിക്ഷ രണ്ടു ഭർതൃസഹോദരങ്ങളുടെ ജീവനും ഭർത്താവിന്റെ രണ്ടു കണ്ണ് ചൂഴ്ന്ന് എടുക്കലുമായിരുന്നു. എന്നിട്ടും പക തീർന്നില്ല. വീടും മക്കളെയും നഷ്ടപ്പെട്ട രേഖാറാണി അന്ധനായ ഭർത്താവിനും അമ്മയ്ക്കും ഒപ്പം ജീവിച്ചുവരെവേ, വീണ്ടും ഒരു വർഷത്തിനു ശേഷം കലി അടങ്ങാതെ അവർ വീണ്ടും വന്നു. നബാകുമാറിനെ വെട്ടി തുണ്ടം തുണ്ടം ആക്കി കൊന്നു!
ആ കുടുംബം ആകെ ചെയ്ത തെറ്റ് അവർ കോൺഗ്രസ് എന്ന രാഷ്ട്രീയ കക്ഷിയിൽ വിശ്വസിച്ചു എന്നത് മാത്രമായിരുന്നു. നിരുപം സെൻ, ബിനോയ് കോനാർ, അമൽ ഹാൽദർ, അനിൽ ബോസ് എന്നീ ഇടതുപക്ഷ അതികായന്മരാണ് കേസിൽ ഉൾപ്പെട്ടത്. ഇതിൽ നിരുപം സെൻ പിന്നീട് മന്ത്രിയും സിപിഎം പോൽറ്റ് ബ്യൂറോ അംഗവുമായി. ഇത്രയും വലിയ നിഷ്ഠൂര കൃത്യം നടത്തിയിട്ടും പാർട്ടി ഒരു നടപടിയും എടുത്തില്ല. ( പാർട്ടിക്കുവേണ്ടി കൊല്ലുന്നവരെ മാർകിസ്റ്റുകൾ എക്കാലവും സംരക്ഷിക്കയാണ് ചെയ്യുക. ടിപികേസ് തൊട്ട് എത്രയത്ര അനുഭവങ്ങൾ നമുക്ക് കേരളത്തിലുമുണ്ട്). ഈ കേസ് സംബന്ധിച്ച ഫയലുകൾ എല്ലാം തന്നെ നശിപ്പിക്കപ്പെട്ടു. 2011 ൽ മമത ബാനർജി ഈ കേസ് റീഓപ്പൺ ചെയ്തെങ്കിലും തെളിവുകൾ നശിപ്പിക്കപ്പെട്ടിരുന്നു.
1977 മുതൽ 2011 വരെ ബംഗാളിൽ ഇടതു ഭരണമായിരുന്നു. ആ കാലയളവിൽ രാഷ്ട്രീയ എതിരാളികൾക്കെതിരെ അവർ അക്രമണ പരമ്പര തീർത്തു. നിരവധി ആർഎസ്എസ് പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും കൊല്ലപ്പെട്ടു. മിഡ്നാപൂർ, ബർദ്വാൻ എന്നിവിടങ്ങളിൽ ചിലരെ സിപിഎമ്മുകാർ ജീവനോടെ കത്തിച്ചു.
ജ്യോതിബസുവിന്റെ ജാലിയാൻ വാലാഭാഗ്
സ്വതന്ത്ര്യ ഇന്ത്യയിലെ ജാലിയൻ വാലാഭാഗ് എന്ന് വേണമെങ്കിൽ മറിഞ്ചഹാപി കൂട്ടക്കൊലയെ വിശേഷിപ്പിക്കാം. കമ്മ്യൂണിസ്റ്റ് താത്വികാചാര്യൻ ആയ ജ്യോതിബസു വിന്റെ നേതൃത്വത്തിലാണ് ഇത് നടന്നതെന്ന് ഓർക്കണം. 1947 മുതൽ, ഇടക്കാലത്ത് അേജായ്മുഖർജിയുടെ 67ലെയും 69ലെയും ഐക്യമുന്നണി സർക്കാർ ഒഴിച്ചാൽ, 77 വരെ കോൺഗ്രസായിരുന്നു ബംഗാൾ ഭരിച്ചത്. ഈ കാലഘട്ടത്തിൽ ബംഗ്ലാദേശിൽനിന്നും മറ്റുമുള്ള അഭയാർഥികൾ കൂട്ടത്തോട്ടെ ബംഗാളിലേക്ക് എത്തി. അവരെ തങ്ങളുടെ വോട്ട്ബാങ്ക് ആക്കി നിർത്താൻ സിപിഎമ്മും കോൺഗ്രസും മത്സരിക്കയായായിരുന്നു.
ബംഗ്ലാദേശ് യുദ്ധം ഉണ്ടായതോടെ അഭയാർഥി പ്രവാഹം വർധിച്ചു. മതപീഡനം സഹിക്കാതെ നിരവധി ഹിന്ദുക്കാൾ നാടുവിട്ട് ഇവിടെ എത്തി. ഇവരുടെ പുനരധിവാസം സർക്കാരിന് വലിയ വെല്ലുവിളി ആയിരുന്നു. ഒന്നരലക്ഷേത്താളം ആളുകളെ ദണ്ഡകാരണ്യകം മേഖലയിലേക്കാണ് കേന്ദ്ര സർക്കാർ മാറ്റിയത്. ഇവിൽ കൂടുതലും ദലിതരും ആദിവാസികളും ആയിരുന്നു. എന്നാൽ ഇലക്ഷൻ മുന്നിൽ കണ്ട ജ്യോതി ബസു ഇവരെ ബംഗാളിലേക്ക് സ്വാഗതം ചെയ്തു. ഇടുതുനേതാക്കൾ ദണ്ഡകാരണ്യകത്തിലെത്തി അവരെ കണ്ട് തങ്ങൾ അധികാരത്തിൽ എത്തിയാൽ നിങ്ങൾക്ക് ബംഗാളിലേക്ക് മടങ്ങാമെന്നു പറഞ്ഞു.
77ൽ ഇടതുപക്ഷം അധികാരത്തിൽ എത്തിയതോടെ ഇവർ കൂട്ടത്തോടെ ബംഗാളിലേക്ക് എത്തി. അപ്പോൾ സർക്കാർ നിലപാട് മാറ്റി. ഭൂരിഭാഗംപേരെയും തിരിച്ചുവിട്ടു. ബാക്കിയുള്ളവരെ പശ്ചിമ ബംഗാളിലെ സുന്ദർബൻസിലെ മറിഞ്ചഹാപി പോലുള്ള ഒറ്റപ്പെട്ട ദ്വീപുകളിലേക്ക് അയച്ചു. മരുന്നോ ഭക്ഷണമോ വസ്ത്രമോ യാതൊരു സൗകര്യങ്ങളും അവർക്കില്ലായിരുന്നു. കൃഷിയിലൂടെ അവർ അതിജീവിക്കാൻ ശ്രമിച്ചു. എന്നാൽ സർക്കാർ പിന്നീട് വീണ്ടും നയം മാറ്റി. എല്ലാവും ഇവിടെ വിടണം എന്നായി. പക്ഷേ ഈ അഭയാർഥികൾ എവിടെപോകാൻ. അതുകൊണ്ട് അവർ സർക്കാർ മുന്നറിയിപ്പ് വകവച്ചില്ല..
പക്ഷേ ജ്യോതിബസു സർക്കാർ വാശിയിലായിരുന്നു. ആദ്യ പടിയായി ഇവർക്കുള്ള ഭക്ഷണവും വെള്ളവും തടഞ്ഞു. ആഴ്ചകളോളം പട്ടിണി കിടന്ന ആദിവാസി ദളിതുകൾ പുല്ലു തിന്നുപോലും ജീവിക്കാൻ നോക്കി. അതിസാരവും പട്ടിണിയും പിടിപെട്ടു ദളിതുകൾ മരിച്ചു വീഴാൻ തുടങ്ങി. അക്ഷമനായ ജ്യോതി ബസു 1979 മെയ് 6 നു പൊലീസിനെയും സിപിഎം പ്രവർത്തകരെയും മറിഞ്ചഹാപിയിലേക്ക് അയച്ചു. തുടർന്നുണ്ടായ വെടിവെപ്പിൽ അഭയാർഥികൾ മൃഗീയമായി കൊല്ലപ്പെട്ടു. ആദിവാസി യുവാക്കൾ ജയിലിൽ അടയ്ക്കപ്പെട്ടു. ദളിത് സ്ത്രീകൾ ബലാത്സഗം ചെയ്യപ്പെട്ടു. അങ്ങനെ സർക്കാർ ജയിച്ചു. നൂറോളം പാവങ്ങൾ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. വംശഹത്യയുടെ പേരിൽ ബംഗാളിൽ പിന്നീട് സിനിമകൾ ഉണ്ടായിട്ടുണ്ട്.
17 ആനന്ദമാർഗികളെ തല്ലിക്കൊന്നു
അതുപോലെ സിപിമ്മിന് കണ്ണിനെനേരെ കണ്ടുകൂടാത്ത ഒരു വിഭാഗമായിരുന്നു ആനന്ദമാർഗികൾ എന്ന ആത്മീയ കൾട്ട്. 1982 ഏപ്രിൽ 30 നു ഒരു സ്ത്രീ ഉൾപ്പെടെ 17 ആനന്ദമാർഗ്ഗി സന്യാസികൾ ആക്രമിക്കപ്പെട്ടു. തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനതിലെക്കുള്ള യാത്രയിലായിരുന്നു സന്യാസികൾ. സിപിഎം പ്രവർത്തകർ അവരുടെ കാറുകൾ തടഞ്ഞു നിർത്തി പുറത്തേക്കു വലിച്ചിഴച്ചു പിന്നെ കല്ലും വടിയും ഒക്കെ ഉപയോഗിച്ച് തല്ലികൊന്നു. അതിനുശേഷം മൃതശരീരങ്ങൾ കൂട്ടിയിട്ടു തീ വയ്ക്കാനും മറന്നില്ല. പട്ടാപ്പകൽ ജനങ്ങളുടെ മുന്നിൽ വച്ചാണ് ഈ ക്രൂരത അരങ്ങേറിയത്. എന്നാൽ ഒരാൾ പോലും ഇതിനെതിരെ സാക്ഷി പറയാൻ മുന്നോട്ട് വന്നില്ല.
സംഭവം നടന്ന സ്ഥലത്ത് നിന്നും ഒന്ന് കൂവി വിളിച്ചാൽ കേൾക്കുന്ന അകലത്തിൽ തന്നെ പൊലീസ് സ്റ്റേഷൻ ഉണ്ടായിരുന്നു. എങ്കിലും ആനന്ദമാർഗ്ഗികളുടെ രക്ഷയ്ക്ക് ആരും എത്തിയില്ല. സിപിഎം ഭരണത്തിൽ അപ്പോഴേക്കും എല്ലാം പാർട്ടി നിയന്ത്രിക്കുന്ന അവസ്ഥയായി മാറിയിരുന്നു.
പിന്നീട് വാജ്പേയി സർക്കാരിന്റെ കാലത്ത് കേന്ദ്രം ഇടപെട്ടു അന്വേഷണകമ്മീഷൻ വന്നെങ്കിലും സംസ്ഥാന സർക്കാരിന്റെ നിസ്സഹകരണം മൂലം ഇത് ഒന്നുമായില്ല. എന്നാൽ 2012ൽ ഈ വിഷയത്തിലും തൃണമൂൽ കോൺഗ്രസ് അന്വേഷണത്തിന് ഉത്തരവ് ഇട്ടിട്ടുണ്ട്. മമതയുടെ തെരഞ്ഞെുടപ്പ് വാദ്ഗാധനങ്ങളിൽ ഒന്നായിരുന്നു ഇതും.
നാനൂരിൽ കൊന്നത് തള്ളിയത് 11 കർഷകരെ
തങ്ങളെ അനുസരിച്ചില്ലെങ്കിൽ ബംഗാളിലെ സിപിഎം നേതൃത്വം അക്കാലത്ത് കൽപ്പിച്ചിരുന്നത് വധിശിക്ഷയായിരുന്നു. അങ്ങനെയാണ് 2000 ജൂലൈ 27 നു പശ്ചിമ ബംഗാളിലെ ബീർഭം ജില്ലയിൽ നാനൂർ പൊലീസ് സ്റ്റേഷനു കീഴിലുള്ള സുചിപൂർ എന്ന സ്ഥലത്ത 11 ഭവനരഹിതരായ തൊഴിലാളികൾ കൊല്ലപെട്ടത്. എല്ലാവരും മുസ്ലീങ്ങൾ ആയിരുന്നു. 24 ചെറിയ ഗ്രാമങ്ങളാണ് നാനൂരിലുള്ളത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനങ്ങളാണ് കൂടുതലും. മുസ്ലിമുകളും, പിന്നോക്കക്കാരായ ഗോത്രവർഗ്ഗക്കാരുമാണ് ജനസംഖ്യയിലധികവും.
സി.പിഎം ജില്ലാ കമ്മിറ്റി അംഗമായ നിത്യാ ചാറ്റർജിയുടെ നേതൃത്വത്തിൽ ഒരു സംഘം പ്രവർത്തകർ തൊഴിലാളികളുടെ നേരെ ആക്രമണം അഴിച്ചു വിട്ടത്. ഒരു കൃഷിയിടത്തിൽ വിളവെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നമാണ് ഈ ആക്രമണത്തിലേക്കു നയിച്ചത്. നമുക്ക് നിസ്സാര പ്രശ്നമെന്ന് തോന്നാം. സിപിഎമ്മിനെ സംബന്ധിച്ച് ഇത് ഏരിയാ ഡോമിനേഷന്റെ പ്രശ്നമാണ്.
കൊല്ലപ്പെട്ടവർ എല്ലാം തന്നെ കവർച്ചക്കാരായ ആളുകളായിരുന്നുവെന്ന് പിറ്റേദിവസം സിപിഎം വിശദീകരിക്കുകയുണ്ടായി. മാധ്യമങ്ങളുൾപ്പടെയുള്ളവർ തെളിവുകളുമായി രംഗത്തെത്തിയപ്പോൾ കൊല്ലപ്പെട്ടവർ ഭൂരഹിതരായ കർഷകരാണെന്നും, ഭൂമി സംബന്ധമായ ഒരു തർക്കത്തിനിടെയാണ് ഇവർ കൊല്ലപ്പെട്ടതെന്നും നിലപാടു മാറ്റി. കൊല്ലപ്പെട്ടവർ സായുധരായ കവർച്ചക്കാരായിരുന്നുവെന്ന് നാനൂരിൽ നിന്നുമുള്ള പാർലിമെന്റംഗവും, ലോക്സഭാ സ്പീക്കറുമായ സോമനാഥ് ചാറ്റർജി ആരോപിച്ചത് വൻ വിവാദമായി. ഏതൊരു കൊലപാതകം നടത്തിയാലും സിപിഎം പറയുന്നത് പോലെ തന്നെ ''പാർട്ടിക്ക് ഇതിൽ ബന്ധമില്ല'' എന്ന് പറഞ്ഞു കൈ കഴുകാൻ ശ്രമിച്ചെങ്കിലും പ്രധാന സാക്ഷിയായ അബ്ദൾ ഖാലിക്കിന്റെ മൊഴി നിർണ്ണായകമായി.
അയാൾ തന്റെ മൊഴിയിൽ ഉറച്ചു നിന്നു. കൊല്ലപ്പെട്ടവർ തൃണമൂൽ കോൺഗ്രെസ് അനുഭാവികൾ ആയിരുന്നു എന്നും ആ ഒരു കാരണം ഒന്നുകൊണ്ടു മാത്രമാണ് സിപിഎം അവരെ വകവരുത്തിയത് എന്നും മൊഴി നൽകി.അപ്പോൾ സഖാക്കൾ ദൃക് സാക്ഷിയെ വകവരുത്താൻ ശ്രമിച്ചു. സാരമായ പരിക്കുകളോടെ അയാൾ മരണത്തിനു കീഴടങ്ങാതെ രക്ഷപെട്ടു.
പിന്നീട് കേസ് അന്വേഷണം മന്ദഗതിയിൽ ആക്കാൻ ശ്രമം നടത്തി. 2004 ൽ കൊൽക്കത്ത ഹൈ കോടതി ഈ വിഷയത്തിൽ ബംഗാൾ ഗവണ്മെന്റിനെ രൂക്ഷമായി വിമർശിക്കുന്നത് വരെയെത്തി കാര്യങ്ങൾ.(കേരളത്തിലെ ഷുക്കുർ, പെരിയ, ഷൂഹൈബ് കേസുകളുടെ തനിയാവർത്തനം.) അവസാനം 2010 ൽ നാല് സിപിഎം മെമ്പറും നാൽപ്പത് സിപിഎം പ്രവർത്തകരെയും കുറ്റക്കാരായി കണ്ടെത്തി ജീവപര്യന്തം തടവിനു ശിക്ഷിച്ചു.
ഹർമാദ് വാഹിനി എന്ന കൊലയാളി സംഘം
കൊല്ലാനും കൊല്ലിക്കാനുമായി ഹർമാദ് വാഹിനിയെന്ന സംഘവും മാർകിസ്റ്റുകൾക്ക് ഉണ്ടായിരുന്നു. പൊലീസിനൊപ്പം പോകുന്ന ഇവരാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുക. നന്ദിഗ്രാമിലും സിഗുരിലും കൃഷിക്കാരെ കൊന്നതും ഇവർ തന്നെയാണെന്ന് ആരോപണം ഉണ്ട്. ( കെ റെയിൽ സമരക്കാരെ അടിച്ചോടിക്കാൻ ഒരുങ്ങുന്ന പാർട്ടിക്കാരെ കാണുമ്പോൾ പേടിയാവുന്നത് അതുകൊണ്ടാണ്. നാളെ ഇതുപോലെ ഒരു സംഘടന കേരളത്തിലും ഉണ്ടാവുമോ)
പക്ഷേ സിപിഎമ്മിന്റെ അടിത്തറ ബംഗാളിൽ ഇളക്കിയ കൊലപാതകങ്ങൾ ആയിരുന്നു നന്ദിഗ്രാമിലും സിംഗൂരിലും നടന്നത്. തങ്ങൾ ഭരിക്കുമ്പോൾ യാതൊരു വികസനവും പ്രദേശത്ത് ഉണ്ടാകാൻ പാടില്ല എന്ന നിലപാടാണ് ജ്യോതിബസു കൈക്കൊണ്ടിരുന്നത്.. ബുള്ളറ്റ് ട്രെയിൻ പദ്ധതി ചർച്ചയ്ക്കു വന്നപ്പോൾ ജനങ്ങൾ ട്രെയിൻ തട്ടി മരിക്കും അതിനാൽ പദ്ധതി വേണ്ട എന്ന് പകുതി തമാശയായി അദ്ദേഹം പറഞ്ഞിരുന്നു.
ജ്യോതിബസുവിൽ നിന്നും അധികാരം കൈമാറി മുഖ്യമന്ത്രി ആയ ബുദ്ധദേവ് ഭട്ടാചാര്യയുടെ കാലത്ത് ബംഗാളിൽ പട്ടിണി മരണവും കർഷക ആത്മഹത്യയും അതിന്റെ പാരമ്മ്യത്തിൽ എത്തിയിരുന്നു. ബംഗാൾ നിയമസഭയിൽ തേയില തോട്ടങ്ങളിലെ നൂറോളം കർഷകർ ആത്മഹത്യ ചെയ്തതിനെ തുടർന്നാണ് ഇനി വ്യവസായവത്ക്കരണം വൈകിപ്പിക്കരുത് എന്ന പാർട്ടി തീരുമാനിച്ചത്.
അതിനാൽ സലിം ഗ്രൂപ്പിനെ നന്ദിഗ്രാമിലെക്കും ടാറ്റായെ സിംഗൂരിലെക്കും വ്യവസായം നടത്താൻ ക്ഷണിച്ചു. ഇതിനാവശ്യമായ ഭൂമി കണ്ടെത്താൻ നടന്ന ശ്രമങ്ങളാണ് ബംഗാൾ ഗ്രാമങ്ങൾ രക്തക്കളങ്ങൾ ആക്കി മാറ്റിയത്. കർഷകരുടെ കൃഷിഭൂമിയാണ് ബുദ്ധദേവ് വ്യവസായത്തിന് നൽകാൻ തീരുമാനിച്ചത്. തുടർന്ന് ഹർമാദ് വാഹിനിയും, പാലീസും ചേർന്ന് പാവപ്പെട്ട കർഷകരെ വെടിവച്ചു കൊന്നു. പക്ഷെ, ജനകീയ സമരം അപ്പോഴേക്കും ശക്തിപ്രാപിച്ചിരുന്നു. നേതാക്കളുടെ ധാർഷ്ട്യം കണ്ട് കോപത്തിലായ ആദിവാസികളും ദളിതരും സിപിഎമ്മിന്റെ ഒരു ഓഫീസുപോലും വിടാതെ അടിച്ചുതകർത്തു.
നന്ദിഗ്രാം കൂട്ടക്കൊലയിൽ നിന്ന് തങ്ങൾ പാഠം ഒന്നും തന്നെ പഠിച്ചില്ലെന്ന് സിപിഎം നേതായിൽ നടന്ന കൂട്ടക്കൊലയിലൂടെ വീണ്ടും തെളിച്ചിയിച്ചു. ഹർമാദ് വാഹിനി ഒരു സമാന്തര പൊലീസ് ആയാണ് പ്രവർത്തിച്ചു വന്നിരുന്നത്. പാർട്ടിക്ക് അനുകൂലമല്ലാത്തവരെ കെകാര്യം ചെയ്യുക, ഉന്മൂലന സിദ്ധാന്തങ്ങൾ നടപ്പിലാക്കുക എന്നതൊക്കെയാണ് ഇവരുടെ പ്രവർത്തന ശൈലി. പട്ടിണിയും പരിവട്ടവുമായി കഴിയുന്ന പാവങ്ങളുടെ വീട്ടിലെ യുവാക്കളെ നിർബന്ധമായി ഇതിൽ ചേർക്കും. ആരെങ്കിലും ചേരാൻ വിസമ്മതിച്ചാൽ അവർ വിവരം അറിയും. അതാണ് നേതായ് കൂട്ടക്കൊലയ്ക്കും ഉള്ള കാരണം. ഹർമാദ് വാഹിനിയിൽ ചേരാൻ വിസമ്മതിച്ചതിന്റെ പേരിലാണ് ഒൻപതു പേരെ ഇവർ കൊന്നു തള്ളിയത്. 2014ൽ ബുദ്ധദേവ് ഭട്ടാചാര്യ ''തങ്ങളുടെ കുട്ടികൾ നേതായിൽ കൂട്ടക്കൊല നടത്തിയത് തെറ്റായിപ്പോയി'' എന്ന് കുമ്പസാരം നടത്തിയത് വലിയ വാർത്തയായിരുന്നു..
ശവസംസ്ക്കാരം തൊട്ട് സകലതിലും അഴിമതി
1977 മുതൽ 2011 വരെ നീണ്ട 34 വർഷത്തെ ഭരണത്തിനിടെ സിപിഎം ബംഗാളിന്റെ രാഷ്ട്രീയ-സാമൂഹിക ജീവിതത്തെ സ്വാധീനിച്ചത് എങ്ങിനെയെന്ന് ഗ്യാങ്ങ് സ്റ്റർ സ്റ്റേറ്റ് എന്ന പുസ്തകത്തിൽ കാണാം. കാറ്റും വെളിച്ചവും പോലെ എല്ലായിടത്തുമെത്തുന്ന സ്വാഭാവിക ഘടകമായിരുന്നു പാർട്ടിയും. വീടു നിർമ്മാണം മുതൽ ഗലിയിലെ ക്രിക്കറ്റ് കളിയിൽ വരെ പാർട്ടി ഇടപെട്ടു. പാർട്ടിയുടെ പ്രാദേശിക നേതാക്കൾ കമ്മിഷൻ ഏജന്റുമാർ കൂടിയായിരുന്നു. വീടു നിർമ്മാണത്തിന്റെ സാധന സാമഗ്രികൾ വാങ്ങുന്നത് അവരുടെ അനുമതിയുള്ള കടകളിൽ നിന്നു വേണമെന്ന അലിഖിത നിയമമുണ്ടായിരുന്നു. അതില്ലെങ്കിൽ പല തടസ്സങ്ങൾ വരും.
എന്തിനും എതിനും പാർട്ടി നേതാക്കൾക്ക് കമ്മീഷൻ കൊടുക്കേണ്ടി വന്നു. കട്ട് മണിയെന്ന് വിളിക്കുന്ന ഈ സംസ്ക്കാരം ഇപ്പോൾ മമതയുടെ ഭരണത്തിലും വ്യാപകമാണ്.
പശ്ചിമ ബംഗാൾ സർക്കാരിന്റെ സമബ്യാതി പദ്ധതിയിൽ ശവസംസ്കാരത്തിനും അനുബന്ധ ചെലവുകൾക്കുമായി 2,000 രൂപ വരെ നൽകുന്നു, എന്നാൽ പദ്ധതി പ്രയോജനപ്പെടുത്തുന്നതിന് ആളുകൾ 'കട്ട് മണി' ആയി 100 രൂപ നൽകേണ്ടിവന്നു. എന്നാൽ തൃണമൂൽ ഭരണം വന്നതോടെ ഇത് 200 ആയി.
ഗുണ്ടാ പിരിവ് ചോദിച്ചെത്തുന്ന സാമൂഹിക വിരുദ്ധരെ നേരിടുന്നതിനുള്ള മറുമരുന്നു കൂടിയായിരുന്നു പാർട്ടി. പിരിവു ചോദിച്ചെത്തുന്ന വിവരം പാർട്ടിയുടെ ലോക്കൽ സെക്രട്ടറിയെ അറിയിച്ചാൽ മതി. അവർ ഗുണ്ടകളെ വിരട്ടും. 'ഇനിയും ഇവരെ ശല്യപ്പെടുത്തിയാൽ പാർട്ടി നിങ്ങൾക്ക് എതിരാകും' എന്ന സന്ദേശം നൽകും. ഭീഷണിയും ഗുണ്ടായിസവും ബൂത്തു പിടിത്തവുമൊക്കെ ഈ തുടർ ഭരണത്തിൽ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും പുസ്തകം വ്യക്തമാക്കുന്നു. അതുപോലെ സിപിഎം നേതാക്കളുടെ ബന്ധുക്കളെയും ഭാര്യമാരെയും സർവകലാശാലകളിലും മറ്റും പിൻവാതിലിലൂടെ കയറ്റുന്ന കേരളാമോഡൽ ബംഗാളിലും വ്യാപകമായിരുന്നു.
തൃണമൂൽ അതേ രീതിയിൽ തിരിച്ചടിക്കുന്നു
ഇനി ബംഗാളിലെ മറ്റ് പാർട്ടികൾ വിശുദ്ധരാണെന്ന് ധരിക്കരുത്്. 71ൽ അധികാരത്തിൽ ഏറിയ കോൺഗ്രസ് നേതാവ് സിദ്ധാർഥ് ശങ്കർ റേയുടെ ഭരണത്തിൽ കൊല്ലപ്പെട്ടത് ആയിരത്തോളം സിപിഎമ്മുകാരാണ്. ശരിക്കും ഒരു അർധ ഫാസിസിസ്റ്റ് ഭരണമായിരുന്നു ഇക്കാലത്ത് നടന്നത്. ഈ സർക്കാറിനോടുള്ള എതിർപ്പാണ് ബസുവിന് അധികാരത്തിലേക്കുള്ള പാത സുഗമം ആക്കിയതും.
അതുപോലെ ഇപ്പോഴുള്ള മമതയുടെ തൃണമൂൽ സർക്കാറും അക്രമങ്ങളിൽ പേര് എടുക്കയാണ്. സിപിഎം നടത്തിയ അതേ ഏരിയാ ഡോമിനൻസ് തന്ത്രമാണ് തൃണമൂൽ പയറ്റുന്നത്. അയായത് തങ്ങളുടെ പ്രദേശത്തുനിന്ന് മറ്റുള്ളവരെ ഓടിക്കുക എന്നത് തന്നെ. ത്രിണമൂലിന്റെ ബൈക്ക് ബ്രിഗേഡ് സിപിഎം ഗുണ്ടകളേക്കാർ ഭീതി ജനിപ്പിക്കുന്നു. ഇപ്പോൾ മമതയുടെ പാർട്ടിയുടെ അക്രമം താങ്ങാൻ കഴിയാതെ സിപിഎമ്മുകാർ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നിരിക്കയാണ്. 24 പർഗാന എന്നുപറയുന്ന ഒരു കാലത്തെ സിപിഎമ്മിന്റെ ശക്തികേന്ദ്രമായ പ്രദേശത്തൊക്കെ, പാർട്ടി ഓഫീസുകളിൽ ചെങ്കാടിമാറ്റി കാവിക്കൊടി ഉയർത്തുകയായിരുന്നു. ഏരിയാ സെക്രട്ടറിയും ലോക്കൽ സെക്രട്ടറിയും സ്ഥാവരജംഗമ വസ്തുക്കളും എല്ലാം അടക്കം ഒന്നടങ്കമാണ് ബിജെപിയിലേക്ക് മാറിയത്. ( എന്നിട്ടും ഞങ്ങൾ ആരും ബിജെപിയിലേക്ക് മാറില്ല എന്നൊക്കെയുള്ള സൈബർ സഖാക്കളുടെ തള്ളാണ് സഹിക്കാൻ കഴിയാത്തത്) ഇപ്പോൾ ബിജെപിയും തൃണമൂലും ഏരിയാ ഡോമിനൻസിനുവേണ്ടി പൊരുതുന്നു.
മമതഭരണത്തിൽ അക്രമവും കൊള്ളയും കൊള്ളിവെപ്പും വർധിച്ചുവെന്നല്ലാതെ വികസനകാര്യത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. കട്ട് മണിയും അഴിമതിയും മുമ്പത്തേക്കാൾ വ്യാപകമായി. ഒരു ഘട്ടത്തിൽ നമ്മുടെ മുഖ്യമന്ത്രിക്ക് നോക്കുകൂലിക്കെതിരെ നിലപാട് എടുക്കേണ്ടി വന്നപോലെ കട്ട്മണിക്കെതിരെ മമതക്കും ശക്തമായി പ്രതികരിക്കേണ്ടി വന്നു. വെട്ടിക്കുറച്ച പണം തിരികെ നൽകാൻ മുഖ്യമന്ത്രി തന്നെ പാർട്ടി പ്രവർത്തകരോടും നേതാക്കളോടും ആവശ്യപ്പെട്ടു. തൊഴിലുറപ്പ് പദ്ധതിയുടെ കൂലി ആയിപ്പോലും പ്രതിദിനം 20 രൂപ തൃണമൂൽ നേതാക്കൾ പിടുങ്ങുന്നുണ്ട്. വെറുതെയാണോ മമത ഭരിക്കുമ്പോഴും പാവം ബംഗാളികൾ കേരളത്തിലേക്ക് വരുന്നത്!
ശാരദാ ചിട്ടിതട്ടിപ്പ് തൊട്ട് തൃണമൂൽ നേതാക്കളുടെ അഴിമതി പരമ്പരകൾ പുറത്തുവന്നു. മമതയുടെ മരുമകൻ അഭിഷേക് മുഖർജിയുടെ പേരിലൊക്കെ വലിയ അഴിമതി ആരോപണമാണ് ഉണ്ടായത്. എന്നിട്ടും തൃണമൂൽ ജയിച്ചുകയറുന്നത് എന്തായിരുന്നു ആ പഴയ കാലം എന്ന് ജനം ഓർക്കുന്നതുകൊണ്ടായിരിക്കണം. മമതാബാനർജി അത് ഇടക്കിടെ ഓർമ്മിപ്പിക്കാറുണ്ട്. കേരളത്തിലെ സിപിഎം നേതാക്കൾക്ക് ഒരിക്കലും മറുന്നുപോകാത്തതാണ് ബംഗാളിലെ പാഠങ്ങൾ. ഇപ്പോൾ ത്രിപുരയിലും അതുതന്നെ സംഭവിക്കുന്നു.
വാൽക്കഷ്ണം: ഇനി തെരഞ്ഞെടുപ്പുകളിൽ എത്ര തോറ്റാലും ബംഗാളിലേതുപോലെ വേരോടെ പിഴുതെറിയപ്പെടുന്ന ഒരു അവസ്ഥ കേരളത്തിലെ സിപിഎമ്മിന് ഉണ്ടാവുമെന്ന് തോനുന്നില്ല. കാരണം ഇവിടെ പിഎസ്സി കഴിഞ്ഞാൽ ഏറ്റവും വലിയ തൊഴിൽ ദാതാവ് സിപിഎമ്മാണ്. സഹകരണ ബാങ്കുകളും, അമ്യൂസ്മെന്റ് പാർക്കും, ചാനലും, പത്രവും, കോടികൾ വിലമതിക്കുന്ന കെട്ടിടങ്ങളുമൊക്കെയായി, അമൃതാനന്ദമയീമഠം കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും സ്വത്തുള്ള സംഘടനയും സിപിഎം തന്നെ. 34വർഷം തുടർച്ചയായി ഭരിച്ചിട്ടും അവർക്ക് ബംഗാളിൽ ഈ സെറ്റപ്പ് ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല!
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ