- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണക്കടത്തു കേസ് അന്വേഷണത്തിന് ക്രൈംബ്രാഞ്ചും; അനുബന്ധ കുറ്റകൃത്യങ്ങളിൽ സ്വമേധയാ കേസെടുത്തു; തട്ടിക്കൊണ്ടു പോകൽ, വധശ്രമം, മോഷണം അടക്കം അനുബന്ധ കുറ്റങ്ങൾ അന്വേഷിക്കുക എ.ഡി.ജി.പി എസ്. ശ്രീജിത്തിന്റെ മേൽനോട്ടത്തിൽ; 'പൊട്ടിക്കാൻ' സഹായിച്ചതുകൊടി സുനിയും ഷാഫിയുമെന്ന് അർജുൻ ആയങ്കി
കോഴിക്കോട്: സംസ്ഥാനത്തെ സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ സ്വമേധയാ കേസെടുത്ത് ക്രൈംബ്രാഞ്ച്. തട്ടിക്കൊണ്ടു പോകൽ, വധശ്രമം, മോഷണം അടക്കം അനുബന്ധ കുറ്റങ്ങളാണ് വീണ്ടും പരിശോധിക്കുക. എ.ഡി.ജി.പി എസ്. ശ്രീജിത്തിന്റെ മേൽനോട്ടത്തിൽ മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി കെ.വി സന്തോഷ് കുമാറിനാണ് അന്വേഷണ ചുമതല. തീവ്രവാദ വിരുദ്ധ സ്ക്വാഡും അന്വേഷണത്തിൽ പങ്കാളികളാകും.
കുറ്റകൃത്യങ്ങൾ സംബന്ധിച്ച കേസിന്റെ അന്വേഷണം ശരിയായിരുന്നോ, കേസിൽ പുതിയ വഴിതിരിവുണ്ടോ എന്നീ കാര്യങ്ങളാണ് ക്രൈംബ്രാഞ്ച് സംഘം പ്രധാനമായും പുനഃപരിശോധിക്കുക. ഗൂഢാലോചന, തട്ടിക്കൊണ്ടു പോകൽ, മോഷണം തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സ്വർണം നഷ്ടപ്പെട്ടവരും പീഡനം അനുഭവിച്ചവരും പരാതി അടക്കമുള്ള നടപടികളിലേക്ക് കടക്കാൻ തയാറാകാത്ത സാഹചര്യമാണുള്ളത്. ഈ പശ്ചാത്തലത്തിൽ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
അതിനിടെ കടത്തിക്കൊണ്ടു വരുന്ന സ്വർണം പൊട്ടിക്കാൻ ( തട്ടിയെടുക്കാൻ) ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെ സഹായം ലഭിച്ചിരുന്നതായി അർജുൻ ആയങ്കി സമ്മതിച്ചു. ടിപി കേസ് പ്രതികളായ കൊടി സുനിയും മുഹമ്മദ് ഷാഫിയും സ്വർണം പൊട്ടിക്കാൻ സഹായിച്ചു എന്നാണ് കസ്റ്റംസിന് അർജുൻ ആയങ്കി മൊഴി നൽകിയത്.
സ്വർണം പൊട്ടിക്കാൻ സഹായിച്ചതിന് ഇവർക്ക് പ്രതിഫലവും നൽകിയിരുന്നു. ഒളിവിൽ കഴിയാൻ ടിപി കേസ് പ്രതികൾ സഹായിച്ചതായും അർജുൻ ആയങ്കി സമ്മതിച്ചു. പൊട്ടിക്കുന്ന സ്വർണത്തിന്റെ ഒരു പങ്ക് പാർട്ടി ( കൊടി സുനി, ഷാഫി എന്നിവർക്ക്) ക്ക് നൽകുമെന്ന് സൂചിപ്പിക്കുന്ന സ്വർണക്കടത്ത് സംഘാംഗത്തിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നിരുന്നു.
കേസിൽ നിർണായക തെളിവായ മൊബൈൽ ഫോൺ കുപ്പം പുഴയിൽ എറിഞ്ഞുകളഞ്ഞെന്നാണ് അർജുൻ ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയത്. മൊബൈൽ കണ്ടെത്താൻ പുഴയിൽ കസ്റ്റംസ് തിരച്ചിൽ നടത്തും. ഈ മൊഴി കസ്റ്റംസ് പൂർണമായി വിശ്വസിച്ചിട്ടില്ല. മറ്റെവിടെയെങ്കിലും ഒളിപ്പിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. തെളിവെടുപ്പിനായി അർജുൻ ആയങ്കിയെ കണ്ണൂർ കസ്റ്റംസ് ഓഫീസിലെത്തിച്ചു. അർജുൻ ആയങ്കിയുടെ വീട്ടിലും കാർ ആദ്യം ഉപേക്ഷിച്ച സ്ഥലത്തും അടക്കം തെളിവെടുപ്പ് നടത്തും.
മറുനാടന് മലയാളി ബ്യൂറോ