- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പന്തളത്തെ കൃഷ്ണകുമാർ ഓപ്പറേഷൻ സക്സസ്; ഇനി ലക്ഷ്യം കണ്ണൂരിൽ പിപി മുകുന്ദൻ; ശബരിമലയിലെ കോൺഗ്രസ്-ബിജെപി അജണ്ട തകർക്കാൻ മാസ്റ്റർ പ്ലാനുമായി പിണറായി; വിശ്വാസികളെ ഒപ്പം നിർത്താൻ കാമ്പൈനുമായി സിപിഎം; അകന്നു പോയവരെ നേരിൽ കണ്ട് പാർട്ടിയിൽ അടുപ്പിക്കാൻ പ്രത്യേക സ്ക്വാഡുകൾ; തുടർഭരണത്തിന് കരുതലോടെ
കോട്ടയം: ശബരിമലയിലെ കോൺഗ്രസ് പ്രതിരോധത്തെ അതിജീവിക്കാൻ സിപിഎം തന്ത്രപരമായ നീക്കം നടത്തും. കോൺഗ്രസും ബിജെപിയും ശബരിമലയിൽ കടന്നാക്രമണം നടത്തുന്ന സാഹചര്യത്തിലാണ് ഇത്. പരസ്യമായി ഈ വിഷയത്തിൽ പ്രതികരിക്കില്ല. എന്നാൽ താഴേ തട്ടിൽ ഇടപെടൽ നടത്തും. പന്തളത്തം ബിജെപി നേതാവായിരുന്ന കൃഷ്ണകുമാർ സിപിഎമ്മിൽ ചേർന്നിരുന്നു. നാമജപ ഘോഷയാത്രയിൽ മുന്നിൽ നിന്ന നേതാവാണ് കൃഷ്ണകുമാർ. സമാന രീതിയിൽ മറ്റ് ഹൈന്ദവ നേതാക്കളേയും സിപിഎമ്മിലേക്ക് അടുപ്പിക്കും. ബിജെപിയുമായി തെറ്റി നിൽക്കുന്ന പിപി മുകുന്ദനെ സിപിഎമ്മിലേക്ക് എത്തിക്കാനും നീക്കമുണ്ട്.
വിശ്വാസികളുടെ വിശ്വാസമാർജിക്കാനാണ് നീക്കം. അനുഭാവികളെ ഉപയോഗിച്ച് വിശ്വാസികളെ നേരിൽക്കണ്ട് സംസാരിക്കുന്നതടക്കമുള്ള പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. ശബരിമലയിൽ വിശ്വാസികൾക്കൊപ്പം ഉണ്ടാകുമെന്ന സന്ദേശമാകും നൽകുക. സുപ്രീംകോടതിയിലെ തീരുമാനം വിശ്വാസ സമൂഹത്തിന് അനുകൂലമാകും ഇനിയെന്നാണ് സിപിഎം വിലയിരുത്തൽ. അതുകൊണ്ട് തന്നെ സർക്കാരിന് കാര്യമായ റോൾ ഇനി ഉണ്ടാകില്ല. മറ്റ് പ്രചരണമെല്ലാം അടിസ്ഥാനരഹിതമായിരിക്കും എന്ന സന്ദേശമാകും നൽകുക. മുകുന്ദനെ പോലുള്ളവർ ശബരിമലയിൽ സിപിഎം വിരുദ്ധ സമീപനമാണ് സ്വീകരിച്ചത്. ഈ സാഹചര്യത്തിലാണ് ഇത്തരം വ്യക്തികളെ പാർട്ടിയിലേക്ക് കൊണ്ടു വന്ന മറ്റ് പ്രചരണങ്ങളെ അതിജീവിക്കാനുള്ള ശ്രമം.
ലോക്സഭ-തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി. മുന്നേറ്റമുണ്ടാക്കിയ ഇടങ്ങളിൽ ഈ പ്രവർത്തനം ശക്തമായി നടത്തും. ചെറിയ കൂട്ടായ്മകൾ, കുടുംബയോഗങ്ങൾ എന്നിവ വിളിച്ച് പാർട്ടിക്കൊപ്പം നിൽക്കുന്ന വിശാലവേദി രൂപപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിന് ഔദ്യോഗികമായ ഘടനയോ ഭാരവാഹികളോ ഉണ്ടാകില്ല. പന്തളത്തും കോന്നിയിലും പ്രത്യേക ശ്രദ്ധ നൽകും. തിരുവനന്തപുരത്തും അതിശക്തമായ ഇടപെടൽ നടത്തും. വിശ്വാസികൾക്കൊപ്പമാകും നിലപാട് എന്നാകും സിപിഎം പരോക്ഷമായി സൂചന നൽകുക. എന്നാൽ പ്രകടന പത്രികയിൽ ഇത് കടന്നു വരികയുമില്ല. പന്തളത്ത് കൃഷ്ണകുമാറിനെ എത്തിച്ച മാതൃക എല്ലായിടത്തും സ്വീകരിക്കും.
ക്ഷേത്രസമിതികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ അനുഭാവികളോട് നിർദേശിച്ചിട്ടുണ്ട്. ആർ.എസ്.എസ്. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് നടത്തിവന്നിരുന്ന സേവനപ്രവർത്തനങ്ങൾ മനസ്സിലാക്കി മാതൃകയാക്കാവുന്നവ സ്വീകരിക്കും. സംഘർഷമോ പ്രദേശത്ത് അലോസരമോ ഇല്ലാത്തവിധംവേണം ഇത് നടപ്പാക്കാൻ എന്നും അണികൾക്ക് നിർദ്ദേശം നൽകും. സംഘർഷത്തിലേക്ക് കാര്യങ്ങൾ പോയാൽ അത് തിരിച്ചടിയാകും. കണ്ണൂരിൽ ഉൾപ്പെടെ സമാധാനത്തിന്റെ സന്ദേശം എത്തിക്കാനാകും ശ്രമം.
സംഘപരിവാർ വിട്ടുവന്നവരെ വിവിധ പ്രവർത്തനങ്ങളിലേക്ക് ഉൾച്ചേർക്കും. ഹിന്ദുമതത്തിലെ വിവിധ സമുദായസംഘടനകളിൽ പ്രവർത്തിക്കുന്നവരുമായി നിരന്തരം ബന്ധപ്പെടണമെന്ന് പ്രാദേശികനേതാക്കളോട് നിർദേശിച്ചു. അവർക്ക് പറയാനുള്ളത് കേൾക്കണം. പ്രാദേശികപാർട്ടിനേതാക്കൾ സമുദായയോഗങ്ങളിൽ പങ്കെടുക്കുന്നതിന് വിലക്കില്ല. അത് പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ബിജെപിയിലെ മുതിർന്ന നേതാക്കളുമായി സിപിഎം ആശയ വിനിമയം തുടരും. മുകുന്ദനെ സിപിഎമ്മുമായി അടുപ്പിക്കാൻ കണ്ണൂരിലെ ഒകെ വാസുവിനെ നിയേഗിച്ചിട്ടുമുണ്ട്. എന്നാൽ മുകുന്ദൻ ഇനിയും മനസ്സ് തുറന്നിട്ടില്ല.
ബിജെപി. ഭരണം പിടിച്ചെടുത്ത പന്തളത്ത് വിശ്വാസികളെ ലക്ഷ്യമിട്ടുള്ള പ്രവർത്തനം മുന്നോട്ടുപോയിട്ടുണ്ട്. വാർഡുകൾ കേന്ദ്രീകരിച്ചുള്ള കുടുംബയോഗങ്ങൾ പൂർത്തിയായി. ശബരിമലവിവാദമുണ്ടായ സമയത്ത് അകന്നുപോയവരെ നേരിൽക്കാണും. പാർട്ടി അനുഭാവികളായ വിശ്വാസികളെ ഒപ്പംചേർത്താണ് ഈ കൂടിക്കാഴ്ച. ഒരു വിശ്വാസത്തിനും പാർട്ടി എതിരല്ലെന്ന സന്ദേശംനൽകും. വിവിധ മതവിശ്വാസങ്ങളെ സംരക്ഷിക്കാൻ പാർട്ടി മുന്നിലുണ്ടാകുമെന്നും അറിയിക്കും.
മറുനാടന് മലയാളി ബ്യൂറോ