അടൂർ: സ്ത്രീധന പീഡന മൂലം യുവതി ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ. കരുനാഗപ്പള്ളി, പണ്ടാര തുരുത്ത് അയണിവേലി കുളങ്ങര കല്ലുപുരയിൽ ബാബുവിന്റെയും സതിയുടേയും മകൾ അമ്മു (22) തൂങ്ങിമരിച്ച കേസിൽ ഏനാത്ത് വയല എം ജി ഭവനം വീട്ടിൽ ജിജി ജോയ് (31), ഇയാളുടെ പിതാവ് ജോയ് (63), മാതാവ് (സാറാമ്മ (58) എന്നിവരെയാണ് ഡിവൈ.എസ്‌പി ആർ. ബിനുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

ജനുവരി 31 നാണ് അമ്മു ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ചത്. മരണത്തിൽ സംശയമുയർന്നതിനെ തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു 2017 ലാണ് ഇരുവരുടെയും വിവാഹം നടന്നത്. സ്ത്രീധനത്തിന്റെ പേരിൽ പെൺകുട്ടിയെ ഭർത്തൃഗൃഹത്തിൽ ഭർത്താവും മാതാപിതാക്കളും പീഡനങ്ങൾക്ക് വിധേയമാക്കിയതായി കണ്ടതിനെ തുടർന്നാണ് അറസ്റ്റ്. സ്ത്രീധന-ഗാർഹിക പീഡനത്തിനെതിരെയുള്ള വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

സ്ത്രീധനം ആവശ്യപ്പെട്ട് ജിജിയും വീട്ടുകാരും പെൺകുട്ടിയുമായി വഴക്ക് പതിവാ യിരുന്നെന്ന് പൊലീസ് പറഞ്ഞു. അഞ്ചു ലക്ഷം രൂപ പെൺകുട്ടിയുടെ വീട്ടുകാർ നേരത്തെ നല്കിയിരുന്നു. അതിന് ശേഷമാണ് കൂടുതൽ തുക ആവശ്യപ്പെട്ട് പീഡനം തുടർന്നതെന്ന് പൊലീസ് പറഞ്ഞു.

അമ്മുവിനെ കൊണ്ട് വെള്ളം കോരിക്കുന്നത് പതിവായതോടെ പെൺകുട്ടിയുടെ വീട്ടുകാർ മോട്ടോർ വാങ്ങി നല്കിയെങ്കിലും രണ്ട് ദിവസം മാത്രമേ പൈപ്പിലൂടെ വെള്ളം എടുക്കാൻ അനുവദിച്ചുള്ളൂവെന്നും ടെലിവിഷൻ കാണാനും അനുവദിച്ചിരുന്നില്ല എന്ന് പൊലീസ് പറഞ്ഞു. അന്വേഷണ സംഘത്തിൽ പൊലീസ് ഇൻസ്പെക്ടർ സുജിത്, എസ് ഐ സുരേഷ് ബാബു, സി പി ഓമാരായ പുഷ്പദാസ്, കിരൺകുമാർ, ശ്യാം എന്നിവരുമുണ്ടായിരുന്നു.