അടൂർ: സിപിഎം നേതൃത്വത്തിലുള്ള അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റിയുടെ ഭരണ കാലത്ത് പഴകുളം കിഴക്ക് സർവീസ് സഹകരണ ബാങ്ക് ശാഖകളിൽ നടന്ന വ്യത്യസ്ത ക്രമക്കേടുകളുടെ പേരിൽ മൂന്നു ജീവനക്കാരെ പിരിച്ചു വിട്ടു. ഹൈസ്‌കൂൾ ജങ്ഷൻ ശാഖാ മാനേജർ ഷീലാ ജയകുമാർ, പ്യൂൺ കം സെയിൽസ്മാൻ മുകേഷ് ഗോപിനാഥ് എന്നിവരെയാണ് ആഭ്യന്തര അന്വേഷണം നടത്തി ഇപ്പോൾ പിരിച്ചു വിട്ടിരിക്കുന്നത്. മിത്രപുരം ശാഖയിൽ 40 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ മറ്റൊരു ജീവനക്കാരൻ ഗിരീഷ് കൃഷ്ണനിൽ നിന്ന് പണം മുഴുവൻ തിരികെ വാങ്ങിയ ശേഷം അടുത്തിടെ പിരിച്ചു വിട്ടിരുന്നു.

മിത്രപുരം ശാഖയിൽ തന്നെ 2.50 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയെന്ന് ആരോപിക്കുന്ന നിലവിലെ ബാങ്ക് സെക്രട്ടറി ഇൻ ചാർജ് പ്രസന്നന് സെക്രട്ടറി സ്ഥാനം നൽകാനും നീക്കം നടക്കുന്നു. ഇതിന് പിന്നാലെ മെയ്‌ 14 ന് പാർട്ടിക്കാരെ കുത്തത്തിരുകി പുതിയ ജീവനക്കാരെ തെരഞ്ഞെടുക്കാൻ എഴുത്തു പരീക്ഷയും ഇന്റർവ്യൂവും നിശ്ചയിച്ചിട്ടുണ്ട്. സിപിഎമ്മിന്റെ ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു ഡിവൈഎസ്‌പിയുടെ ഭാര്യ അടക്കം ഈ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഹൈസ്‌കൂൾ ജങ്ഷൻ ശാഖയിൽ നിന്ന് 45 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ മുകേഷ് ഗോപിനാഥ് മാത്രമാണുണ്ടായിരുന്നത്. ഇവിടെ മാനേജർ ആയിരുന്ന ഷീലയ്ക്ക് തട്ടിപ്പിനെ കുറിച്ച് അറിവുണ്ടായിരുന്നില്ല. താൻ മാത്രമാണ് തട്ടിപ്പു നടത്തിയതെന്നും പണം എടുത്ത വഴികളുമെല്ലാം തെളിവെടുപ്പിനിടെ മുകേഷ് ഗോപിനാഥ് പൊലീസിനോട് സമ്മതിച്ചിരുന്നു. തട്ടിപ്പിന്റെ മുഴുവൻ ഉത്തരവാദി താൻ മാത്രമാണെന്ന് മുദ്രപ്പത്രത്തിൽ ബാങ്കിനും പൊലീസിനും മുകേഷ് എഴുതി നൽകിയിരുന്നു. മാനേജർ ഷീല നിരപരാധിയാണെന്ന് എല്ലായിടത്തും മുകേഷ് പറയുകയും ചെയ്തിരുന്നു. എന്നാൽ, തികച്ചും ആസൂത്രിതമായി ഷീലയെയും പിരിച്ചു വിടുകയായിരുന്നു. ഷീലയുടെയും മുകേഷിന്റെയും സ്വത്തുക്കൾ അറ്റാച്ച് ചെയ്ത് നഷ്ടം നികത്താനും നീക്കമുണ്ട്.

ഇതിൽ മുകേഷ് ബിജെപിക്കാരനും ഷീല കോൺഗ്രസുകാരിയും മിത്രപുരം ബ്രാഞ്ചിൽ നിന്ന് സസ്പെഷനിലായ ഗിരീഷ് കൃഷ്ണൻ സിപിഎമ്മുകാരനുമാണ്. തട്ടിയെടുത്ത സംഖ്യ സംബന്ധിച്ച് ബാങ്ക് പറയുന്നതും യാഥാർഥ്യവുമായി അന്തരമുണ്ടെന്നാണ് പറയപ്പെടുന്നത്. ഗിരീഷ് കൃഷ്ണൻ 40 ലക്ഷം തട്ടിയെടുത്തുവെന്ന് പറഞ്ഞാണ് പുറത്താക്കിയിരിക്കുന്നത്. എന്നാൽ 65 ലക്ഷത്തിന്റെ തട്ടിപ്പാണ് മിത്രപുരത്ത് നടന്നതെന്ന് പറയുന്നു. ഈ ശാഖയിലെ ജീവനക്കാരനായിരുന്നു നിലവിലെ സെക്രട്ടറി പ്രസന്നൻ. 2017-18 ലെ ഓഡിറ്റ് റിപ്പോർട്ടിൽ പ്രസന്നന്റെ പേരിൽ 2.50 ലക്ഷം രൂപയുടെ ക്രമക്കേട് ആരോപിക്കപ്പെടുന്നുണ്ട്. പല തവണ ഈ റിപ്പോർട്ട് ഡയറക്ടർ ബോർഡിൽ ചർച്ചയാക്കാൻ ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. റിപ്പോർട്ട് ഇതു വരെ വെളിച്ചം കണ്ടിട്ടുമില്ല. ഇതൊക്കെ മറച്ചു വച്ചാണ് പ്രസന്നന് ഇപ്പോൾ സെക്രട്ടറിയുടെ ചുമതല നൽകാൻ നീക്കം നടക്കുന്നത്.

യുഡിഎഫ് ഭരിച്ചിരുന്ന പഴകുളം ബാങ്ക് ഭരണ സമിതി ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പിരിച്ചു വിട്ട് സിപിഎമ്മുകാർ അടങ്ങുന്ന അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റിയുടെ ഭരണത്തിൻ കീഴിലായിരുന്നു. ഈ കാലഘട്ടത്തിലാണ് വമ്പൻ തട്ടിപ്പ് നടന്നത്. പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ സിപിഎം ഭരണം പിടിക്കുകയും കായംകുളം എംഎസ്എം കോളജ് അദ്ധ്യാപകൻ രാധാകൃഷ്ണൻ ബാങ്ക് പ്രസിഡന്റാവുകയും ചെയ്തു. കോളജിൽ ഒപ്പിട്ട ശേഷം രാധാകൃഷ്ണൻ വന്ന് പങ്കെടുത്ത ഡയറക്ടർ ബോർഡ് യോഗത്തിലാണ് രണ്ടു ജീവനക്കാരെ പിരിച്ചു വിട്ടതെന്ന് പറയുന്നു. ഉച്ചയ്ക്ക് ശേഷം രണ്ടിന് നടന്ന യോഗത്തിൽ രാധാകൃഷ്ണൻ പങ്കെടുത്തത് വിവാദമാകുമെന്ന് കണ്ട് മിനിട്സ് തിരുത്തി വൈകിട്ട് അഞ്ചാക്കിയെന്നുള്ള ആരോപണവും നിലനിൽക്കുന്നു.

ഗുണഭോക്താക്കളുടെ സ്ഥിരനിക്ഷേപത്തിൽ നിന്ന് അവർ അറിയാതെ ലോണെടുത്തും നിക്ഷേപിക്കാൻ നൽകിയ പണത്തിന് വ്യാജരസീത് നൽകിയും സോഫ്റ്റ് വെയറിൽ തിരുത്തൽ വരുത്തിയുമാണ് മുകേഷ് തട്ടിപ്പ് നടത്തിയത്. ഇങ്ങനെ എടുത്ത പണം ഉപയോഗിച്ച് ആഡംബര വാഹനങ്ങൾ വാങ്ങിയതായി കണ്ടെത്തി.

ബാങ്ക് ശാഖാ മാനേജർ ഷീലയും കേസിൽ പ്രതിയായിരുന്നു. ഷീലയ്ക്ക് തട്ടിപ്പിൽ പങ്കില്ലെന്ന് മുകേഷ് പറഞ്ഞിട്ടുണ്ട്. എന്നാൽ, ബാങ്കിന്റെ സെക്രട്ടറി ഇൻ ചാർജ് പ്രസന്നകുമാർ അടക്കം മറ്റു ചിലർക്കും തട്ടിപ്പിനെ കുറിച്ച് അറിയാമായിരുന്നുവെന്നാണ് പറയുന്നത്. അതേ സമയം, മുകേഷ് തട്ടിയെടുത്ത തുക ഒരു കോടിയോളം വരുമെന്നാണ് സൂചന. ഇതു സംബന്ധിച്ച് ശാഖാ മാനേജരായിരുന്ന ഷീല സഹകരണ സംഘം അസി. രജിസ്ട്രാർക്ക് മൊഴി നൽകിയിരുന്നു. അതിന്റെ പേരിൽ സെക്രട്ടറി ഇൻ ചാർജ് ഷീലയെ ശാസിക്കുകയും ചെയ്തു.
സിപിഎം നേതൃത്വത്തിലുള്ള അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റി കൺവീനർ രാധാകൃഷ്ണ കുറുപ്പിന്റെ പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ബ്രാഞ്ച് മാനേജർ എസ് ഷീല, പ്യൂൺ മുകേഷ് ഗോപിനാഥ് എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് ശേഷം വകുപ്പു തല അന്വേഷണം നടത്തി.

താൻ നിരപരാധിയാണെന്ന് തെളിയിക്കുന്ന രേഖകൾ ഷീല നൽകിയെങ്കിലും അതെല്ലാം തള്ളി സസ്പെൻഷൻ തീയതി വച്ച് മുൻകാല പ്രാബല്യത്തോടെ ഇരുവരെയും പുറത്താക്കുകയായിരുന്നു.2017-20 കാലഘട്ടത്തിൽ ഇടപാടുകാരുടെ എസ്ബി അക്കൗണ്ടിൽ കൃത്രിമം നടത്തിയും വ്യാജരേഖ ചമച്ചും വ്യാജ ഒപ്പിട്ടും വ്യാജലോൺ തരപ്പെടുത്തിയുമാണ് തട്ടിപ്പ് നടത്തിയത്. സഹകരണ സംഘം അസി. രജിസ്ട്രാർ നടത്തിയ പരിശോധനയിലാണ് 45 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്. രഹസ്യമാക്കി വച്ചിരുന്ന തട്ടിപ്പ് മാധ്യമങ്ങൾ പുറത്തു കൊണ്ടുവന്നതോടെയാണ് പരാതി നൽകാൻ ഭരണ സമിതി നിർബന്ധിതരായത്. സിപിഎം നിയന്ത്രണത്തിലുള്ള അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റിയുടെ ഭരണ കാലത്താണ് തട്ടിപ്പ് നടന്നത്. ഇവരുടെ കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് ക്രമക്കേട് പുറത്തു വന്നത്.

പ്യൂൺ മുകേഷ് തട്ടിപ്പ് നടത്തിയ വിവരം അറിയാമായിരുന്നുവെന്നും അത് ഉത്തരവാദിത്തപ്പെട്ടവരെ അറിയിക്കാൻ സാധിച്ചില്ലെന്നാണ് ഷീല മൊഴി നൽകിയത്. പ്യൂൺ തട്ടിയെടുത്ത പണം തിരിച്ചടയ്ക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇത് വാങ്ങിയെടുത്ത ശേഷം മുകേഷിനെ ജോലിയിൽ നിന്ന് പുറത്താക്കാനായിരുന്നു ഭരണ സമിതിയുടെ തീരുമാനം. തന്റെ തട്ടിപ്പിനെ കുറിച്ച് ബാങ്ക് സെക്രട്ടറി പ്രസന്നന് അടക്കം അറിയാമായിരുന്നുവെന്ന് മുകേഷ് പറയുന്നത്. താൻ എടുത്ത തുകയിൽ കുറച്ച് സിപിഎമ്മിന്റെ ചില നേതാക്കൾക്ക് നൽകിയെന്നും അങ്ങനെ ചെയ്യാൻ നിർബന്ധിച്ചത് സെക്രട്ടറി പ്രസന്നൻ ആണെന്നും മുകേഷ് പറയുന്നുണ്ട്. 45 ലക്ഷം താൻ എടുത്തതിൽ 20 ലക്ഷവും മറ്റുള്ളവർ വാങ്ങിയെടുത്തെന്നും അത് തിരികെ കിട്ടിയാൽ ബാങ്കിന് നൽകുമെന്നുമാണ് മുകേഷ് പറഞ്ഞത്. പ്രമുഖ സിപിഎം നേതാക്കളുടെ അടക്കം പേര് മുകേഷ് പരാമർശിച്ചിട്ടുണ്ട്.