തിരുവനന്തപുരം: മഞ്ചേശ്വരം എംഎൽഎ എം സി ഖമറൂദ്ദീന്റെ നേതൃത്വത്തിൽ ലീഗ് നേതാക്കൾ നടത്തിയ ജൂവലറി നിക്ഷേപ തട്ടിപ്പ് ഞെട്ടിപ്പിക്കുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ഇതിന്റെ മുഴുവൻ വിവരങ്ങളും പുറത്തുകൊണ്ടുവരാൻ ഉന്നതതല അന്വേഷണം സർക്കാർ നടത്തണമെന്നും പാർട്ടി ആവശ്യപ്പെട്ടു.നിക്ഷേപ തട്ടിപ്പിൽ 33 കേസാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു എംഎൽഎക്കെതിരെ ഇത്രയധികം കേസ്ര ജിസ്റ്റർ ചെയ്യപ്പെടുന്നത്. വ്യാജ സർട്ടിഫിക്കറ്റാണ് നിക്ഷേപകർക്ക് നൽകിയത്. ഓരോ ദിവസവും നിരവധി ആളുകളാണ് പുതുതായി പരാതിയുമായി മുന്നോട്ടു വരുന്നതെന്നും പാർട്ടി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

150 കോടിയോളം രൂപയാണ് സമാഹരിച്ചതായി വാർത്തകൾ പുറത്തുവന്നിരിക്കുന്നത്. നിക്ഷേപകരെ കമ്പളിപ്പിക്കാനായി അഞ്ച് കമ്പനികളാണ് ഫാഷൻ ഗോൾഡ് ചെയ്ർമാനായ എം.സി ഖമറൂദ്ദീനും എം.ഡിയായ പൂക്കോയതങ്ങളും രജിസ്റ്റർ ചെയ്തത്. 2006 ൽ ഫാഷൻ ഗോൾഡ് ഇന്റെർനാഷണൽ എന്ന പേരിൽ ചന്തേര മാണിയാട്ട് തവക്കൽ കോംപ്ലക്സിലാണ് ആദ്യകമ്പനി രജിസ്റ്റർ ചെയ്തത്. പിന്നീട് 2007 ലും 2008 ലും 2012 ലും 2016 ലുമായാണ് മറ്റുകമ്പനികൾ രജിസ്റ്റർ ചെയ്തത്. ഒരേ മേൽവിലാസത്തിലാണ് കമ്പനികൾ രജിസ്റ്റർ ചെയ്തതെങ്കിലും ഫാഷൻ ഗോൾഡ് ഇന്റെർനാഷണൽ എന്ന സ്ഥാപനമല്ലാതെ മറ്റൊന്നും മാണിയാട്ട് ഉണ്ടായിരുന്നില്ല.

മുസ്ലിം ലീഗിന്റെ ഭാരവാഹികളും ലീഗുമായി അടുത്ത ബന്ധമുള്ളവരും ചേർന്ന് നടത്തുന്ന സ്ഥാപനമെന്ന് പറഞ്ഞ് ജനവിശ്വാസം ആർജ്ജിച്ചാണ് ലീഗ് അണികളായ സമ്പന്നരെയും പാവങ്ങളെയും വലയിൽ വീഴ്‌ത്തിയത്. ലീഗ് നേതാക്കളുടെ സമ്മർദ്ദം കാരണമാണ് ആദ്യം ആരും പരാതി നൽകാൻ തയ്യാറാവാതിരുന്നത്. നേതാക്കൾ ഉറപ്പ് പാലിക്കാത്തതിലാണ് നിക്ഷേപകർ പൊലീസിൽ പരാതി നൽകിയത്.