- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഏരിയാ സെക്രട്ടറിക്ക് പണി കൊടുക്കാൻ ജില്ലാ നേതാവ് കൊണ്ടു വന്ന തിരുവല്ല പീഡനം സമ്മേളനത്തിൽ ചീറ്റി; ആരോപണങ്ങൾക്ക് മറുപടി നൽകാതെ ജില്ലാ സെക്രട്ടറി; സന്ദീപ് വധക്കേസിൽ പൊലീസിന് തെറ്റുപറ്റിയിട്ടില്ലെന്ന് കെപി ഉദയഭാനു; തിരുവല്ല സീറ്റ് കണ്ടാരും പനിക്കേണ്ടെന്നും സെക്രട്ടറി
തിരുവല്ല: സിപിഎം ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി. ആന്റണിയെയും കൂട്ടരെയും സമ്മേളനത്തിൽ സംരക്ഷിച്ച് ജില്ലാ സെക്രട്ടറി കെപി ഉദയഭാനു. ഫ്രാൻസിസ് വിഭാഗത്തെ താറടിക്കുന്നതിനും നാറ്റിക്കുന്നതിനുമായി ഉയർത്തിക്കൊണ്ടു വന്ന വനിതാ നേതാവിന്റെ പീഡനം സംബന്ധിച്ച് ആരോപണങ്ങൾക്ക് ജില്ലാ സെക്രട്ടറി കെപി ഉദയഭാനു മറുപടി നൽകിയില്ല. ഇന്നലെ നടന്ന പ്രതിനിധി സമ്മേളനത്തിൽ ഏറ്റവും കുടുതൽ ആരോപണമുയർന്നത് വനിതാ നേതാവിനെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തെ ചൊല്ലിയായിരുന്നു.
ഫ്രാൻസിസ് പക്ഷത്തു നിന്നുള്ള 12 പേരെയാണ് കേസിൽ പ്രതിയാക്കിയത്. സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയെ വരെ പ്രതിയാക്കിയിരുന്നു. ഏരിയാ സമ്മേളനത്തോട് അനുബന്ധിച്ച് ജില്ലാ നേതാവിന്റെ നേതൃത്വത്തിൽ കരുതിക്കൂട്ടി കൊണ്ടു വന്നതാണ് പീഡന പരാതിയെന്ന ആരോപണം നിലനിൽക്കുകയാണ്.
കേസിലെ പ്രതികൾക്ക് ഒളിയിടം നൽകാൻ ജില്ലാ-ഏരിയാ നേതൃത്വങ്ങൾ പാർട്ടി ഓഫീസ് ഉപയോഗിച്ചുവെന്നും സമ്മേളന പ്രതിനിധികൾ ആരോപിച്ചിരുന്നു. ചർച്ചയ്ക്കുള്ള മറുപടിയിൽ ജില്ലാ സെക്രട്ടറി പ്രതികരിക്കുമെന്നാണ് ഫ്രാൻസിസ് വിരുദ്ധർ കരുതിയിരുന്നത്. അതുണ്ടായില്ലെന്ന് മാത്രമല്ല, തിരുവല്ല സീറ്റ് ലക്ഷ്യം വച്ചു കരുക്കൾ നീക്കുന്ന ജില്ലാ നേതാവിന് പരോക്ഷമായ താക്കീതും ജില്ലാ സെക്രട്ടറി നൽകി.
പീഡന പരാതിയും ദൃശ്യങ്ങളും പ്രചരിപ്പിച്ചവർ പലരും പാർട്ടി പ്രചാരണങ്ങൾക്ക് സമയം കണ്ടത്തിയില്ലെന്ന് ഉദയഭാനു കുറ്റപ്പെടുത്തി.തിരുവല്ല സീറ്റ് കണ്ട് സിപിഎമ്മിലാരും പനിക്കേണ്ടെന്ന സൂചന നൽകിയ ജില്ലാസെക്രട്ടറി മാത്യൂ ടി തോമസ് എംഎൽഎക്കെതിരായ വിമർശനങ്ങളിൽ കഴമ്പില്ലെന്നും പറഞ്ഞു.
തിരുവല്ലയിൽ സിപിഎമ്മിനുള്ളിലെ വിഭാഗീയത രൂക്ഷമാക്കാർ ചിലർ മത്സരിച്ച് ശ്രമിക്കുന്നു. പാർട്ടി വളർത്താതെ ഗ്രൂപ്പ് വളർത്താനാണ് ഇവർ ശ്രമിക്കുന്നത്. വിഭാഗീയത പ്രോത്സാഹിപ്പിക്കുകയും വളർത്തുകയും ചെയ്യുന്നവർക്ക് പാർട്ടിയിൽ സ്ഥാനമുണ്ടാവില്ല. വിഭാഗീയതയുടെ മതിൽ പൊളിക്കാൻ പാർട്ടി നേതൃത്വത്തിന് അറിയാമെന്നും ഉദയഭാനു പറഞ്ഞു.
മാധ്യമങ്ങൾക്ക് വാർത്ത ചോർത്തി നല്കുന്ന പാർട്ടി പ്രവർത്തകർ വർഗ വഞ്ചകരാണ്. മാധ്യമങ്ങളിൽ നിന്ന് കമ്മീഷൻ സ്വീകരിച്ചതു പോലാണ് ഇവരുടെ പ്രവർത്തനം. സന്ദീപ് കൊലപാതകത്തിൽ പൊലീസ് ശരിയായ വിധത്തിലാണ് അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരുവല്ലയിൽ തട്ടകമുറപ്പിക്കാനും വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാനും ലക്ഷ്യമിട്ട് ജില്ലാ നേതാവ് നടത്തിയ നീക്കങ്ങളാണ് ഇതോടെ പൊളിഞ്ഞത്. ഇദ്ദേഹത്തിന്റെ പക്ഷക്കാർ കൊണ്ടു വന്ന വിമർശനങ്ങൾക്കെല്ലാം താക്കീതിന്റെ സ്വരത്തിലാണ് ജില്ലാ സെക്രട്ടറി മറുപടി നൽകിയത്.