- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജനകീയ കോവിഡ് പ്രതിരോധവും അംബാനി വിരുദ്ധ സമരവുമായി സിപിഎം; സംസ്ഥാന സർക്കാരിനെതിരായ ആരോപണങ്ങളെയെല്ലാം തനത് ശൈലി കൊണ്ട് നേരിടാൻ തന്നെ സംസ്ഥാന സെക്രട്ടറിയറ്റിൽ തീരുമാനം; ശ്രമിക്കുന്നത് ഭരണവും സമരവും എന്ന പതിവ് പരിപാടിയിലൂടെ പാർട്ടിയെ ശക്തമാക്കാൻ; ഓരോവീടും സമരകേന്ദ്രങ്ങളാകുന്ന പുതുമയാർന്ന സമരപരിപാടിയെന്ന് കോടിയേരി ബാലകൃഷ്‌ണൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാർ വിവിധ ആരോപണങ്ങളെ നേരിടുന്നതിനിടയിൽ പുതിയ പോർമുഖങ്ങൾ തുറന്ന് സിപിഎം. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരിക്കുന്നതിനെതിരായ സമരത്തിലൂടെയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലൂടെയും ജനകീയാടിത്തറ ശക്തമാക്കാനാണ് സിപിഎം ശ്രമം. സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷൻ പറഞ്ഞതെല്ലാം പാർട്ടിയും സർക്കാരും നിലവിൽ നേരിടുന്ന ആരോപണങ്ങളെയെല്ലാം നേരിടാൻ പാർട്ടി മെഷീനറിയെ സജ്ജമാക്കും എന്ന് തന്നെയാണ്. ഓരോവീടും സമരകേന്ദ്രങ്ങളാകുന്ന പുതുമയാർന്ന സമരപരിപാടിയാണ് പാർട്ടി ആസൂത്രണം ചെയ്തിരിക്കുന്നതെന്നാണ് കോടിയേരി അവകാശപ്പെടുന്നത്.
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് കോടിയേരി ബാലകൃഷ്‌ണൻ ആവശ്യപ്പെട്ടു. വൻതോതിൽ അഴിമതിക്ക് വഴിവെക്കുന്ന വിധത്തിലാണ് കേന്ദ്രസർക്കാർ തീരുമാനമെടുത്തത്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും സീപോർട്ടും അദാനിക്ക് എന്നതാണ് കേന്ദ്രനയം. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയർത്തും. പ്രധാനമന്ത്രക്ക് രണ്ട് ലക്ഷം ഇമെയിൽ സന്ദേശങ്ങൾ അയക്കുമെന്നും കോടിയേരി പറഞ്ഞു. കേന്ദ്രസർക്കാരിന്റെ കോർപ്പറേറ്റ് വത്‌കരണ നയങ്ങൾക്കെതിരേ ഓഗസ്റ്റ് 23 ന് പ്രക്ഷോഭം സംഘടിപ്പിക്കും. 25 ലക്ഷത്തോളം ആളുകൾ ഇതിൽ പങ്കെടുക്കുമെന്നാണ് വിലയിരുത്തിയിട്ടുള്ളതെന്ന് കോടിയേരി പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളം ഒരിക്കലും സ്വകാര്യവത്കരിക്കാൻ പാടില്ല. അദാനി വാഗ്‌ദാനം ചെയ്‌ത തുക നൽകാമെന്ന് സംസ്ഥാന സർക്കാർ പറഞ്ഞിട്ടും വിമാനത്താവളം അദാനിക്ക് നൽകിയത് നൽകിയത് അഴിമതിക്ക് വേണ്ടിയാണ്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ചുകൊണ്ട് എല്ലാവരും ഒരുമിച്ച് നിൽക്കുകയാണ് വേണ്ടത്. എല്ലാ എംപിമാരും ഒരുമിച്ച് നിൽക്കണം. പൊതുതാൽപര്യത്തിന് വിരുദ്ധമായ നിലപാടാണ് തിരുവനന്തപുരം എംപി ശശി തരൂർ സ്വീകരിച്ചത്. തരൂർ നിലപാട് തിരുത്താൻ തയ്യാറാകണം.
സ്വകാര്യവത്‌കരണത്തെ ഇപ്പോൾ ന്യായീകരിക്കുന്ന വി മുരളീധരനാണ് ഈ കൈമാറ്റത്തിനെതിരെ മുൻപ് കേന്ദ്രത്തിന് കത്തയച്ചത്. സർവകക്ഷിയോഗത്തിൽ ബിജെപി ഒഴികെയുള്ള പാർട്ടികൾ എല്ലാം സ്വീകരിച്ചത് സ്വാഗതാർഹമായ നിലപാടാണ്. നിയമസഭ ഇക്കാര്യത്തിൽ ഒറ്റക്കെട്ടായി പ്രമേയം പാസാക്കണം. ഇതോടൊപ്പം ജനങ്ങളും രംഗത്തിറങ്ങണമെന്നും കോടിയേരി പറഞ്ഞു.
കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി തദ്ദേശഭരണ സ്ഥാപനങ്ങളോട് ചേർന്ന് സിപിഎം പ്രവർത്തകർ സജീവമായി രംഗത്തിറങ്ങുമെന്നും കോടിയേരി വ്യക്തമാക്കി. വീടുകൾ അണുവിമുക്തമാക്കുക, വീടുകളും പരിസര പ്രദേശങ്ങളും മാലിന്യമുക്തമാക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് നടത്തുക. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാകണം ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി അംഗങ്ങളും അനുഭാവികളുമായ 45 വയസിന് താഴെയുള്ള ആരോഗ്യവാന്മാരായ എല്ലാവരും ഈ പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളിത്തം വഹിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച വ്യക്തമായ മാർഗനിർദ്ദേശങ്ങൾ കീഴ്ഘടകങ്ങൾക്ക് നൽകും.
മറുനാടന് ഡെസ്ക്