- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോർത്ത് ഓവർ ബ്രിഡ്ജിന് സമീപം പമ്മി നിൽക്കുന്നത് കണ്ട് ചോദ്യംചെയ്യൽ; ഹാഷിഷ് ഓയിൽ അടക്കം മയക്കുമരുന്നുകളും വളയൻ കത്തിയും ഒളിപ്പിച്ച നിലയിൽ; തമ്മനം ഷാജിയുടെ ടീമംഗമായിരുന്ന തനിക്ക് ശത്രുക്കളെന്നും പ്രസാദ്; ആക്ഷൻ ഹീറോ ബിജുവിലെ വില്ലൻ എക്സൈസിനോട് പറഞ്ഞത് ഇങ്ങനെ
കൊച്ചി: സിനിമകളിൽ വില്ലൻ കഥാപാത്രമായി അഭിനയിച്ച നടനെ ലഹരിമരുന്നുമായി എക്സൈസ് സംഘം പിടികൂടി. ആക്ഷൻ ഹീറോ ബിജു ഉൾപ്പടെയുള്ള സിനിമകളിൽ അഭിനയിച്ച തൃക്കാക്കര സ്വദേശി കാവുങ്കൽകാവ് വീട്ടിൽ പ്രസാദ്(40) ആണ് ലഹരിമരുന്നുമായി അറസ്റ്റിലായത്. ഇയാളുടെ കയ്യിൽ നിന്നും 2.5 ഗ്രാം ഹാഷിഷ് ഓയിൽ, 0.1 ഗ്രാം ബ്രൂപിനോർഫിൻ, 15 ഗ്രാം കഞ്ചാവ്, ടാബ്ലെറ്റ്, മാരാകായുധമായ വിരലിൽ ഇട്ടു കുത്തുന്ന വളയൻ കത്തി എന്നിവ കണ്ടെത്തി.
എറണാകുളം നോർത്ത് റെയിൽവേ ഓവർബ്രിഡ്ജിന് സമീപം പരമാര റോഡിൽ സംശയാസ്പദമായി നിൽക്കുകയായിരുന്ന പ്രസാദിനെ എക്സൈസ് സംഘം ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നാണ് ഇയാളുടെ കൈവശമുണ്ടായിരുന്ന ലഹരിവസ്തുക്കൾ കണ്ടെടുത്തത്. തമ്മനം ഷാജി ഉൾപ്പെടുന്ന ഗുണ്ടാ സംഘങ്ങളിൽ പ്രവർത്തിച്ചിരുന്നയാളാണ് പ്രസാദ്. അതിനാൽ ശത്രുക്കളുള്ളതിനാൽ സ്വയരക്ഷക്കായാണ് കത്തി കയ്യിൽക്കരുതിയിരുന്നതെന്ന് എക്സൈസ് സംഘത്തോട് ഇയാൾ വെളിപ്പെടുത്തി. ലഹരിമരുന്ന് ഉപയോഗിക്കാനായി കയ്യിൽക്കരുതിയതാണെന്നും ചെറുപ്പക്കാരായ കുറച്ചു പേരാണ് കൊണ്ടു തരുന്നതെന്നും പ്രസാദ് ചോദ്യം ചെയ്യലിൽ പറഞ്ഞു. ചിലരുടെ പേരുകൾ പറഞ്ഞെങ്കിലും അവരെ ബന്ധപ്പെടാനുള്ള നമ്പരോ മറ്റു വിവരങ്ങളോ അറിയില്ലെന്നാണ് ഇയാൾ പറഞ്ഞത്. ഇയാൾക്കെതിരെ നാർക്കോട്ടിക്ക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് വകുപ്പ് പ്രകാരം കേസെടുത്തു.
വിവിധ പൊലീസ് സ്റ്റേഷനുകളിൽ പ്രസാദിനെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. അളവിൽ കുറവ് ലഹരിമരുന്നുമാത്രമേ ഇയാളിൽ നിന്നും കണ്ടെടുക്കാൻ കഴിഞ്ഞുള്ളൂ. അതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ആക്ഷൻ ഹീറോ ബിജു, ഇബ, കർമാനി എന്നി സിനിമകളിലാണ് ഇയാൾ വില്ലൻ വേഷം അവതരിപ്പിച്ചത്. റെയ്ഡിൽ സിഐ അൻവർ സാദത്ത്, എസ്‌ഐ റോബിൻ ബാബു, പ്രിവന്റീവ് ഓഫിസർ രാംപ്രസാദ്, സിഇഒമാരായ റെനി ജെയിംസ് സിദ്ധാർഥ്, ദീപു, ഡ്രൈവർ സുരേഷ് എന്നിവർ പങ്കെടുത്തു.
കഴിഞ്ഞ ശനിയാഴ്ച നഗരത്തിലെ ആഡംബര ഹോട്ടലുകളിൽ നിശാപാർട്ടിക്കിടെ എക്സൈസ് നടത്തിയ റെയ്ഡിൽ ലഹരിമരുന്നുമായി നാലു പേർ അറസ്റ്റിലായിരുന്നു. ഡിസ്‌കോ ജോക്കി ആലുവ സ്വദേശി അൻസാർ, നിശാപാർട്ടിയുടെ സംഘാടകരായ നിസ് വിൻ, ജോമി ജോസ്, ഡെന്നീസ് റാഫേൽ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് കഞ്ചാവ് എം.ഡി.എം.എ തുടങ്ങിയ മയക്കുമരുന്നുകൾ പിടിച്ചെടുത്തു. കസ്റ്റംസ്, നർക്കോട്ടിക് കൺട്രോൾ ബ്യൂറോ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കൊച്ചിയിലേക്ക് വലിയ രീതിയിൽ മയക്കുമരുന്ന് എത്തിയതായുള്ള രഹസ്യ വിവരത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത്.
ശനിയാഴ്ച രാത്രി 11.40-ഓടെയാണ് സംഘം പരിശോധനയ്ക്കായി എത്തിയത്. റെയ്ഡിന്റെ വിവരം പുറത്തുവരാതിരിക്കാൻ അതീവ രഹസ്യമായിട്ടായിരുന്നു ഉദ്യോഗസ്ഥർ ഹോട്ടലിലെത്തിയത്. രഹസ്യമായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കൊച്ചി നഗരത്തിലെ നാലു ഹോട്ടലുകളിലും ഫോർട്ട്‌കൊച്ചിയിലെ ഒരു ഹോട്ടലിലുമായാണ് പരിശോധന നടന്നത്. കൈവശം ലഹരിമരുന്ന് ഉണ്ടോയെന്ന പരിശോധനയാണ് നടത്തിയത്. നിശാ പാർട്ടിക്കെത്തിയ ഓരോരുത്തരെയും വിശദമായി പരിശോധിച്ച ശേഷമാണ് വിട്ടയച്ചത്. മണിക്കൂറുകൾ നീണ്ട പരിശോധന പുലർച്ചെ രണ്ട് മണിക്കാണ് അവസാനിച്ചത്. ചക്കരപ്പറമ്പിലെ ഹോളി ഡേ ഇന്നിൽ മുന്നൂറിലധികം യുവതീ യുവാക്കളാണ് ഡി.ജെ പാർട്ടിയിൽ പങ്കെടുത്തത്. ഇവിടെ നിന്നുമാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. കസ്റ്റംസ് ഡോഗ് സ്‌ക്വാഡിലെ സ്നിഫർ ഡോഗാണ് ഒളിപ്പിച്ചുവെച്ച ലഹരിമരുന്ന് മണത്തു കണ്ടുപിടിച്ചത്.
കൊച്ചിയിലേക്ക് വ്യാപകമായി മയക്കുമരുന്ന് എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ മിന്നൽ റെയ്ഡ് നടത്തിയത്. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ മയക്കുമരുന്ന് ഉപയോഗിച്ചുള്ള റേവ് പാർട്ടികൾ നടക്കുന്നുവെന്ന രഹസ്യവിവരം ഉണ്ടായിരുന്നു. വാരാന്ത്യത്തിൽ രാത്രി തുടങ്ങി പുലർച്ചെവരെ നീളുന്ന നിശാ പാർട്ടികളെക്കുറിച്ചാണ് വിവരം ലഭിച്ചിരുന്നത്. അഞ്ച് ഹോട്ടലുകളിലും ഒരേസമയമാണ് റെയ്ഡ് നടത്തിയത്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.