പത്തനംതിട്ട: ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കു തർക്കത്താലുള്ള വിരോധം നിമിത്തം യുവാവിനെ സുഹൃത്തിന്റെ വീട്ടിൽ കയറി മാരകമായി കുത്തിപ്പരുക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ. കാരംവേലി പുതുവേലിൽ തോമസ് ചാക്കോയെ കുത്തിക്കൊല്ലാൻ ശ്രമിച്ചതിന് ആറന്മുള മുക്കാട് കാരംവേലിൽ സ്വദേശി ബിജി കെ ജോർജി(41)നെയാണ് ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 27 ന് രാത്രി ഏഴിനാണ് സംഭവം. കോഴഞ്ചേരി പാർക്ക് ബാറിൽ വച്ച് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. ഈ മുൻവിരോധം മനസിലുണ്ടായിരുന്ന പ്രതി ആറന്മുള തെക്കേമലയിലുള്ള സുഹൃത്ത് അച്ചൻകുഞ്ഞിന്റെ വീട്ടിൽ ഇരിക്കുകയായിരുന്ന തോമസ് ചാക്കോയെ മടക്കു പിച്ചാത്തി കൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു. വയറ്റത്തും ഇടതു തോളിലും തലയിലും ഇടതു കണ്ണിനു താഴെയുമാണ് കുത്തേറ്റത്.

ഇലവുംതിട്ട പൊലീസ് ഇൻസ്പെക്ടർ അയൂബ് ഖാൻ ആണ് അന്വേഷണം നടത്തിയത്. എസ്‌ഐമാരായ രാജീവ്, അനിരുദ്ധൻ, എഎസ്ഐ നൗഷാദ്, പൊലീസുകാരായ മനീഷ്, അനൂപ്, മുബാറക്, വിപിൻ, താജുദ്ദീൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.