- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലുദിവസം ഡ്രൈഡേ; തിരിച്ചും മറിച്ചും ചോദിച്ചിട്ടും ചില്ലറ മദ്യമല്ലാതെ വേറൊന്നും ഇല്ലെന്ന് ഒഴിഞ്ഞുമാറൽ; പിന്നാമ്പുറത്ത് കമ്പ് ഏണി ചാരി വച്ചിരിക്കുന്നത് കണ്ടപ്പോൾ സംശയം; മേൽക്കൂരയിൽ കയറി ഓടിളക്കി മച്ച് പരിശോധിച്ചപ്പോൾ 50 ലിറ്ററോളം മദ്യശേഖരം: കുളനടയിൽ വിദേശമദ്യവേട്ട
പത്തനംതിട്ട: കുളനടയിൽ വൻ വിദേശമദ്യ വേട്ട. തെരഞ്ഞെടുപ്പിനോടും ദുഃഖവെള്ളിയോടും അനുബന്ധിച്ചുള്ള ഡ്രൈഡേ ലക്ഷ്യമിട്ട് വിൽപന പൊടിപൊടിക്കുന്നതിന് വേണ്ടി കർണാടകയിൽ നിന്ന് വരുത്തി വീടിന്റെ മച്ചിനുള്ളിൽ സൂക്ഷിച്ചിരുന്ന 43.4 ലിറ്റർ വിദേശമദ്യമാണ് പിടികൂടിയത്. ഒരാളെ അറസ്റ്റ് ചെയ്തു.
കുളനട-ആറന്മുള റോഡിൽ ഗുരുമന്ദിരത്തിന് സമീപം ചാങ്ങിഴേത്ത് കിഴക്കേതിൽ മധുസൂദന (46)നെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിലെ മുറിയിൽ നിന്നും മച്ചിൽ നിന്നുമായിട്ടാണ് മദ്യശേഖരം കണ്ടെത്തിയത്. മുറിയിൽ നിന്ന് ആദ്യം കുറച്ച് കുപ്പി മദ്യം കിട്ടി. തിരിച്ചും മറിച്ചും ചോദിച്ചിട്ടും വേറെ മദ്യമില്ല എന്നാണ് ഇയാൾ പറഞ്ഞത്. തുടർന്ന് എക്സസൈസ് സംഘം വീടിന് അകത്തും പുറത്തും പരിശോധന നടത്തി.
പിന്നാമ്പുറത്ത് ചെന്നപ്പോൾ കമ്പുകൾ കൊണ്ടുണ്ടാക്കിയ ഏണി ചാരി വച്ചിരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. സംശയം തോന്നിയ സംഘം വീടിന്റെ മേൽക്കൂരയിൽ കയറി ഓടിളക്കി മച്ച് പരിശോധിച്ചപ്പോഴാണ് വൻ മദ്യശേഖരം കണ്ടെത്തിയത്. അനധികൃത മദ്യവിൽപനയ്ക്ക് മുൻപും ഇയാൾ പൊലീസ് പിടിയിലായിട്ടുണ്ട്. ഇയാളും പ്രായമായ അമ്മയും മാത്രമാണ് വീട്ടിൽ താമസം.
ഓടിളക്കി പരിശോധിച്ചതിനാൽ മഴ പെയ്താൽ വൃദ്ധമാതാവ് നനയുമെന്ന് മനസിലാക്കി അസിസ്റ്റന്റ് കമ്മിഷണറുടെ നിർദ്ദേശ പ്രകാരം മേൽക്കൂരയിൽ ടാർപ്പൊളിൻ ഷീറ്റ് വിരിച്ച് സുരക്ഷിതമാക്കിയ ശേഷമാണ് സംഘം മടങ്ങിയത് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
150 മില്ലിയുടെ 162 ടെട്രാ പായ്ക്കറ്റുകളും 375 മില്ലിയുടെ 22 കുപ്പികളും 750 മില്ലിയുടെ അഞ്ചു കുപ്പികളും ഒരു ലിറ്ററിന്റെ രണ്ടു കുപ്പികളും ഹാൻസ് കൂളിന്റെ അഞ്ചു കിലോയും പിടികൂടിയവയിൽ പെടുന്നു.തെരഞ്ഞെടുപ്പും തുടർച്ചയായ ഡ്രൈഡേകളും ലാക്കാക്കി ഇയാൾ മദ്യം ശേഖരിക്കുന്നുണ്ടെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ എൻ. രാജശേഖരന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽഎക്സൈസ് സ്പെഷൽ സ്‌ക്വാഡ് സിഐ ഓ പ്രസാദ്, പ്രിവന്റീവ് ഓഫീസർ എ ഹരി, സിഇഓമാരായ ബിനു വർഗീസ്, വിമൽ കുമാർ, ഷിബു, ആകാശ് മുരളി, ബിനേഷ് പ്രഭാകർ, രാജേഷ് എന്നിവരടങ്ങിയ സംഘം നടത്തിയ റെയ്ഡിലാണ് മദ്യം കണ്ടെടുത്തത്. ഇയാൾക്ക് ഇത് ലഭ്യമായ വഴികൾ എക്സൈസ് അന്വഷിക്കുന്നുണ്ട്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്