- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ സത്കാരത്തിനിടെ ആഘോഷങ്ങൾ റോഡിലേക്ക് നീങ്ങി; ഉച്ചത്തിലുള്ള പാട്ടും ബഹളവും; ചോദ്യം ചെയ്ത നാട്ടുകാരും പുറത്തുനിന്ന് വന്നവരും തമ്മിൽ പൊരിഞ്ഞ അടി; മാവേലിക്കര തട്ടാരമ്പലത്ത് കഴിഞ്ഞ മാസാവസാനം നടന്ന അക്രമസംഭവം കലാശിച്ചത് യുവാവിന്റെ ദാരുണാന്ത്യത്തിൽ; മരണമടഞ്ഞ രഞ്ജിത്തിനെ കൂട്ടം ചേർന്ന് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
മാവേലിക്കര: വിവാഹത്തോടനുബന്ധിച്ചുള്ള സത്ക്കാരത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിന്റെ വീഡിയോ ദൃശ്യം സമൂഹമധ്യമങ്ങളിൽ പ്രചരിക്കുന്നു. തട്ടാരമ്പലം കോഴിപ്പാലത്തെ വീട്ടിൽ നടന്ന വിവാഹ സത്ക്കാരത്തിനിടെയാണ് തട്ടാരമ്പലം മറ്റം വടക്ക് പനച്ചിത്തറയിൽ രഞ്ജിത് (33) കൊല്ലപ്പെട്ടത്. രഞ്ജിത്തിനെ കൂട്ടം കൂടി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
കഴിഞ്ഞമാസം 26നായിരുന്നു സംഭവം. തട്ടാരമ്പലം മറ്റം വടക്ക് ഹൈ വ്യൂ വീട്ടിൽ നെൽസന്റെ മകന്റെ വിവാഹ ശേഷം നടന്ന സത്ക്കാരത്തിനിടെ ആഘോഷങ്ങൾ റോഡിലേക്ക് നീങ്ങി ഗതാഗത തടസം ഉണ്ടാകുകയും ഉച്ചത്തിലുള്ള പാട്ടും ബഹളവും അയൽവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്യാനെത്തിയ നാട്ടുകാരുമായി കൊല്ലത്തു നിന്നും എത്തിയ ചിലർ പ്രശ്നമുണ്ടാക്കുകയും കയ്യാങ്കളിയിലേക്ക് വഴിവക്കുകയും ചെയ്തു. ഇതിനിടയിലാണ് രഞ്ജിത്തിന് ക്രൂരമായി മർദ്ദനമേൽക്കുന്നത്. പട്ടിക കഷ്ണം ഉപയോഗിച്ച് തലയ്ക്കടിക്കുകയും ചെടിച്ചട്ടി എടുത്ത് തലയിലേക്ക് എറിയുകയും ചെയ്തു. തലയ്ക്കടിയേറ്റ ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ 30ന് വൈകിട്ടോടെ രഞ്ജിത് മരിക്കുകയായിരുന്നു.
സംഘർഷമുണ്ടായതിന്റെ അന്നുതന്നെ പ്രതികൾക്കെതിരെ വധശ്രമത്തിനുൾപ്പടെ പൊലീസ് കേസെടുത്തിരുന്നു. രഞ്ജിത് മരിച്ചതോടെ വരന്റെ പിതാവ് മറ്റം വടക്ക് ഹൈ വ്യൂ വീട്ടിൽ നെൽസൺ (54), കൊല്ലം പടപ്പാക്കര എള്ളുവിള അജിത് (19), ചരുവിള അഭിലാഷ് (22), പ്രതിഭ ഭവൻ അഭിൻ (23), എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാർഡിലാണ്. കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹവുമായി നാട്ടുകാർ നെൽസന്റെ വീടിന് മുന്നിൽ പ്രതിഷേധം നടത്തിയിരുന്നു. സംഭവത്തിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ചായിരുന്നു ഇത്. ബന്ധുക്കളും സുഹൃത്തുക്കളും രണ്ട് മണിക്കൂറോളം തട്ടാരമ്പലത്തിന് സമീപം റോഡ് ഉപരോധിച്ചു. തുടർന്ന് പൊലീസ് പത്ത് പേരെ പ്രതി ചേർത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഉടൻ മറ്റു പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും അറിയിച്ചതോടെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
ജോലി സംബന്ധമായി കൊല്ലം പടപ്പാക്കരയിൽ താമസിക്കുന്ന നെൽസന്റെ മകന്റെ വിവാഹ സത്ക്കാരവുമായി ബന്ധപ്പെട്ടു കൊല്ലത്തു നിന്നെത്തിയവരും നാട്ടുകാരും തമ്മിലായിരുന്നു സംഘർഷം. കേസിൽ മൊത്തം 10 പ്രതികളുണ്ടെന്നും മറ്റുള്ളവർക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് മർദ്ദന ദൃശ്യം പുറത്തു വരുന്നത്. വിവാഹ സത്ക്കാരത്തിന് പങ്കെടുത്ത ആരോ പകർത്തിയ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ദൃശ്യങ്ങളിൽ അതിക്രൂരമായി മർദ്ദിക്കുന്നത് കാണാനാവും.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.