- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫേസ്ബുക്ക് വഴി ഓർഡർ എടുക്കും; ബുള്ളറ്റിൽ കന്നാസുകളിലും മിനറൽ വാട്ടർ കുപ്പികളുമായി എത്തിച്ചു കൊടുക്കും; 16 ലിറ്റർ ചാരായവുമായി ദമ്പതികൾ ഏനാത്ത് പൊലീസിന്റെ പിടിയിൽ
അടൂർ: ഫേസ്‌ബുക്കിന്റെ അനന്ത സാധ്യതകൾ വാറ്റു ചാരായം കച്ചവടം ചെയ്യാൻ ഉപയോഗിച്ച ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഫേസ് ബുക്കിലൂടെ എടുത്ത ഓർഡർ ഡെലിവറി ചെയ്യാൻ വരുമ്പോഴാണ് ഇവരെ പൊലീസ് പിടികൂടിയത്. 16 ലിറ്റർ ചാരായവും കണ്ടെടുത്തു. ആലപ്പുഴ തലവടി മൂലേപ്പടി കുറ്റിയിൽ വീട്ടിൽ ഷിബു മാത്യൂ(37), ഭാര്യ പാലക്കാട് കണ്ണപ്ര വളയം വീട്ടിൽ സൗമ്യ (32) എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
ഫേസ്‌ബുക്കിൽ പരിചയപ്പെട്ട ഏനാത്ത് സ്വദേശിക്കുള്ള ചാരായവുമായി വരും വഴിയാണ് ഇവർ പിടിയിലാകുന്നത്. പാലായിൽ വാടകയ്ക്ക് താമസിക്കുന്ന ഇവർ നിയമപ്രകാരം വിവാഹിതരാണോ എന്ന കാര്യം പൊലീസ് പരിശോധിക്കുന്നുമുണ്ട്. ബുള്ളറ്റ് മോട്ടോർ സൈക്കിളിൽ കൊണ്ടു വന്നത് 16 ലിറ്റർ ചാരായമാണ്. 15 ലിറ്റർ ഒന്നിച്ച് എടുത്താൽ ലിറ്ററിന് 400 രൂപ പ്രകാരം ലഭിക്കും. അല്ലെങ്കിൽ ഒരു ലിറ്ററിന് 700 രൂപ കൊടുക്കണം.
ബിവറേജസ് തുറക്കാതിരുന്ന സമയത്ത് വില ഇതിലും അധികമായിരുന്നു. സർക്കാർ മദ്യ കച്ചവടം തുടങ്ങിയതോടെ വില പകുതിയായി കുറച്ചു. ബുള്ളറ്റിൽ അഞ്ച് ലിറ്റർ വീതം രണ്ട് കന്നാസുകളിലും ഒരു ലിറ്റർ വീതം ആറ് മിനറൽ വാട്ടർ കുപ്പിയിലുമാണ് ചാരായം സൂക്ഷിച്ചിരുന്നത്.ആവശ്യക്കാരനായി വിളിച്ച ഏനാത്ത് സ്വദേശി പൊലീസിൽ വിവരം അറിയിച്ചു.
ഇവർ വരുന്ന വിവരം അറിഞ്ഞ് തിങ്കളാഴ്ച രാത്രി ഏനാത്ത് പൊലീസ് ഇവർക്കായി വല വിരിച്ചു. പാലായിൽ നിന്ന് നേരെ ഏനാത്ത് എത്തിയ ഇവരെ തിങ്കളാഴ്ച രാത്രി ഏഴിനാണ് പിടികൂടിയത്. ഇവരെത്തുമെന്നറിഞ്ഞതോടെ പൊലീസ് വാഹന പരിശോധന
ശക്തമാക്കി. സംശയമുള്ള വാഹനങ്ങൾ ഒന്നാകെ പരിശോധിച്ചു. ഇതിനിടയിൽ പൊലീസ് വലയിൽ ഇവർ വീഴുകയായിരുന്നു. ഈ രീതിയിൽ ഇവർ നേരത്തേയും വ്യാജചാരായം കടത്തിയിരുന്നോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഏനാത്ത് ഇൻസ്പെക്ടർ പി.എസ്. സുജിത്തിന്റെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്