പത്തനംതിട്ട: സ്വകാര്യ ബസിൽ കണ്ടക്ടർ ആയി ജോലി ചെയ്യുമ്പോൾ 15 വയസുള്ള പ്ലസ് വൺ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് വശത്താക്കുകയും വിവിധ സ്ഥലങ്ങളിൽ കൊണ്ടു പോയി പീഡിപ്പിക്കുകയും ചെയ്ത കേസിൽ പ്രതിയായ സ്വകാര്യ ബസ് കണ്ടക്ടറെ കോടതി ശിക്ഷിച്ചു.

കടമ്പനാട് പോരുവഴി ഏഴാംമൈൽ പരുത്തി വിള വടക്കേവീട്ടിൽ രഞ്ജിത്തിനെ (25)യാണ് പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി ജയകുമാർ ജോൺ ആറു വർഷം തടവിനും 35,000 രൂപ പിഴ ഒടുക്കാനും വിധിച്ചത്. ഐപിസി 366 പ്രകാരം മൂന്നു വർഷം തടവും പതിനായിരം രൂപ പിഴയും പോക്സോ വകുപ്പ് എട്ട് പ്രകാരം മൂന്നു വർഷം തടവും 25,000 രൂപ പിഴയും നൽകാൻ കോടതി വിധിച്ചു.

2015 ലാണ് കേസിന് ആസ്പദമായ സംഭവം. അടൂർ പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന എംജി സാബുവാണ് കേസ് അന്വേഷിച്ചത്. ബസിൽ സ്ഥിരമായി യാത്ര ചെയ്തുള്ള പരിചയം വച്ചാണ് പ്രതി പെൺകുട്ടിയെ വശത്താക്കിയത്. തുടർന്ന് വീട്ടിൽ നിന്ന് കടത്തിക്കൊണ്ടു വന്ന ആദ്യം ഒരു സുഹൃത്തിന്റെ വീട്ടിലാക്കി അവിടെ വച്ച് ലൈംഗികാതിക്രമം നടത്തി. ഇവിടെ നിന്ന് പിന്നീട് മറ്റൊരു സുഹൃത്തിന്റെ വീട്ടിലെത്തി. സുഹൃത്തിന്റെ ഭാര്യ പെൺകുട്ടിയുമായി സംസാരിച്ചപ്പോൾ ചതിയിൽപ്പെടുത്തി കൊണ്ടു വന്നതാണെന്നും കുട്ടിയെ കാണാത്തതിന് അടൂർ സ്റ്റേഷനിൽ കേസ് ഉണ്ടെന്നും മനസിലായി.

തുടർന്ന് ഈ വീട്ടമ്മ തന്ത്രപൂർവം പെൺകുട്ടിയെയും പ്രതിയെയും അടൂർ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ മാതാവിന്റെ സംരക്ഷണയിൽ വിട്ടു. പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി പ്രിൻസിപ്പൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായി.