- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താനല്ല അരുണാണ് ശരണ്യയുടെ യഥാർത്ഥ കാമുകൻ; വാട്സാപ്പ് ചാറ്റുകളും കണ്ടിരുന്നു; കുറച്ചുമാസത്തെ മാത്രം പരിചയമുള്ള തനിക്ക് വേണ്ടി യുവതി കുഞ്ഞിനെ കടലിൽ എറിഞ്ഞുകൊലപ്പെടുത്തില്ലെന്നും കാമുകനും രണ്ടാം പ്രതിയുമായ നിധിന്റെ ഹർജിയിൽ വാദങ്ങൾ; ഒന്നും മുഖവിലയ്ക്ക് എടുക്കാതെ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി കോടതിയും
കണ്ണൂർ: പിഞ്ചു കുഞ്ഞിനെ കടലിലെറിഞ്ഞു കൊലപ്പെടുത്തിയ മാതാവ് ശരണ്യയുടെ കാമുകനും രണ്ടാം പ്രതിയുമായ നിധിൻ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി കോടതി തള്ളി. ശരണ്യയുടെ കാമുകൻ താനല്ലെന്നും മറ്റൊരാളാണ് കാമുകനെന്നും തന്നെ പൊലീസ് മനഃപൂർവ്വം കുടുക്കിയതാണെന്നും ചൂണ്ടിക്കാട്ടിയാണ് നിധിൻ അഭിഭാഷകൻ മുഖേന കണ്ണൂർ ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ ഹർജി സമർപ്പിച്ചത്. എന്നാൽ കേസിൽ പ്രതിക്ക് മേലുള്ള കുറ്റപത്രം നിലനിൽക്കുന്നതാണെന്ന് നിരീക്ഷിച്ച് കോടതി ഹർജി തള്ളുകയായിരുന്നു.
കേസിലെ ഇരുപത്തി ഏഴാം സാക്ഷിയായ പാലക്കാട് സ്വദേശി അരുൺ എന്ന യുവാവാണ് ശരണ്യയുടെ യഥാർത്ഥ കാമുകനെന്നാണ് നിധിൻ ഹർജിയിൽ അവകാശപ്പെട്ടത്. അരുണുമായി 2018 മുതൽ ശരണ്യക്ക് ബന്ധമുണ്ടായിരുന്നു എന്നും താനുമായി 2019 നവംബർ മുതലാണ് അടുപ്പത്തിലാകുന്നത് എന്നും നിധിൻ ഹർജിയിൽ പറഞ്ഞിരുന്നു. ശരണ്യയുമായി അരുൺ നടത്തിയ ചാറ്റുകൾ കണ്ടിട്ടുണ്ടെന്നും കുറച്ചു മാസങ്ങൾ മാത്രം അടുപ്പമുള്ള തനിക്ക് വേണ്ടി കുഞ്ഞിനെ കൊലപ്പെടുത്തില്ല എന്നും നിധിൻ അവകാശപ്പെട്ടു. കൂടാതെ കുട്ടി കൊലചെയ്യപ്പെടുന്നതിന് രണ്ടാഴ്ച മുൻപ് അരുൺ പാലക്കാട് നിന്നും കണ്ണൂരിൽ എത്തി ശരണ്യയെ കണ്ടിരുന്നു. അതിനാൽ കുട്ടിയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയത് അരുണാകാമെന്നും ഹർജിയിൽ നിധിൻ വാദിക്കുന്നു. പൊലീസ് മനഃപൂർവ്വം തന്നെ കുടുക്കിയതാമെന്നും തനിക്ക് നീതി ലഭിക്കാനായി പുനരന്വേഷണത്തിന് ഉത്തരവിടണമെന്നും കോടതിയോട് നിധിൻ ഹർജിയിൽ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ കോടതി ഈ വാദങ്ങളൊന്നും മുഖവിലയ്ക്കെടുത്തില്ല.
ശരണ്യയുടെ മൊഴി പ്രകാരമാണ് നിധിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നതെന്നായിരുന്നു അഡ്വ. മഹേഷ് വർമ പറഞ്ഞത്. പലപ്പോഴും മൊഴി മാറ്റി പറയുന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നിധിനെ പ്രതിയാക്കിയിരിക്കുന്നത് എങ്ങനെ എന്ന് കോടതിയിൽ ചോദിച്ചു. ആദ്യം കുഞ്ഞിനെ കാണാനില്ല എന്നാണ് മൊഴി പറഞ്ഞത്. മൃതദേഹം കണ്ടെത്തിയപ്പോൾ ഭർത്താവ് കൊന്നു എന്നും അവസാനം കാമുകനായ നിധിൻ കൊലപ്പെടുത്തിയതാണ് എന്നുമായിരുന്നു മൊഴി. അതിനാൽ ശരണ്യയുടെ മൊഴി വിശ്വസനീയമല്ലെന്ന് കോടതി മുൻപാകെ വാദിച്ചു. കൂടാതെ യഥാർത്ഥ പ്രതിയെ കണ്ടെത്താൻ പുനരന്വേഷണം ആവശ്യമാണെന്നും മഹേഷ് വർമ ആവിശ്യപ്പെട്ടു. എന്നാൽ പൊലീസിന്റെ കണ്ടെത്തലുകൾ ശരി വയ്ക്കുന്ന തരത്തിലാണ് കോടതി നിരീക്ഷിച്ചത്.
ഇതോടെ കേസിൽ നിന്നും രക്ഷപെടാനുള്ള നിധിന്റെ തന്ത്രം വിഫലമായിരിക്കുകയാണ്. ശാസ്ത്രീയമായ എല്ലാ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടിയുടെ മരണത്തിന് മുൻപ് സമീപത്തെ ഒരു ബാങ്കിന്റെ മുന്നിൽ മണിക്കൂറുകളോളം ശരണ്യയും നിധിനും സംസാരിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തിരുന്നു. കൂടാതെ ഇരുവരുടെയും ഫോൺ കോൾ വിശദാംശങ്ങളും പരിശോധിച്ചതിൽ നിന്നും കൊലയ്ക്ക് പ്രേരിപ്പിച്ചതിന് പിന്നിൽ നിധിനാണെന്ന് കണ്ടെത്തുകയായിരുന്നു. ഒരിക്കലും പ്രതിയായ നിധിന് ഇത്തരം ഒരു ഹർജി സമർപ്പിക്കാൻ നിയമപരമായി സാധിക്കില്ലെന്നും, ഇത് കോടതി പരിഗണിക്കാനുള്ള സാധ്യതയില്ലെന്നുമാണ് കണ്ണൂർ ഡിവൈഎസ്‌പി സദാനന്ദൻ പറയുന്നത്.
കഴിഞ്ഞ ഫെബ്രുവരി പതിനേഴിന് പുലർച്ചെ മൂന്നരക്ക് ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെ എടുത്ത് ശരണ്യ കടൽക്കരയിലേക്ക് കൊണ്ടുപോയി. രണ്ട് തവണ കടൽഭിത്തിയിലേക്ക് വലിച്ചെറിഞ്ഞ് മരണമുറപ്പാക്കിയ ശേഷം തിരിച്ചുവന്ന് കിടന്നുറങ്ങി എന്നാണ് പൊലീസ് കുറ്റപത്രം പറയുന്നത്. ഭർത്താവിനെ കുടുക്കാൻ ലക്ഷ്യമിട്ട കൊലപാതകത്തിൽ ചോദ്യം ചെയ്ത പൊലീസ് സംഘത്തെ വലയ്ക്കുന്ന തരത്തിലായിരുന്നു കസ്റ്റഡിയിൽ ശരണ്യയുടെ ആദ്യത്തെ മൊഴി. പൊലീസ് ശബ്ദമുയർത്തിയപ്പോഴെല്ലാം ശരണ്യയും പൊട്ടിത്തെറിച്ചു. ശരണ്യയുടെ പങ്കിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ച ചോദ്യങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി. മൂന്നു മാസത്തിന് ശേഷം വീട്ടിൽ വന്ന് അന്ന് തങ്ങണമെന്ന് നിർബന്ധം പിടിച്ച് ഭർത്താവാണ് കൊല നടത്തിയതെന്നതായിരുന്നു ശരണ്യ പൊലീസിന് മുന്നിൽ വെച്ച കഥ. ഭർത്താവിനൊപ്പം കിടത്തിയ ശേഷമാണ് കുഞ്ഞിനെ കാണാതായത് എന്നായിരുന്നു വാദം.
8 മണിക്കൂറുകളിലധികം നീണ്ടിട്ടും ശരണ്യ കുറ്റം സമ്മതിക്കാൻ തയാറായിരുന്നില്ല. ചോദ്യം ചെയ്യലിനിടെ 17 തവണ കാമുകൻ നിധിന്റെ ഫോൺ വന്നത് വഴിത്തിരിവായി. കൂടുതൽ സാഹചര്യ തെളിവുകൾ നിരത്തിയതോടെ പിടിച്ചുനിൽക്കാനാകാതെ ശരണ്യ കുറ്റം സമ്മതിക്കുകയായിരുന്നു. തുടരന്വേഷണത്തിൽ ലഭിച്ച ശാസ്ത്രീയ തെളിവുകളും പൊലീസ് കുറ്റപത്രത്തിൽ നിരത്തുന്നുണ്ട്. ശരണ്യയുടെ വസ്ത്രത്തിൽ ഉപ്പുവെള്ളത്തിന്റെ അംശമുണ്ടായിരുന്നെന്ന ഫോറൻസിക് പരിശോധന ഫലം,കുഞ്ഞിന്റെ പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയ ദഹിക്കാത്ത പാലിന്റെ അംശം, കടൽഭിത്തിക്കരികിൽ നിന്ന് കിട്ടിയ ശരണ്യയുടെ ചെരുപ്പ്, ചോദ്യം ചെയ്യലിനിടെ തുടർച്ചയായുണ്ടായ കാമുകന്റെ ഫോൺ വിളികൾ, ഇവയെല്ലാം തെളിവുകളായി പൊലീസ് നിരത്തുന്നു.
കൃത്യത്തിന്റെ തലേ ദിവസം രണ്ടരമണിക്കൂറിലധികം കാമുകൻ ശരണ്യയുമായി സംസാരിച്ചിരുന്നു. ശരണ്യയുടെ പേരിൽ ലക്ഷങ്ങൾ ലോണെടുക്കാൻ നിധിൻ ശ്രമിച്ചിരുന്നു. ഇതിനായി ഇയാൾ നൽകിയ തിരിച്ചറിയൽ കാർഡുൾപ്പെടെയുള്ള രേഖകൾ ശരണ്യയുടെ വീട്ടിൽ നിന്നും കണ്ടെത്തി. ശരണ്യയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയിട്ടുണ്ടെന്നും ഇത് ഭർത്താവിനെ കാണിക്കുമെന്ന് നിധിൻ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് കുറ്റപത്രത്തിൽ പറയുന്നു. എന്നാൽ ഇയാൾക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കില്ല.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.