കൊല്ലം: കുടുംബ പ്രശ്‌നം ഒത്തു തീർപ്പാക്കാൻ കൈക്കൂലി വാങ്ങിയ എ.സി.പിയ്‌ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. പദവിക്ക് നിരക്കാത്ത തരത്തിൽ പെരുമാറുകയും അഴിമതി നടത്തുകയും ചെയ്ത കരുനാഗപ്പള്ളി പൊലീസ് അസിസ്റ്റന്റ് കമ്മീഷണറായിരുന്ന എസ് വിദ്യാധരനെതിരെയാണ് അടിയന്തരമായി അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് ഉത്തരവ് നൽകിയത്. എ.സി.പിയെ മാതൃകാപരമായി ശിക്ഷിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

എ. സി പിക്ക് കൂട്ടു നിന്ന അഭിഭാഷകനും വക്കീൽ ഗുമസ്തനുമെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി കൊല്ലം ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. ഉത്തരവ് ഒരു മാസത്തിനകം നടപ്പിലാക്കി ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, ജില്ലാ പൊലീസ് മേധാവി എന്നിവർ നടപടി റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

കരുനാഗപ്പള്ളി പടനായർ കുളങ്ങര വടക്ക് സ്വദേശി അൻവർ മുഹമ്മദ് സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരനും ഭാര്യയും തമ്മിലുള്ള ദാമ്പത്യകലഹത്തിൽ കരുനാഗപ്പള്ളി എ. സി. പി, വിദ്യാധരൻ അന്യായമായി ഇടപെട്ടെന്നാണ് ആരോപണം.

കമ്മീഷൻ കൊല്ലം ജില്ലാ പൊലീസ് മേധാവിയിൽ നിന്നും അന്വേഷണ റിപ്പോർട്ട് വാങ്ങി. പരാതിക്കാരന്റെ മകളെ പരാതിക്കാരനിൽ നിന്നും വിട്ടുകിട്ടാൻ ഭാര്യ എ. സി. പിക്ക് പരാതി നൽകിയിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. പരാതി രജിസ്റ്ററിൽ രേഖപ്പെടുത്താതെ എ. സി. പി. നേരിട്ട് അന്വേഷിച്ചു. കുട്ടി പരാതിക്കാരന്റെ സഹോദരിയുടെ മാന്നാറിലുള്ള വീട്ടിൽ ഹോം ക്വാറന്റയിനിലായിരുന്നു. കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് അമ്മയിൽ നിന്നും പരാതി എഴുതി വാങ്ങിയ എ. സി. പി. കരുനാഗപ്പള്ളി സിഐയെ വിവരം അറിയിക്കാതെ 498 എ കേസിൽ പ്രതിയാക്കുമെന്ന് പരാതിക്കാരനെയും പിതാവിനെയും ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു. .

ഭീഷണിയെ തുടർന്ന് ഇക്കഴിഞ്ഞ മെയ്‌ 12 ന് കുട്ടിയെ കോടതിയിൽ ഹാജരാക്കി. കേസ് രജിസ്റ്റർ ചെയ്യാതിരിക്കുന്നതിന് വേണ്ടി എ. സി.പിക്ക് നൽകാൻ വക്കീൽ ഗുമസ്തനായ മണികണ്ഠൻ പരാതിക്കാരന്റെ പിതാവിൽ നിന്ന് 30,000 രൂപ വാങ്ങി. ഇതിൽ നിന്നും എ.സി.പി ക്ക് നൽകാൻ അഭിഭാഷകൻ 25,000 രൂപ വാങ്ങിയതായി റിപ്പോർട്ടിലുണ്ട്. എ.സി.പിക്കെതിരെ തുടർനടപടികൾ സ്വീകരിക്കുന്ന കാര്യം പരിഗണനയിലാണെന്നും ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിൽ പറയുന്നു. എ.സി.പി നടത്തിയത് ഗുരുതരമായ കൃത്യവിലാപമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

അൻവർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ കൊല്ലം ഡി.സി.പി ജോസി ജോർജ്ജ് നടത്തിയ അന്വേഷണത്തിൽ എ.സി.പി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ തുടർനടപടികൾ ഒന്നും ഉണ്ടായിരുന്നില്ല. ഇതിനെ തുടർന്നാണ് അൻവർ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.

കരുനാഗപ്പള്ളി സ്വദേശിയായ അൻവർ മുഹമ്മദാണ് കരുനാഗപ്പള്ളി എ.സി.പിയ്‌ക്കെതിരെ പരാതിനൽകിയത് രംഗത്തെത്തിയത്. ഭാര്യയുമായുള്ള പ്രശ്‌നത്തിൽ കുഞ്ഞിനെ ചൊല്ലിയുള്ള തർക്കത്തിലാണ് കരുനാഗപ്പള്ളി എ.സി.പി കൈക്കൂലി വാങ്ങിയതെന്നാണ് പരാതിക്കാരന്റെ ആരോപണം. ഇതിനായി സ്ഥലത്തെ ഒരു വക്കീൽ ഗുമസ്തൻ വഴി 30,000 രൂപ എ.സി.പി വാങ്ങി എന്നുമാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണം. ഗുമസ്തനുമായുള്ള ഫോൺ സംഭാഷണത്തിന്റെ രേഖയും പണം യുവാവിന്റെ സ്വർണ്ണാഭരണശാലയിൽ വന്ന് വാങ്ങുന്ന സിസിടിവി ദൃശ്യങ്ങളും തെളിവായി പാരിതിക്കൊപ്പം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എ.സി.പിയെ വിശദമായി ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

യുവാവും ഭാര്യയുമായി അടുത്ത നാളായി ചില കുടുംബ പ്രശ്‌നങ്ങൾ മൂലം അകന്ന് കഴിയുകയാണ്. ഇവർക്ക് നാലു വയസ്സുള്ള ഒരു മകൾ ഉണ്ട്. ഈ മകളെ വേണമെന്ന ആവശ്യവുമായി ഭാര്യ യുവാവിന്റെ വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കുകയും പിന്നീട് പൊലീസിൽ കേസ് കൊടുക്കുകയുമായിരുന്നു. ഈ കേസിൽ എ.സി.പി വീട്ടുകാരെ ഉൾപ്പെടെ കേസിൽപെടുത്തും എന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങിയതെന്നാണ് യുവാവിന്റെ ആരോപണം. കേസെടുക്കാതിരിക്കാനായി എ.സി.പിക്ക് 25,000 രൂപയും സ്റ്റേഷനിലെ മറ്റ് കാര്യങ്ങൾക്കായി 5,000 രൂപയും വേണമെന്നായിരുന്നു ആവിശ്യം. പണം കൊടുത്താൽ മകളെ യുവാവിന് തന്നെ തിരികെ വാങ്ങി നൽകാമെന്നും ഉറപ്പ് കൊടുത്തു. ഇതിൻ പ്രകാരം കരുനാഗപ്പള്ളിയിലെ ഒരു ഗുമസ്തൻ വഴിയാണ് പണം നൽകിയത്. എന്നാൽ കുഞ്ഞിനെ തിരികെ നൽകണമെങ്കിൽ വീണ്ടും 15,000 രൂപ കൂടി നൽകണമെന്ന് ഗുമസ്തൻ വഴി എ.സി.പി ആവിശ്യപ്പെട്ടു എന്നാണ് പരാതിക്കാരൻ പറയുന്നത്.

അതേ സമയം ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് എസിപി മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. പരാതിക്കാരൻ മകളുമായി കടന്നു കളഞ്ഞു എന്ന ഭാര്യയുടെ പരാതിയിൽ അന്വേഷണം നടത്തുകയും കുട്ടിയെ കണ്ടെത്തി തിരികെ ഭാര്യക്ക് കൈമാറുകയും ചെയ്തു. ഇതിന്റെ വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നാണ് എ.സി.പി പറയുന്നത്. അതേ സമയം കരുനാഗപ്പള്ളി എ.സി.യ്‌ക്കെതിരെ നിരവധി പരാതികൾ കൊല്ലം സിറ്റി പൊലീസ് കമ്മീഷ്ണർക്ക് ലഭിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് കാര്യാലയത്തിൽ നിന്നും അറിയിച്ചു. ഏറെ നാളുകളായി എ.സി.പി കമ്മീഷ്ണറുടെ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഇതിനിടയിലാണ് വീണ്ടും കൈക്കൂലി പരാതി മുഖ്യമന്ത്രിക്ക് ലഭിക്കുകയും അത് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറുകയും ചെയ്തത്. അന്വേഷണത്തിൽ എ.സി.പിയ്‌ക്കെതിരെ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്.