- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
40 പേർക്കുള്ള വെന്റിലേറ്റർ സൗകര്യം; 300 പേർക്ക് ഒരേസമയം ചികിത്സ; 2 വർഷമായി അടഞ്ഞുകിടന്ന ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി മാറ്റി കോട്ടയം ജില്ലാഭരണ കൂടം; ആശുപത്രി പ്രവർത്തനമാരംഭിക്കുക മൂന്നൂദിവസത്തിനുള്ളിൽ
ഈരാറ്റുപേട്ട: കോട്ടയം ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അടിയന്തര നടപടികളുമായി ജില്ലാ ഭരണകൂടം.രണ്ട് വർഷമായി അടഞ്ഞുകിടക്കുന്ന റിംസ് ആശുപത്രി ഏറ്റെടുത്ത് അടിയന്തിരമായ പ്രവർത്തനം തുടങ്ങാൻ ജില്ലാ ഭരണകൂടം.ആശുപത്രി വൃത്തിയാക്കുന്ന നടപടികൾ ഇന്നലെ രാത്രി തുടങ്ങി. നഗരസഭയുടെ മേൽനോട്ടത്തിൽ വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രവർത്തനം നടത്തുന്നത്. ഉപയോഗിക്കാതെ കിടന്നതിനാൽ സെപ്റ്റിക് ടാങ്കുകളുടെ പ്രവർത്തനവും തകരാറിലായിട്ടുണ്ട്. 3 ദിവസം കൊണ്ടു പണികൾ പൂർത്തിയാക്കി പ്രവർത്തനം ആരംഭിക്കാനാണു തീരുമാനം.
ആശുപത്രിയുടെ പ്രവർത്തനം തുടങ്ങിയാൽ 300 പേർക്ക് ഒരേ സമയം ഇവിടെ ചികിത്സ ലഭ്യമാകും. 40 പേർക്കുള്ള വെന്റിലേറ്റർ സൗകര്യവും ലഭിക്കും. ഈരാറ്റുപേട്ട നഗരസഭയിലും സമീപ പഞ്ചായത്തുകളായ പൂഞ്ഞാർ തെക്കേക്കര, തിടനാട് തലപ്പലം പഞ്ചായത്തുകളിലും രോഗവ്യാപനം വളരെ കൂടുതലാണ്. തിടനാട് പഞ്ചായത്തിലെ 14ൽ 12 വാർഡുകളും കർശന നിയന്ത്രണത്തിലാണ്. മൈക്രോ കണ്ടെയ്ന്മെന്റ് വാർഡുകളും ഇതിൽപെടും.
റിംസ് ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചാൽ പ്രദേശത്തുള്ളവർക്കു തൊട്ടടുത്തു തന്നെചികിത്സ ലഭ്യമാകും. ഈരാറ്റുപേട്ട നഗരസഭയുടെ കീഴിൽ അരുവിത്തുറ സെന്റ് ജോർജ് കോളജിൽ എഫ്എൽടിസി പ്രവർത്തിക്കുന്നുണ്ട്. ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ ചെമ്മലമറ്റം ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂളിൽ എഫ്എൽടിസിയുടെ നിർമ്മാണം നടത്തി വരികയാണ്. 12നു ഇതിന്റെ പ്രവർത്തനം ആരംഭിക്കും. എല്ലാ പഞ്ചായത്തുകളിലും ഡോമസിലിയറി കെയർ സെന്ററുകളും ആരംഭിക്കുന്നു. ഇതോടൊപ്പം റിംസിന്റെ പ്രവർത്തനം ആരംഭിക്കുന്നതോടെ കോവിഡ് ചികിത്സ ലഭിക്കാനുള്ള സൗകര്യം വർധിക്കും.
മറുനാടന് മലയാളി ബ്യൂറോ