- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീഡനം നടന്നത് 18 തികയാൻ മൂന്നു മാസം ബാക്കി നിൽക്കേ; പെൺകുട്ടി ഗർഭിണി ആയതോടെ പോക്സോ പ്രതിയാകുമെന്ന് വന്നപ്പോൾ മുങ്ങി; 18 തികഞ്ഞതിന് പിന്നാലെ വിവാഹം കഴിച്ചു; മുൻകൂർ ജാമ്യഹർജി പരിഗണിക്കും മുൻപ് പ്രതി അറസ്റ്റിൽ
കൂടൽ: പ്രണയത്തെ തുടർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. പെൺകുട്ടിക്ക് 18 തികയാൻ മൂന്നു മാസം മാത്രമുള്ളപ്പോൾ പീഡിപ്പിക്കുകയും പിന്നാലെ ഗർഭം ധരിക്കുകയുമായിരുന്നു. ഇരയ്ക്ക് 18 തികഞ്ഞതിന് പിന്നാലെ അഭിഭാഷകന്റെ സാന്നിധ്യത്തിൽ വിവാഹം കഴിക്കുകയും ഹൈക്കോടതിയിയിൽ മുൻകൂർ ജാമ്യഹർജി നൽകുകയും ചെയ്ത ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ആണ് പൊലീസ് പിടികൂടിയത്.
കലഞ്ഞൂർ നിരത്തുപാറ കള്ളിപ്പാറയിൽ തെക്കേചരുവിൽ രഞ്ജിത്തി(26) നെയാണ് കൂടൽ പൊലീസ് ഇൻസ്പെക്ടർ പുഷ്പകുമാറിന്റെ നേതൃത്വത്തിൽ എറണാകുളം നേവൽ ബേസിന് സമീപമുള്ള കാർഗോ കമ്പനിയിൽ നിന്നും അറസ്റ്റ് ചെയ്തത്. അഞ്ചൽ ഉത്രവധക്കേസ് തെളിയുന്നതിന് കാരണക്കാരനായ ഇൻസ്പെക്ടർ പുഷ്പകുമാറിന്റെ മറ്റൊരു അന്വേഷണ ചാതുരിയാണ് പ്രതി അറസ്റ്റിലാകാൻ കാരണം.
ഏറെ നാടകീയത നിറഞ്ഞ കേസാണിത്. പ്രതിയും ഗർഭിണിയായ പെൺകുട്ടിയും അയൽവാസികളായിരുന്നു. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. ഇതിനിടെ പെൺകുട്ടി ഗർഭിണിയായെന്ന വിവരം ചൈൽഡ് ലൈനിന് മുന്നിലെത്തി. ഈ സമയം കുട്ടിക്ക് 18 തികയാൻ മൂന്നു മാസം കൂടിയുണ്ടായിരുന്നു. ചൈൽഡ് ലൈനിന്റെ അറിയിപ്പ് പ്രകാരം പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു.
2020 സെപ്റ്റംബർ മുതൽ കഴിഞ്ഞ ഒക്ടോബർ വരെയുള്ള കാലയളവിൽ പ്രതിയുടെയും പെൺകുട്ടിയുടെയും വീടുകളുടെ സമീപം വച്ചാണ് പീഡനം നടന്നത്. ഗർഭിണിയായ പെൺകുട്ടിയെ ചൈൽഡ് ലൈൻ ഇടപെട്ട് കോഴഞ്ചേരി മഹിളാ മന്ദിരത്തിലേക്ക് മാറ്റി. പെൺകുട്ടി ഇപ്പോൾ അഞ്ചു മാസം ഗർഭിണിയാണ്. പൊലീസ് കേസ് എടുത്ത വിവരമറിഞ്ഞ് പ്രതി രഞ്ജിത്ത് മുങ്ങി. പെൺകുട്ടിക്ക് 18 തികഞ്ഞതിന് പിന്നാലെ അഭിഭാഷകന്റെ സാന്നിധ്യത്തിൽ ഇരുവീട്ടുകാരും ചേർന്ന് പ്രതിയുമായി വിവാഹം നടത്തി. പൊലീസ് എടുത്ത പോക്സോ കേസിൽ മുൻകൂർ ജാമ്യം ലഭിക്കുന്നതിനായി വിവാഹ സർട്ടിഫിക്കറ്റ് സഹിതം ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജിയും നൽകി.
ഇതിന് പ്രതി കൊച്ചി നേവൽ ബേസിലുള്ള കാർഗോ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. ഒളിവിൽപ്പോയ സമയം പ്രതിയുടെ മൊബൈൽ ഫോൺ ഓഫായിരുന്നു. ഇരയുമായി വിവാഹം കഴിയുകയും ഹൈക്കോടതി മുൻകൂർ ജാമ്യ ഹർജി പോവുകയും ചെയ്തതിന് പിന്നാലെ പ്രതി തന്റെ ഫോൺ ഓണാക്കി. ഈ വിവരം മനസിലാക്കിയ പൊലീസ് സംഘം കാർഗോ കമ്പനിയിൽ എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അന്വേഷണസംഘത്തിൽ പൊലീസ് ഇൻസ്പെക്ടറെ കൂടാതെ എസ്ഐ ദിൽജേഷ്, എഎസ്ഐ ബിജു, എസ്സിപിഓ അജിത്, സി പി ഓ മാരായ ഫിറോസ്, അരുൺ, മായാകുമാരി എന്നിവരാണുണ്ടായിരുന്നത്
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്