- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്ടാപ്പകൽ വീടിന്റെ ഒന്നാം നിലയിലെ മുറിയിൽ നിന്ന് 35 പവൻ സ്വർണം മോഷ്ടിച്ചു; അയൽവീട്ടിൽ കർട്ടൻ ഇടാനെത്തിയവരെ സംശയം; സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസ്: സംഭവം തിരുവല്ല കറ്റോട്
തിരുവല്ല: വീടിന്റെ ഒന്നാം നിലയിലെ മുറിയിൽ സൂക്ഷിച്ചിരുന്ന 35 പവൻ സ്വർണം പട്ടാപ്പകൽ മോഷ്ടിക്കപ്പെട്ടുവെന്ന് പരാതി. കറ്റോട് വല്യവീട്ടിൽ പടി സാബു ഏബ്രഹാമിന്റെ വീട്ടിലാണ് ശനിയാഴ്ച വൈകിട്ട് നാലരയോടെ മോഷണം നടന്നത്. അയൽവീട്ടിൽ കർട്ടൻ ഇടാനെത്തിയ സംഘത്തെയാണ് സംശയിക്കുന്നത്. സംഭവ സമയം സാബുവിന്റെ മരുമകൾ മുത്ത് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഒന്നാം നിലയിലെ മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് മോഷണം പോയത്.
മുത്ത് താഴത്തെ നിലയിൽ നിൽക്കുമ്പോൾ മോഷ്ടാവ് ഒന്നാം നിലയിൽ കടന്നുവെന്നാണ് സൂചന. ഒന്നാം നിലയിലെ ബാൽക്കണിയുടെ വാതിൽ തുറന്ന നിലയിലായിരുന്നു. അയൽ വാസിയുടെ വീടിന്റെ മതിൽ വഴി സാബുവിന്റെ വീടിന്റെ ഷെയ്ഡിലൂടെ മോഷ്ടാക്കൾ വീടിനുള്ളിൽ കടക്കുകയായിരുന്നു എന്നാണ് സംശയിക്കുന്നത്.
സാബുവിന്റെ വീടിന്റെ ഷെയ്ഡിൽ അപരിചിതനായ ഒരാൾ നിൽക്കുന്നത് അയൽവാസിയായ കുഞ്ഞുമോളുടെ മകൻ ജസ്റ്റിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഉടൻ തന്നെ ജസ്റ്റിൻ മാതാവ് കുഞ്ഞുമോളെ വിവരമറിയിച്ചു. കുഞ്ഞുമോൾ സാബുവിന്റെ വീട്ടിലെത്തി വീടിന്റെ ഷെയ്ഡിൽ അജ്ഞാതനെ കണ്ട വിവരമറിയിച്ചു. തുടർന്ന് മുത്തും കുഞ്ഞുമോളും ചേർന്ന് ഒന്നാം നിലയിലെത്തി നടത്തിയ പരിശോധനയിലാണ് സ്വർണം നഷ്ടമായ കാര്യം അറിഞ്ഞത്. സംഭവത്തിൽ തിരുവല്ല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് പറഞ്ഞു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്