അടൂർ: പ്ലസ് വണിന് പഠിക്കുന്ന പതിനാറുകാരിയുടെ ഫോട്ടോ കൈക്കലാക്കി മോർഫ് ചെയ്യുകയും ഭീഷണിപ്പെടുത്തി മൂന്നു പവൻ സ്വർണവും 70,000 രൂപയും കൈക്കലാക്കുകയും ചെയ്ത കേസിൽ മൂന്നു പ്രതികൾ അറസ്റ്റിൽ. ആലുവ പാനായിക്കുളം പൊട്ടൻകുളം പി.എസ്. അലക്സ് (21), പന്തളം മെഡിക്കൽ മിഷൻ ആശുപത്രിക്ക് സമീപം പൂഴിക്കാട് നിർമ്മാല്യത്തിൽ അജിത്ത് (21), കുരമ്പാല പുന്തലപ്പടിക്കൽ പ്രണവ് കുമാർ (21) എന്നിവരെയാണ് ഏനാത്ത് പൊലീസ് ഇൻസ്പെക്ടർ പി എസ് സുജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

കേരളാ കഫേ എന്ന ടെലിഗ്രാം ഗ്രൂപ്പിൽ അംഗങ്ങളായിരുന്നു പെൺകുട്ടിയും പ്രതികളും. പെൺകുട്ടിക്ക് മറ്റൊരു സുഹൃത്തുമായുണ്ടാക്കിയ പിണക്കം മാറ്റിക്കൊടുക്കാമെന്ന് പറഞ്ഞ് അലക്സ് ഒരു ഫോട്ടോ കൈക്കലാക്കി. തുടർന്ന് ഇത് മോർഫ് ചെയ്ത് അശ്ലീലദൃശ്യമാക്കി മാറ്റി ഭീഷണി മുഴക്കി പണം തട്ടുകയായിരുന്നുവെന്നാണ് പെൺകുട്ടിയുടെ മൊഴി. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ബ്ലാക് മെയിലിങ് തുടങ്ങിയത്.

ഒരു ലക്ഷം രൂപയാണ് അലക്സ് ആവശ്യപ്പെട്ടത്. ഭയന്നു പോയ പെൺകുട്ടി തന്റെ കൈവശം പണമില്ലെന്ന് അറിയിച്ചു. ഭീഷണി തുടർന്നപ്പോൾ കാലിൽ കിടന്ന കൊലുസ് ഊരി നൽകി. പിന്നീട് കൈവശമുണ്ടായിരുന്ന സ്വർണം മറ്റൊരാളെ കൊണ്ട് പണയം വയ്പിച്ചും മറ്റും 70,000 രൂപയും കൈക്കലാക്കി. അജിത്തിനെയും പ്രണവിനെയുമാണ് പണം വാങ്ങാൻ പെൺകുട്ടിയുടെ അടുത്തേക്ക് അലക്സ് പറഞ്ഞയച്ചത്.

ഏനാത്ത് ചെന്നാണ് ഇവർ പണം കൈപ്പറ്റിയത്. ഇതിന് ഇവർക്ക് പ്രതിഫലം നൽകുകയും ചെയ്തു. വീട്ടിൽ അറിയാതിരിക്കാൻ വേണ്ടി പെൺകുട്ടിക്ക് ഗോൾഡ് കവറിങ് ആഭരണങ്ങൾ പ്രതി വാങ്ങി നൽകിയിരുന്നു. കഴിഞ്ഞ ദിവസം സ്‌കൂളിൽ നടന്ന കൗൺസിലിങിനിടെ പെൺകുട്ടി ഇക്കാര്യം വെളിപ്പെടുത്തി. തുടർന്ന് സ്‌കൂൾ അധികൃതർ ഏനാത്ത് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

അലക്സ് മുൻപും തട്ടിപ്പ് കേസിൽ പ്രതിയാണ്. കൂടുതൽ പ്രതികൾ കേസിൽ ഉൾപ്പെട്ടതായി സംശയിക്കുന്നു. പ്രതികളെ അവരവരുടെ വീടുകളിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
അടൂർ ഡിവൈ.എസ്‌പി ആർ. ബിനുവിന്റെ നിർദ്ദേശാനുസരണം ഏനാത്ത് ഇൻസ്പെക്ടർ പി എസ് സുജിത്ത്, എസ്ഐ ടി. സുമേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ കിരൺ, സിവിൽ പൊലീസ് ഓഫീസർ മനൂപ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.