കണ്ണൂർ:  സി.പി. എം സംസ്ഥാനസമിതി അംഗമായ പി.ശശിയെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കി ഉയർത്തുകയും അദ്ദേഹത്തിനെതിരെ പരാതി നൽകിയ മുൻ തളിപ്പറമ്പ് മണ്ഡലം എംഎ‍ൽഎ സി.കെ.പി പത്മനാഭനെ ഒതുക്കുകയും ചെയ്തുവെന്നാരോപിച്ച് സോഷ്യൽ മീഡിയയിൽ സി പി എം അണികളുടെ പ്രതിഷേധം. സിപിഎം അനുകൂല സൈബർ ഗ്രൂപ്പുകളിലാണ് പി.ശശിയുടെയും സി.കെ.പിയുടെയും ചിത്രങ്ങൾ സഹിതം വെച്ചു നേതൃത്വത്തിനെതിരെ വിമർശനവുമായി പ്രവർത്തകർ പോസ്റ്റുകൾ ഇടുന്നത്.

പി.ശശിയുടെ ചിത്രംവെച്ചു പൊളിറ്റിക്കൽ സെക്രട്ടറിയായതിന് അഭിവാദ്യങ്ങളെന്നു പോസ്റ്റു ചെയ്ത നേതാക്കളുടെ ഫേസ്‌ബുക്ക് പേജിലും പ്രതിഷേധ സൂചകമായുള്ള കമന്റുകൾ നിറഞ്ഞിട്ടുണ്ട്. സി.കെ.പി പത്മനാഭന്റെ ഏരിയയായ മാടായിയിൽ നിന്നുമാണ് ഇത്തരത്തിൽ കൂടുതൽ പ്രതിഷേധം പ്രവർത്തകരിൽ നിന്നുയർന്നുവന്നിട്ടുള്ളത്. ഇതിനൊപ്പം സംസ്ഥാന കമ്മിറ്റിയിൽ പി.ജയരാജൻ നൽകിയ വീണ്ടും തെറ്റു ചെയ്യാനുള്ള സാധ്യതയുണ്ടെന്ന കമന്റുകളും പലരും എഴുതിയിട്ടുണ്ട്.

സി.പി. എം സൈബർ പോരാളികൾ പി.ശശിയുടെ പുതിയ സ്ഥാനക്കയറ്റത്തിൽ കടുത്ത രോഷത്തിലാണെന്നാണ് സൂചന. ഇവരുടെ പ്രതികരണങ്ങളിൽ നിറയുന്നതും ഇതുതന്നെയാണെന്നും വിലയിരുത്തപ്പെടുന്നു. പി.ശശിക്കെതിരെ 2011ൽ പരാതി നൽകിയ സി.കെ.പി ഇപ്പോൾ മാടായി ഏരിയാകമ്മിറ്റി അംഗം മാത്രമാണ്. പാർട്ടി പരിപാടികളിലും അദ്ദേഹത്തിന്റെ സാന്നിധ്യം കുറവാണ്. നേരത്തെ സി.പി. എം സംസ്ഥാനകമ്മിറ്റിയംഗവും കർഷകസംഘടനയുടെ സംസ്ഥാന നേതാവുമായിരുന്നു അദ്ദേഹം. തളിപ്പറമ്പ് എംഎൽഎയായും പ്രവർത്തിച്ചിട്ടുണ്ട്.

പാർട്ടിയിൽ വി. എസ്-പിണറായി വിഭാഗീയത കത്തിനിൽക്കുമ്പോഴാണ് പിണറായി പക്ഷത്തെ കരുത്തനായ നേതാവായ പി.ശശിക്കെതിരെ സി.കെ.പി പരാതി നൽകുന്നത്. ഇതോടെയാണ് കർഷകസംഘടനയുടെ ഫണ്ട് കൈക്കാര്യം ചെയ്യുന്നതിൽ ജാഗ്രത കാണിച്ചില്ലെന്ന ആരോപണവുമായി അദ്ദേഹത്തെ കർഷക സംഘടനയിൽ നിന്നും സംസ്ഥാന കമ്മിറ്റിയിൽ നിന്നും തരംതാഴ്‌ത്തുന്നത്. പിന്നീട് മാടായി ഏരിയാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയെങ്കിലും പാർട്ടിയിൽ ഏറെക്കുറെ നിശബ്ദനാണ് സി.കെ.പി. ഈ സാഹചര്യത്തിൽ പതിറ്റാണ്ടുകൾക്കിപ്പുറം ആരോപണവിധേയനായ പി.ശശിക്ക് വീണ്ടും സ്ഥാനക്കയറ്റവും സി.കെ.പിക്ക് അവഗണനയും നൽകിയെന്ന വിമർശനം പാർട്ടി അണികൾ സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ ഉയർത്തുന്നത്.

എന്നാൽ സ്ഥിതിഗതികൾ തണുപ്പിക്കുന്നതിനായി പാർട്ടിയിൽ യാതൊരു അഭിപ്രായ ഭിന്നതയുമില്ലെന്ന വാദവുമായി നേതാക്കളായ ഇ.പി. ജയരാജൻ, എം.വി ജയരാജൻ എന്നിവരും രംഗത്തെത്തിയിട്ടുണ്ട്. തന്റെ പേരിൽ വന്ന വാർത്തകൾ നിഷേധിച്ചുകൊണ്ടു പി.ജയരാജനും പ്രതികരിച്ചിട്ടുണ്ട്. ഇതുകൊണ്ടൊന്നും അണികളുടെ അമർഷം അടങ്ങിയിട്ടില്ല. വരും ദിനങ്ങളിൽ സി.പി. എമ്മിൽ പ്രതിഷേധം ശക്തമാകുമെന്നാണ് നിലവിലെ സാഹചര്യം നൽകുന്ന സൂചന.

സിപിഎമ്മിൽ തലമുറമാറ്റം നടന്ന കഴിഞ്ഞ എറണാകുളം സംസ്ഥാന സമ്മേളനത്തിലാണ് പി.ശശി സംസ്ഥാന സമിതിയിലെത്തുന്നത്. യുവാക്കൾക്കായി തലമുറ മാറ്റം എന്നാണു പറഞ്ഞതെങ്കിലും മധ്യവയസ് പിന്നിട്ട പി.ശശി സംസ്ഥാന കമ്മിറ്റിയിലെത്തിയത് അപ്രതീക്ഷിതമായാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പദവിയിൽ വൈകാതെ ശശിയെത്തുമെന്ന് അന്നുതന്നെ അടക്കം പറച്ചിലുണ്ടായിരുന്നു. ചാരത്തിൽനിന്ന് ഉയിർത്തെഴുന്നേൽക്കുന്നതിന്റെ ചരിത്രമാണ് പി.ശശിയെ വ്യത്യസ്തനാക്കുന്നത്. വിവാദങ്ങളും പാർട്ടിയിൽനിന്നു തന്നെ ഉയർന്ന ആരോപണങ്ങളുമെല്ലാം അതിജീവിച്ചാണ് കൂടുതൽ കരുത്തനായി പി.ശശിയുടെ രണ്ടാംവരവ്.

വിവാദകാലങ്ങളിലെല്ലാം പി.ശശിക്ക് തണലായത് മുഖ്യമന്ത്രി പിണറായി വിജയന്റെ കരുതലാണ്. പി.ശശിയിലുള്ള കറകളഞ്ഞ വിശ്വാസമാണ് പൊളിറ്റിക്കൽ സെക്രട്ടറിയായി അദ്ദേഹത്തെ നിയമിക്കാനും പിണറായിയെ പ്രേരിപ്പിച്ചത്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായതുകൊണ്ടു മാത്രമല്ല, നിലവിലെ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനശേന് സ്ഥാനമൊഴിയേണ്ടിവന്നത്. ഭരണതലപ്പത്തെ ഗൗരവമേറിയ വിഷയങ്ങളിൽ പാർട്ടിക്കും സർക്കാരിനും ക്ഷീണമുണ്ടാകാതെ എളുപ്പം തീരുമാനമെടുക്കാൻ കഴിയാത്തതിലെ പരിചയക്കുറവും ദിനേശനെ മാറ്റാൻ കാരണമായിട്ടുണ്ട്. നായനാർ സർക്കാരിന്റെ കാലത്ത് പൊളിറ്റിക്കൽ സെക്രട്ടറിയായുള്ള പി.ശശിയുടെ തകർപ്പൻ പ്രകടനം തുടർഭരണത്തിന് കരുത്താവുമെന്ന പ്രതീക്ഷയും മുഖ്യമന്ത്രിക്കുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമടത്ത് പിണറായി വിജയന്റെ ചീഫ് പോളിങ് ഏജന്റ് കൂടിയായിരുന്നു ശശി. 2011 വരെ കണ്ണൂരിലെ സിപിഎം രാഷ്ട്രീയത്തിൽ ഏറെ കരുത്തനായ നേതാവായിരുന്നു പി.ശശി. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരിക്കെ, വനിതാപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്നതിന്റെ പേരിൽ 2011ലാണ് പി.ശശി പുറത്താകുന്നത്. അപ്പോഴും പിണറായി ഉൾപ്പെടെയുള്ള നേതാക്കളുമായുണ്ടായിരുന്ന ആത്മബന്ധം മാത്രം മുറിഞ്ഞില്ല. പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടുവെങ്കിലും ക്ഷമയോടെയുള്ള കാത്തിരിപ്പായിരുന്നു പി.ശശിയുടേത്.

രാഷ്ട്രീയത്തിൽനിന്ന് മാറിയതോടെ പി.ശശി അഭിഭാഷകവൃത്തിയിൽ സജീവമായി. അഭിഭാഷകനെന്ന നിലയിൽ നിരവധി പൊതുതാൽപര്യ ഹരജികൾ വാദിച്ചു ജയിച്ചതിന്റെ അംഗീകാരം കൂടിയുണ്ട് പി.ശശിക്ക്. സിപിഎമ്മിനെ ഉലച്ച ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്കായി ഹാജരായ അഭിഭാഷകരിൽ ഒരാൾ കൂടിയായിരുന്നു. ഇതോടെ സിപിഎം നേതൃത്വത്തിൽ പി.ശശിക്ക് നിർണായക സ്വാധീനവും ലഭിച്ചു. സിപിഎം പോഷക സംഘടനയായ ആൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയൻ നേതാവായാണ് വീണ്ടും പൊതുപ്രവർത്തനത്തിൽ സജീവമായത്. സംഘടനയുടെ ജിലാ ഭാരവാഹിയായ പി.ശശിക്ക് വൈകാതെ പാർട്ടി അംഗത്വവും തിരിച്ചു ലഭിച്ചു.

പി.ശശിക്കെതിരേയുള്ള പരാതിയിൽ കഴമ്പില്ലെന്നു കണ്ട് 2016ലാണ് നീലേശ്വരം കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. 2018 ജൂലൈയിൽ തലശേരി ടൗൺ ബ്രാഞ്ച് കമ്മിറ്റിയിലൂടെ പാർട്ടി അംഗത്വത്തിൽ തിരിച്ചെത്തിയ പി.ശശി, ലോക്കൽ, ഏരിയാ കമ്മിറ്റികളിലൂടെ പടിപടിയായി 2019ൽ കണ്ണൂർ ജില്ലാ കമ്മിറ്റിയിലുമെത്തി. പെരളശേരി മാവിലായി സ്വദേശിയായ ശശി തലശേരി കോടതിയിൽ അഭിഭാഷകനായതിനാൽ ഏറെക്കാലമായി തലശേരിയിലാണ് താമസം.