അടൂർ: ഓടി വന്നെങ്കിലും ബാർ അടച്ചു പോയതിനാൽ മദ്യം കിട്ടാതെ വിഷമിച്ചു നിന്ന യുവാവിനെ രണ്ടു പെഗ് ഞങ്ങൾ തരാം ചേട്ടാ എന്ന് പറഞ്ഞ് കാറിൽ വിളിച്ചു കയറ്റി. ദോഷം പറയരുതല്ലോ രണ്ടു പെഗ് കൊടുത്തു. പിന്നെ കാർ ഒരു പാച്ചിലായിരുന്നു. പിന്നാലെ ഇടിയും തുടങ്ങി. ഒരു രാത്രി മുഴുവൻ ഇടിയും കൊണ്ട് കൈയിലിരുന്ന പണവും സ്വർണവും പോയപ്പോൾ യുവാവിന്റെ കെട്ടിറങ്ങി. വഴിയിൽ ഉപേക്ഷിച്ച് പിടിച്ചു പറിക്കാർ രക്ഷപ്പെട്ടു. യുവാവ് പരാതിയുമായി സ്റ്റേഷനിൽ എത്തിയപ്പോൾ പൊലീസ് ആദ്യം വിശ്വസിച്ചില്ല. സിസിടിവിയിൽ നിന്ന് കാര്യങ്ങൾ മനസിലാക്കിയപ്പോൾ പിടിച്ചു പറി സംഘം അകത്തുമായി.

ഇളമ്പള്ളിൽ തെങ്ങിനാൽ കടുവിനാൽ ബിജു വർഗീസിനെ കൊള്ളയടിച്ച് മർദിച്ച കേസിൽ കൊടുമൺ ചക്കാലമുക്ക് ഇലവിനാൽ ബിപിൻ ബാബു (27), കളരിയിൽ രഞ്ജിത്ത് (26), ഏനാദിമംഗലം കുന്നിട ഉഷാ ഭവനത്തിൽ ഉമേഷ് കൃഷ്ണൻ(31) എന്നിവരെയാണ് ഇൻസ്പെക്ടർ യു. ബിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 13 ന് രാത്രി ഏഴരയോടെയാണ് സംഭവം. മദ്യം വാങ്ങാൻ ടൗണിലെ ബാറിന് മുന്നിൽ എത്തിയതായിരുന്നു ബിജു വർഗീസ്. സമയം കഴിഞ്ഞ് പോയതിനാൽ മദ്യം നൽകാനാവില്ലെന്ന് ബാറിലെ സെക്യൂരിറ്റി അറിയിച്ചു. ഈ സമയം പുറത്ത് കിടന്ന കാറിലുണ്ടായിരുന്ന പ്രതികൾ മദ്യം നൽകാമെന്ന് പറഞ്ഞ് ബിജുവിനെ വിളിക്കുകയായിരുന്നു.

കാറിൽ കയറിയ ബിജുവിന് പ്രതികൾ മദ്യം കൊടുത്തു. അതിന് ശേഷം അയാളുമായി ഓടിച്ചു പോയി. പോകുന്ന വഴിയിലും നെടുമണിലെ ഒരു വീട്ടിലും എത്തിച്ച് ബിജുവിനെ ക്രൂരമായി മർദിച്ചു. കൈയിലുണ്ടായിരുന്ന 2800 രൂപയും സ്വർണ മോതിരവും ഇതിനിടെ പ്രതികൾ കവർന്നു. പിറ്റേന്ന് പുലർച്ചെ മൂന്നിന് ടൗണിൽ ഇറക്കി വിടുകയായിരുന്നു. ബിജു പരാതി നൽകിയെങ്കിലും പൊലീസിന് വിശ്വാസ്യത തോന്നിയില്ല. ഒടുവിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തിങ്കളാഴ്ച രാത്രി 10 നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എസ്ഐ ബിഎസ് ശ്രീജിത്ത്, സിപിഓമാരായ ഫിറോസ്, സജി, എബിൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്.