അടൂർ: കണ്ടാൽ ആളൊരു ജിമ്മൻ. അഞ്ചാറു പൊലീസുകാർ ഒന്നിച്ചു ചെന്നാലും അടിച്ചു വീഴ്‌ത്തി രക്ഷപ്പെടും. പുലർകാലം ഓപ്പറേഷന് തെരഞ്ഞെടുക്കും. നിരവധി പിടിച്ചുപറിക്കേസുകളിൽ പ്രതിയായ ക്രിമിനലിനെ കേസ് രജിസ്റ്റർ ചെയ്ത് രണ്ടു ദിവസം കൊണ്ട് പിടികൂടി അടൂർ എസ്ഐ എം. മനേഷ്.

പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പിടിച്ചു പറി, മോഷണ കേസുകളിൽ പ്രതിയായ കായംകുളം കൃഷ്ണപുരം കളീക്കത്തറ വടക്കേതിൽ സച്ചു എന്ന് വിളിക്കുന്ന സജിത്ത് കുമാറി (36) നെയാണ് സാഹസികമായി കുടുക്കിയത്. രണ്ടു ദിവസം മുമ്പ് പിടിച്ചു പറി നടത്തിയ ശേഷം പലയിടങ്ങളിൽ കറങ്ങി നടന്ന മോഷ്ടാവിനെ ഇത്തരം കേസുകളിലെ സ്പെഷലിസ്റ്റായ എസ്ഐ മനേഷിന്റെ തന്ത്രപരമായ നീക്കമാണ് കുടുക്കിയത്.

കഴിഞ്ഞ ആറു മാസത്തിനിടെ അടൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മോഷണം, പിടിച്ചുപറി, കവർച്ച കേസുകളിലെ മുഴുവൻ പ്രതികളെയും പിടികൂടാൻ സാധിച്ചതും മനേഷിന്റെ മിടുക്കു കൊണ്ടായിരുന്നു. പന്തളം, കോന്നി, അടൂർ എന്നീ സ്റ്റേഷനുകളിലും കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും സച്ചുവിനെതിരേ കേസുണ്ട്.

മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്നാണ് ഇയാൾ പിടിച്ചുപറി നടത്തിയിരുന്നത്. ആലപ്പുഴ, കൊല്ലം, മാവേലിക്കര എന്നിവിടങ്ങളിലുള്ള പൊലീസ് സ്പെഷൽ സ്‌ക്വാഡുകൾ കാലങ്ങളായി തെരഞ്ഞു കൊണ്ടിരുന്ന അന്തർ ജില്ലാ മോഷ്ടാവാണ് ഇയാൾ. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ നിർദ്ദേശപ്രകാരം ഡിവൈ.എസ്‌പി ആർ. ബിനുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രണ്ട് ദിവസമായി തുടർച്ചയായി നടത്തിയ തെരച്ചിലിൽ ഓച്ചിറയിൽ നിന്ന് ഇന്നലെ പുലർച്ചെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊട്ടാരക്കരയിൽ നിന്നും മോഷ്ടിച്ച ബൈക്കിൽ കറങ്ങിയാണ് ഇപ്പോൾ പിടിച്ചു പറി നടത്തിയത്. ഇതുകൂടാതെ വേറൊരു ബൈക്കും ഇയാൾക്കുണ്ട്.

പൊലീസിനെ കബളിപ്പിക്കാൻ ബൈക്കിന് വ്യാജ നമ്പർ പിടിപ്പിക്കും. വേഷം മാറിയും സഞ്ചരിക്കും. സ്ഥിരമായ താമസ സ്ഥലമില്ല. പുറമ്പോക്ക് സ്ഥലങ്ങൾ, ആളില്ലാത്ത വീടുകൾ, വർക്കല, ആയിരം തെങ്ങ് തുടങ്ങിയ കടൽ തീരപ്രദേശങ്ങൾ, കനാൽ പുറമ്പോക്ക്, ആറ്റുതീരം തുടങ്ങിയ ഇടങ്ങളിൽ അന്തിയുറങ്ങുന്ന ഇയാൾ പുലർച്ചെ എണീറ്റ് മോഷണത്തിനായി നീങ്ങും. മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല. കാലങ്ങളായി പൊലീസിനെ വട്ടം കറക്കുകയായിരുന്നു.

മൂന്നു ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി നേരത്തെ 25 ഓളം കേസുണ്ടായിരുന്നു. നിലവിൽ മാവേലിക്കര, അടൂർ, പന്തളം, കോന്നി, വെണ്മണി, പുത്തൂർ, കൊട്ടാരക്കര തുടങ്ങിയ സ്റ്റേഷനുകളിലായി മാല പറിക്കൽ, മോഷണം എന്നീ കുറ്റകൃത്യങ്ങൾക്ക് 12 കേസുകളുണ്ട്. കഴിഞ്ഞ ഡിസംബറിൽ ജയിലിൽ നിന്നിറങ്ങിയ പ്രതി തുടർച്ചയായി മോഷണവും മറ്റും നടത്തി പല ജില്ലകളിൽ വിഹരിച്ചു വരികയായിരുന്നു. പൊലീസ് പലതവണ പിടിക്കാൻ ശ്രമിച്ചപ്പോഴൊക്കെ നല്ല കായിക ശേഷിയുള്ള ഇയാൾ വിദഗ്ദ്ധമായി രക്ഷപ്പെട്ടു.

പന്തളം, കോന്നി,മലയാലപ്പുഴ ഭാഗങ്ങളിൽ ഇയാളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ അടൂർ പൊലീസ് ജാഗ്രതയോടെ കനത്ത നിരീക്ഷണം നടത്തിയതിന്റെ ഫലമായാണ് അറസ്റ്റ് ചെയ്യാൻ സാധിച്ചത്. ഇയാളുടെ പൂർണ വിവരങ്ങൾ ശേഖരിച്ച പൊലീസ് മോഷണ ശ്രമം നടത്താൻ സാധ്യതയുള്ള പ്രദേശങ്ങളിലെ സി.സി.ടി.വി ഉള്ള വീടുകൾ കേന്ദ്രീകരിച്ച് വലവീശുകയായിരുന്നു. അന്വേഷണ സംഘത്തിൽ പൊലീസ് ഇൻസ്പെക്ടർ ടി. ഡി. പ്രജീഷ്, എസ്‌ഐ മാരായ എം. മനീഷ്, വിമൽ രംഗനാഥ്, സി.പി.ഓ മാരായ സൂരജ് ആർ. കുറുപ്പ്, ഡാൻസാഫ് സംഘത്തിലെ സി.പി.ഓമാരായ സുജിത്, അഖിൽ എന്നിവരാണ് ഉണ്ടായിരുന്നത്.