- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുലർച്ചെ തുറന്ന ബേക്കറിയിൽ സാധനം വാങ്ങാനെന്ന വ്യാജേന എത്തി; മേശവലിപ്പിൽ നിന്ന് മോഷ്ടിച്ചത് 30,000 രൂപ; യാതൊരു സൂചനയും കിട്ടാത്ത കേസിൽ വന്ന വാഹനത്തിന്റെ നിറം നോക്കി പ്രതിയെ അറസ്റ്റ് ചെയ്തു: അടൂർ പൊലീസിന് നേട്ടം
അടൂർ: പുലർച്ചെ നാലരയോടെ തുറന്ന ബേക്കറിയിൽ വന്ന് സാധനം വാങ്ങാനെന്ന വ്യാജേനെ നിന്ന് മേശവലിപ്പിൽ നിന്ന് 30,000 രൂപ മോഷ്ടിച്ചു കടന്ന പ്രതിയെ, അയാൾ വന്ന വാഹനത്തിന്റെ നിറം നോക്കി നടത്തിയ അന്വേഷണത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളോ മറ്റ് സൂചനകളോ ഇല്ലാതിരുന്ന കേസിൽ പത്രം ഏജന്റുമാർ പറഞ്ഞു കൊടുത്ത വാഹനത്തിന്റെ നിറം പിന്തുടർന്നായിരുന്നു പൊലീസിന്റെ അന്വേഷണം.
കൊല്ലം മുളവന ആൽത്തറമൂട് കാഞ്ഞിരോട് ചേരിയിൽ മുകളുവിള വീട്ടിൽ നിന്നും ശൂരനാട് തെക്ക് പതാരം കിടങ്ങയം നടുവിൽ വാർഡിൽ വാടകയ്ക്ക് താമസിക്കുന്ന രമണൻ ശ്യാംകുമാറി(32) നെയാണ് അടൂർ ഇൻസ്പെക്ടർ ടിഡി പ്രജീഷ് അറസ്റ്റ് ചെയ്തത്.
ഡിസംബർ 30 ന് പുലർച്ചെ നാലിന് പെരിങ്ങനാട് 14-ാം മൈൽ ജങ്ഷനിലെ ചിം ചിം ബേക്കറിയുടെ മേശവലിപ്പിൽ നിന്നുമാണ് ഇയാൾ അതിവിദഗ്ധമായി പണം മോഷ്ടിച്ചത്.
ബേക്കറി ഉടമ സുഭാഷ് കട തുറന്നതിന് പിന്നാലെ സാധനം വാങ്ങാനെന്ന വ്യാജേനെ എത്തിയ പ്രതി തന്ത്രപൂർവം പണം കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു. പണം നഷ്ടമായ വിവരം മനസിലാക്കിയ സുഭാഷ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ആദ്യഘട്ടത്തിൽ പ്രതിയോ ഇയാൾ വന്ന വാഹനമോ പൊലീസിന് തിരിച്ചറിയാൻ കഴിഞ്ഞില്ല.
പുലർച്ചെ സ്ഥലത്തുണ്ടായിരുന്ന പത്രം ഏജന്റുമാർ പ്രതിയുടെ വാഹനത്തിന്റെ നിറം പൊലീസിന് പറഞ്ഞു കൊടുത്തു. ഇതനുസരിച്ച് പൊലീസ് വിവിധ സ്ഥലങ്ങളിൽ സിസിടിവി കാമറകൾ പരിശോധിച്ചു. സമയവും തീയതിയും നോക്കി ഇതിൽ നിന്നും പ്രതി സഞ്ചരിച്ച വാഹനം പൊലീസ് തിരിച്ചറിഞ്ഞു. ആലപ്പുഴ, അമ്പലപ്പുഴ മേഖലകളിൽ വാടകയ്ക്ക് താമസിക്കുന്ന ആളാണ് പ്രതിയെന്നായിരുന്നു ആദ്യ വിവരം. ഇതനുസരിച്ച് പൊലീസ് അമ്പലപ്പുഴ കേന്ദ്രീകരിച്ചു അന്വേഷണം തുടങ്ങി.
എന്നാൽ, ഇയാൾ ഏതാനും മാസം മുൻപ് അവിടെ നിന്നും പോയതായി കണ്ടെത്തി. തുടർന്ന് കുണ്ടറ, കൊല്ലം, ശാസ്താംകോട്ട, കായംകുളം തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ശാസ്താംകോട്ട പള്ളിശേരിക്കലുള്ള വാടകവീട്ടിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. മൂന്ന് മാസം മുമ്പ് പന്തളം പൊലീസ് സ്റ്റേഷൻ പരിധിയിൽ സമാന കുറ്റകൃത്യം നടത്തിയതിന് പിടിയിലായ പ്രതി ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം നടത്തുകയായിരുന്നു.
കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി ഇത്തരത്തിൽ നിരവധി തട്ടിപ്പുകൾ ഇയാൾ നടത്തിയിട്ടുണ്ടെന്ന വിലയിരുത്തലിലാണ് പൊലീസ്. പ്രായമായ ആളുകളും സ്ത്രീകളും നടത്തുന്ന കടകൾ ആണ് തട്ടിപ്പിനായി തെരഞ്ഞെടുക്കുന്നത്. മോഷ്ടിച്ചു കിട്ടുന്ന പണം കൊണ്ട് സുഖ ജീവിതം നയിക്കും. പ്രതിയുടെ വാടക വീട്ടിൽ രണ്ടു കാറും ഒരു പിക്കപ്പും ഉൾപ്പെടെ നാലു വാഹനങ്ങൾ ഉണ്ടായിരുന്നു.
തട്ടിപ്പ് നടന്ന വിവരം കടയുടമകൾ അറിയാൻ താമസിക്കുന്നതും ദൂര സ്ഥലങ്ങളിൽ പോയി മോഷണം നടത്തുന്നതും കാരണം പലപ്പോഴും പരാതികൾ സ്റ്റേഷനിൽ ലഭിക്കാറില്ല. ഇത് പ്രതിക്ക് മോഷണം നടത്താനുള്ള പ്രചോദനമായി മാറി. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ നിർദ്ദേശ പ്രകാരം ഡിവൈ.എസ്‌പി ആർ. ബിനുവിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിലെ ഇൻസ്പെക്ടർ ടിഡി പ്രജീഷ്, എസ്ഐ എം. മനീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ്, റോബി, പ്രവീൺ, അൻസാജു, അമൽ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്