കണ്ണുർ: വിവിധയിടങ്ങളിൽ കവർച്ച നടത്തിയയാൾ കതിരൂർ പൊലീസിന്റെ പിടിയിൽ. മട്ടന്നൂർ വെമ്പടി സ്വദേശി രാജീവൻ എന്ന സജീവനാണ് അറസ്റ്റിലായത്. പാനൂർ മാക്കുനിയിലെ പലചരക്കുകട, കതിരൂർ ചുണ്ടങ്ങാപൊയിൽ കക്കറയിലെ വൈരീ ഘാതകൻ ക്ഷേത്രം,കൂത്തുപറമ്പ് പൂക്കോടെ പല ചരക്ക് കട എന്നിവിടങ്ങളിൽ കവർച്ച നടത്തിയ കേസിലാണ് സജീവനെ അറസ്റ്റ് ചെയ്തത്. മട്ടന്നൂർ മണ്ണൂർ സ്വദേശിയായ ഇയാൾ നിലവിൽ വെമ്പടിയിലാണ് താമസം.

കഴിഞ്ഞ മാസം 14 ന് പുലർച്ചെ പാനൂർ സ്റ്റേഷൻ പരിധിയിലെ മാക്കുനിയിലെ ജനാർദനൻ എന്നയാളുടെ കടയുടെ മേശവലിപ്പിൽ സൂക്ഷിച്ച 35,000 ത്തോളം രൂപയും, ചുണ്ടങ്ങാപോയിലിലെ വൈരീ ഘാതകൻ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്ന് എട്ടായിരത്തോളം രൂപയും,
16 ന് കൂത്തുപറമ്പ് പൂക്കോടെ സി രമേശിന്റെ ഉടമസ്ഥയിലുള്ള പല ചരക്ക് കടയുടെ ഷട്ടറിന്റെ പൂട്ട് തകർത്ത് 27,000 ത്തോളം രൂപയും കവർന്നത് സജീവനാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു.

പ്രതി കതിരൂർ അഞ്ചാം മൈൽ മുതൽ പൊന്ന്യം പാലം മാക്കു നിവരെ കയ്യിൽ കമ്പിപ്പാരയുമായി നടന്നു നീങ്ങുന്ന ദൃശ്യങ്ങൾ നേരത്തെ പൊലീസിന് ലഭിക്കുകയും ഇത് പുറത്ത് വിടുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കഴിഞ്ഞ ദിവസം പൊന്ന്യം പാലത്ത് വച്ച് സജീവൻ പിടിയിലായത്. എസ്‌ഐമാരായ രാജേഷ്, അനുലാൽ, സിവിൽ പൊലീസ് ഓഫീസർമാരായ മിതോഷ്, പ്രജിത്ത്,സനോജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇരിക്കൂർ, മട്ടന്നൂർ, ചക്കരക്കൽ തുടങ്ങിയ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മോഷണക്കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.