കണ്ണൂർ: കണ്ണൂർ പേരാവൂർ സ്വദേശിയായ നിരവധി മോഷണ കേസിലെ പ്രതി 18 വർഷത്തിനുശേഷം കാസർകോട് ജില്ലയിൽ നടന്ന മറ്റൊരു മോഷണ കേസിൽ അറസ്റ്റിൽ. 2003ൽ നടന്ന വീട് കവർച്ചാ കേസിലെ പ്രതി പേരാവൂർ കണിച്ചാർ കൊളക്കാട് മാവടിയിലെ ബി.എസ് ജോൺസണി(48)നെയാണ് രാജപുരം പൊലീസ് ഇൻസ്‌പെക്ടർ വി.ഉണ്ണികൃഷ്ണനും സംഘവും പിടികൂടിയത്.

സംഭവ സ്ഥലത്ത് നിന്നും ലഭിച്ച വിരലടയാളമാണ് മോഷ്ടാവിനെ കുടുക്കിയത്. 2003 ജൂലൈ 17നും 20നും ഇടയിൽ കാസർകോട് ജില്ലയിലെ കള്ളാറിലെ റിട്ടയേർഡ് അദ്ധ്യാപകൻ ജോർജ് കുട്ടിയുടെ വീട്ടിൽ നടന്ന കവർച്ചാ കേസിലാണ് പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തത്.
ജോർജ്കുട്ടിയും കുടുംബവും ബാംഗ്ലൂരിലെ ബന്ധു വീട്ടിൽ പോയി തിരിച്ചുവന്നപ്പോഴാണ് വീട് കുത്തിതുറന്ന നിലയിൽ കണ്ടത്.

അന്ന് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി വിരലടയാളങ്ങൾ ശേഖരിച്ചിരുന്നു. മാസങ്ങളോളം കേസന്വേഷിച്ചെങ്കിലും പ്രതിയെ കുറിച്ച് യാതൊരു തുമ്പും ലഭിച്ചില്ല. പിൽകാലത്ത് പഴയ കേസുകൾ അന്വേഷണം നടത്താൻ നിർദ്ദേശം ലഭിച്ചതോടെ ഇൻസ്പെക്ടർ ഉണ്ണികൃഷ്ണനും എസ്‌ഐ സലീം, സിവിൽ പൊലീസ് ഓഫിസർമാരായ എൻ.പി സനീഷ്, അമൽശങ്കർ, ഡ്രൈവർ സുരേഷ് എന്നിവർ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പേരാവൂരിൽ വാടക ക്വാട്ടേർസിൽ കഴിയുന്ന പ്രതി പിടിയിലായത്. ചിറ്റാരിക്കാൽ, ഇരിട്ടി, ആലക്കോട്, പയ്യന്നൂർ, പരിയാരം, പഴയങ്ങാടി, തളിപ്പറമ്പ് പൊലീസ് സ്റ്റേഷനുകളിലും മോഷണ കേസുകളുണ്ട്. പ്രതിയെ ഹോസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു