- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിറ്റിങ് കേസിൽ പിടിയിലായ പ്രതിയുടെ ഫോൺ കൈക്കലാക്കി വിദേശത്തുള്ള കാമുകിയുടെ ദൃശ്യങ്ങൾ സ്വന്തം ഫോണിലേക്ക് മാറ്റി; ദൃശ്യങ്ങൾ കാട്ടി തനിക്ക് വഴങ്ങമെന്ന് ആവശ്യപ്പെട്ടു; പത്തനംതിട്ട സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സസ്പെൻഷനിൽ: കേസെടുത്ത് അറസ്റ്റ് ചെയ്തേക്കും
പത്തനംതിട്ട: വഞ്ചനാ കേസിലെ പ്രതിയുടെ ഫോൺ ഭീഷണിപ്പെടുത്തി കൈക്കലാക്കി അതിൽ നിന്നുള്ള നമ്പർ ദുരുപയോഗം ചെയ്ത കേസിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ അഭിലാഷിനെയാണ് ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ സസ്പെൻഡ് ചെയ്തത്. ജില്ലാ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അടൂർ സ്വദേശിയായ ജിതിൻ എന്ന യുവാവിന്റെ ഫോണാണ് പൊലീസുകാരൻ തട്ടിയെടുത്തത്. സ്റ്റേഷനിൽ കസ്റ്റഡിയിലായിരുന്ന പ്രതിയുടെ ഫോൺ പിടിച്ചു വാങ്ങുകയും പാസ്വേർഡ് മനസിലാക്കി തുറന്ന് പരിശോധിക്കുകയുമായിരുന്നു. പ്രതിയും കാമുകിയുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കിയ അഭിലാഷ് ഇത് സ്വന്തം ഫോണിലേക്ക് മാറ്റി. തുടർന്ന് ഈ ദൃശ്യങ്ങൾ പെൺകുട്ടിക്ക് അയച്ചു കൊടുത്ത ശേഷം തനിക്കും വഴങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ഗൾഫിൽ ജോലിയുള്ള പെൺകുട്ടി എസ്‌പിക്ക് പരാതി നൽകുകയായിരുന്നു. തന്റെ സ്വകാര്യ ദൃശ്യങ്ങൾ പൊലീസുകാരൻ കൈക്കലാക്കിയെന്നും ഇത് പ്രചരിപ്പിക്കാൻ സാധ്യതയുണ്ടെന്നും അങ്ങനെ വന്നാൽ ജീവനൊടുക്കുമെന്നും പരാതിയിൽ പറഞ്ഞു. തുടർന്ന് പൊലീസുകാരന്റെ ഫോൺ അടിയന്തിരമായി പിടിച്ചെടുക്കാൻ എസ്‌പി ഉത്തരവിട്ടു. ഇതിൻ പ്രകാരം സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പിയും റൈറ്ററും ചേർന്ന് സ്റ്റേഷനിൽ ചെന്ന് ഫോൺ പിടിച്ചെടുക്കുകയായിരുന്നു.
നടപടി ക്രമങ്ങൾ പാലിക്കാതെയാണ് ഫോൺ പിടിച്ചെടുത്തത് എന്ന് ആരോപണമുയർന്നിരുന്നു. പൊലീസ് അസോസിയേഷൻ അടക്കം വിഷയത്തിൽ ഇടപെട്ടു. പരാതിയുടെ അടിയന്തിര സ്വഭാവം കണക്കിലെടുത്താണ് ഫോൺ പിടിച്ചെടുത്തത് എന്നായിരുന്നു സ്പെഷൽ ബ്രാഞ്ചിന്റെ വിശദീകരണം. ഫോൺ ഇപ്പോൾ സൈബർ സെല്ലിന്റെ കൈയിലാണുള്ളത്.
പ്രാഥമികാന്വേഷണത്തിൽ പൊലീസുകാരൻ തെറ്റുകാരനാണെന്ന് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി റിപ്പോർട്ട് കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. ഫോൺ പിടിച്ചെടുത്തതിനെ ചൊല്ലി സാമൂഹിക മാധ്യമങ്ങളിൽ വാർത്തയും വന്നിരുന്നു. ഇതിനെതിരേ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു. എന്നാൽ, കുറ്റത്തിന്റെ ഗൗരവം പുറത്തു വന്നതോടെ എതിർപ്പുകൾ അയഞ്ഞു. പൊലീസുകാരനെ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്