പത്തനംതിട്ട: വിദേശജോലിക്ക് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ചെയ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ. പുല്ലാട് ആലുംമൂട്ടിൽ രാജീവ് മാത്യു (39)വിനെയാണ് പൊലീസ് ഇൻസ്പെക്ടർ ജി. സുനിലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ഇയാൾക്കെതിരെ ജില്ലയിലും പുറത്തുമായി വിവിധസ്റ്റേഷനുകളിൽ പരാതിയുണ്ടെന്ന്പൊലീസ് പറഞ്ഞു.ഇലന്തൂർ വാഴവിള വീട്ടിൽ ജോൺസൺ, റാന്നി ഈട്ടിമൂട് ആഞ്ഞിലിമൂട്ടിൽ ജേക്കബ്ബ് ഏബ്രഹാം, കല്ലിശ്ശേരി ചരിവുപറമ്പിൽ ലീലാമ്മ പുന്നൂസ് എന്നിവരിൽ നിന്നാണ് പണം തട്ടിയത്. ഒരു ലക്ഷത്തിലധികം രൂപയാണ് ഇയാൾ തട്ടിയെടുത്തത്.

2016 ലും 18 ലും സമാനമായ പരാതിയിന്മേൽ ഇയാൾക്കെതിരേ പത്തനംതിട്ട സ്റ്റേഷനിലും 2012 ൽ കോയിപ്രം സ്റ്റേഷനിലും പരാതിയുണ്ട്. ജില്ലാ പൊലസീ് മേധാവി സ്വപ്നിൽ മധുകർ മഹാജന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട ഡിവൈ.എസ്‌പി കെ. സജീവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. എസ്ഐ കെ. സണ്ണി, എഎസ്ഐമാരായ അനിൽകുമാർ, മനോജ്, സിപിഓമാരായ അനുരാജ്, രതീഷ്, മഹേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.